വസൂരി കാലത്തെ ഗുഹ ഐസൊലേഷൻ ഓർമയിൽ തൈമാഅ് പ്രദേശം
റിയാദ്: അറുപത് വർഷങ്ങൾക്ക് മുമ്പ് ആഗോള മാരിയായി പടർന്നു പന്തലിച്ച വസൂരി ബാധിച്ചപ്പോൾ ഗുഹകളിൽ ഐസൊലേഷൻ വാർഡുകൾ ഒരുക്കി രോഗത്തെ പ്രതിരോധിച്ച ഓർമയിൽ സഊദിയിലെ തൈമാഅ് ഗ്രാമം. നൂറ്റാണ്ടുകൾക്ക് മുമ്പ് സമൂദ് ഗോത്രക്കാർ താമസിച്ച ഇടങ്ങളായിരുന്ന ഈ ഗുഹനിരകളാണ് വസൂരിക്കാലത്ത് മറ്റുള്ളവരിലേക്ക് വൈറസ് വ്യാപനം ഇല്ലാതിരിക്കാൻ ഉപയോഗിച്ചിരുന്നത്. സഊദിയിലെ പടിഞ്ഞാറൻ മേഖലയിലെ തൈമാഅ് നഗരത്തിൽ നിന്നും കിഴക്ക് എട്ടു കിലോമീറ്റർ അപ്പുറത്തുള്ള ഗീറാനുൽ മുജ്ദർ മലമുകളികളാണ് ഐസൊലേഷൻ വാർഡ്‌കൾ ഒരുക്കി രോഗത്തെ പ്രതിരോധിച്ചത്.
നിലവിലെ കോവിഡ് 19 കൊറോണ വ്യാപനം പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഐസൊലേഷൻ സമ്പ്രദായം നിലവിൽ വന്നപ്പോൾ അന്നത്തെ കാലം ഓർത്തെടുക്കുകയാണ് തൈമാഅ് നിവാസികൾ. ഗുരുതരമായ രോഗമായതിനാൽ പലപ്പോഴും രോഗികൾ പരസ്പരം സഹായിച്ചായിരുന്നു ഇവിടെ കഴിഞ്ഞുകൂടിയിരുന്നത്. വെണ്ണീർ കൊണ്ടുള്ള നാട്ടുചികിത്സയായിരുന്നു അക്കാലത്ത് ഇവിടെ പ്രചാരത്തിലുണ്ടായിരുന്നതെങ്ങെങ്കിലും ചിലർ മരിക്കുകയും മറ്റു ചിലർ ഭേദമായ ശേഷം വീടുകളിലേക്ക് തിരിക്കുകയും ചെയ്തു.
അറുപത് വർഷം മുമ്പാണ് സഊദി അറേബ്യ ഉൾപ്പെടെ വിവിധ ലോക രാജ്യങ്ങളിൽ വസൂരി ബാധിച്ചത്. ഫലപ്രദമല്ലാത്ത മരുന്ന് കണ്ടുപിടിച്ചിട്ടില്ലായിരുന്ന അക്കാലത്ത് ആയിരക്കണക്കിന് പേർ രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയതായാണ് ചരിത്രം. എന്നാൽ, തൈമക്കാർ തങ്ങളുടെ നാട്ടുകാരായ രോഗികൾക്ക് മലയിലെ ഗുഹകളിൽ ഐസൊലേഷൻ വാർഡുകളൊരുക്കി രോഗവ്യാപനത്തിന് പ്രതിരോധം സൃഷ്ടിച്ചാണ് ഇതിനെതിരെ പ്രതിരോധം തീർത്തത്. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ഗുഹകളാണ് തയാറാക്കിയിരുന്നത്. തൈമയുടെ കിഴക്ക് ഭാഗത്തെ മലകളിൽ ഇന്നും ആ ഗുഹകൾ അതേപടി നിലനിൽക്കുന്നുണ്ട്. തൈമായിലെ വസൂരിക്കാരെ താമസിപ്പിച്ചത് കാരണമാണ് ഈ മല ഗുഹകൾ ഗീറാനുൽ മുജ്ദർ എന്നറിയപ്പെട്ടതെന്ന് തൈമാ പുരാവസ്തു വകുപ്പ് ഡയറക്ടർ സഊദ് മുഹമ്മദ് അൽമാദി അഭിപ്രായപ്പെട്ടു.
വസൂരി രോഗം ബാധിച്ചവരിൽ 20 ശതമാനം പേർ അക്കാലത്ത് മരണത്തിന് കീഴടങ്ങിയെന്നാണ് കണക്ക്. ബാക്കിയുള്ളവർ അന്ധതയടക്കമുള്ള വൈകല്യങ്ങളുമായി അതിജീവിച്ചു. 1967 ൽ ലോകത്ത് നിന്ന് ഈ രോഗം പൂർണമായും തുടച്ചുനീക്കാൻ ലോകാരോഗ്യ സംഘടന മുന്നിട്ടിറങ്ങി. 1977 ൽ സോമാലിയയിൽ വസൂരി പടർന്നുപിടിച്ചെങ്കിലും അത് നിയന്ത്രണ വിധേയമാക്കി. 1980 ഓടെ രോഗം പൂർണമായും ഇല്ലാതാക്കാനായെന്ന് സംഘടന പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."