നരിപ്പറ്റ റോഡിലെ അപകടങ്ങള്‍: ആശങ്കയോടെ നാട്ടുകാര്‍
കക്കട്ടില്‍: സംസ്ഥാന പാതയില്‍ നാദാപുരത്തിനും കുറ്റ്യാടിക്കുമിടയില്‍ അപകടം വര്‍ധിച്ചു വരുന്ന കവലയായി നരിപ്പറ്റ റോഡ്. കഴിഞ്ഞ ദിവസങ്ങളിലെ അപകടങ്ങളോടെയാണ് നാട്ടുകാരുടെ ആശങ്ക ഏറിയത്. നരിപ്പറ്റ, തീക്കുനി ഭാഗങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ തിരക്കേറിയ സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഇവിടെ വാഹന അപകടങ്ങള്‍ പതിവായതോടെ നാട്ടുകാരുടെ നെഞ്ചിടിപ്പ് ഏറിയിരിക്കുകയാണ്. കാല്‍നട യാത്രക്കിടെ ബൈക്കിടിച്ച് സാരമായി പരുക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന താഴെ നരിപ്പറ്റയിലെ വെങ്ങക്കണ്ടിയില് മാധവി അമ്മ മരണപ്പെട്ടിരുന്നു. കാല്‍നട യാത്രക്കാരന് ചേട്ടാക്കല് വേണുഗോപാലന്‍ ബൈക്കിടിച്ച് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്ക് ഓടിച്ച കൈവേലി സ്വദേശിക്കും സാരമായ പരിക്കുണ്ട്. അമിത വേഗതയില്‍ വരുന്ന വാഹനങ്ങള്‍ക്ക് വേഗനിയന്ത്രണ സംവിധാനങ്ങളില്ലാത്തതും, വീതി കുറഞ്ഞ റോഡായതുമാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം. സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്നിടത്ത് തന്നെ തീക്കുനി, നരിപ്പറ്റ റോഡുകള്‍ക്ക് സമീപത്തു ബസ് സ്റ്റോപ്പുകള്‍ ഉള്ളതും അപകടം വര്‍ധിക്കാന്‍ കാരണമാണ്.
വേഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ അപകടങ്ങള്‍ വരുമ്പോള്‍ മാത്രം സ്ഥാപിക്കുകയും പിന്നീട് എടുത്തുകളയുകയും ചെയ്യുന്നതായി ആക്ഷേപമുണ്ട്. സമീപത്തു തന്നെ വര്‍ക്ക് ഷോപ്പുകളുള്ളതിനാല് വാഹന തിരക്കും ഇവിടെ കൂടുതലാണ്. സംസ്ഥാന പാതയില്‍ വീതി തീരെ കുറഞ്ഞ റോഡാണിവിടെ. പാതയ്ക്കടുത്ത് തന്നെ മദ്റസ, പള്ളി, പ്രൈമറി സ്കൂള്‍, ക്ഷേത്രം എന്നിവയുമുണ്ട്. എയര്‍പോര്‍ട്ട് റോഡായി ഉയര്‍ത്തിയതോടെയാണ് ഇവിടെ അപകടം കൂടിയത്. ആവശ്യത്തിന് വീതി കൂട്ടാതെ പണി തീര്‍ത്തതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."