പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കു ഭീഷണിയായി വലിയ ബോട്ടുകളുടെ മത്സ്യബന്ധനം
പരപ്പനങ്ങാടി: നിയന്ത്രണങ്ങളും വിലക്കുകളും മറികടന്നുള്ള വലിയ ബോട്ടുകളുടെ മത്സ്യബന്ധനം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയാകുന്നതായി പരാതി.
അശാസ്ത്രീയമായ മത്സ്യബന്ധനം, അമിത ചൂഷണം, നിരോധിത മേഖലയിലെ കടന്നുകയറ്റം തുടങ്ങി നിരവധി പരാതികളാണ് ചെട്ടിപ്പടി,വള്ളിക്കുന്ന്,ആനങ്ങാടി തീരത്തെ തൊഴിലാളികള്‍ വലിയ ബോട്ടുകളില്‍ നിന്നും നേരിടുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ഈ ബോട്ടുകളിലെ തൊഴിലാളികളെല്ലാം അന്യഭാഷാ തൊഴിലാളികളായത് കൊണ്ട് തന്നെ ഇവരുമായി ആശയവിനിമയം നടത്താനോ മറ്റോ സാധിക്കുന്നില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
ബോട്ടുകളുടെ ഇത്തരത്തിലുള്ള കടന്നുകയറ്റം കാരണം ചെറുതോണികളുടെ വലകളും മറ്റും നശിച്ചു കൊണ്ടിരിക്കുകയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രം അനുവദിച്ചിരുന്ന പ്രദേശത്ത് പോലും അനധികൃതമായി എത്തുന്ന ബോട്ടുകള്‍ക്ക് നേരത്തേ തീരത്തിന് നിശ്ചിത മീറ്റര്‍ വരെ മാത്രമേ മീന്‍ പിടിക്കാന്‍ പ്രവേശനാനുമതി ഉണ്ടായിരുന്നുള്ളു. എന്നാല്‍ സാധാരണക്കാര്‍ മീന്‍ പിടിച്ചു കൊണ്ടിരിക്കുന്ന ജലനിരപ്പില്‍ നിന്ന് തന്നെ മീന്‍ പിടിക്കാന്‍ ബോട്ടുകള്‍ എത്തുന്നത് പതിവാണ്. അരിയല്ലൂര്‍, ആനങ്ങാടി ഭാഗത്ത് വര്‍ഷങ്ങളായി നടക്കുന്ന ബോട്ടുകളുടെ ഈ ചൂഷണം മൂലം മത്സ്യസമ്പത്ത് വളരെയേറെ കുറഞ്ഞിട്ടുണ്ടെന്നും കടലിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പട്ടിണിയിലേക്ക് നയിക്കുന്ന നടപടികളില്‍ നിന്ന് ബോട്ടുടമകള്‍ പിന്തിരിയണമെന്നും ചെട്ടിപ്പടി, വള്ളിക്കുന്ന്, ആനങ്ങാടി തീരത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ബേപ്പൂര്‍ ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്. ബോട്ടുകളുടെ പേരുകള്‍ സഹിതമാണ് പരാതി സമര്‍പ്പിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."