മാങ്ങാട്ടുപറമ്പ് കാംപസിലെ പാര്‍ക്ക് കാടുകയറി നശിക്കുന്നു
മാങ്ങാട്ടുപറമ്പ്: കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാംപസിലെ പാര്‍ക്ക് ആരും തിരിഞ്ഞുനോക്കാതെ കാടുകയറി നശിക്കുന്നു. എട്ടുവര്‍ഷം മുന്‍പ് 20 ലക്ഷത്തോളം രൂപ ചെലവിട്ടാണ് ഒരേക്കറോളം സ്ഥലത്ത് മനോഹരമായ പാര്‍ക്ക് സര്‍വകലാശാല നിര്‍വിച്ചത്.
വിശ്രമസ്ഥലങ്ങള്‍, സിമന്റ് ഇരിപ്പിടങ്ങള്‍, വിശ്രമ കവാടങ്ങള്‍, നടപ്പാതകള്‍ തുടങ്ങി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ഒരുക്കിയാണു പാര്‍ക്ക് നിര്‍മിച്ചത്. ആദ്യത്തെ രണ്ടുവര്‍ഷം പാര്‍ക്ക് പരിപാലിക്കുകയും വിദ്യാര്‍ഥികളടക്കം സജീവമായി പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയിലായി. പാര്‍ക്കില്‍ മഴക്കുഴി അടക്കം നിര്‍മിച്ചെങ്കിലും പരിപാലനത്തിന്റെ അപാകംകാരണം മഴക്കാലത്ത് അതു കൊതുക് വളര്‍ത്തു കേന്ദ്രമായാണു നിലനില്‍ക്കുന്നത്. നിലവില്‍ പാര്‍ക്ക് പരിപാലിക്കുന്നതിന് ഒരുസംവിധാനവും സര്‍വകലാശാല ഒരുക്കിയിട്ടില്ല.
കാംപസില്‍ നിലവില്‍ എണ്ണൂറോളം വിദ്യാര്‍ഥികളാണു പഠിക്കുന്നത്. അതില്‍ പകുതിയോളം പേര്‍ കാംപസിലെ വിവിധ ഹോസ്റ്റലുകളിലാണു താമസിക്കുന്നത്. അത്തരം വിദ്യാര്‍ഥികള്‍ക്കും മറ്റുള്ളവര്‍ക്കും ഇടവേളകള്‍ ഫലപ്രദമായി ചെലവഴിക്കുന്നതിന് ഏറ്റവും അനുയോജ്യമായ പാര്‍ക്കായിട്ടും അധികൃതരുടെ അവഗണനയില്‍ നാള്‍ക്കുനാള്‍ നശിക്കുന്ന അവസ്ഥയിലാണ്. പാര്‍ക്കിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് ചില നടപടികള്‍ അടിയന്തരമായും സ്വീകരിക്കുമെന്നാണു കാംപസ് ഡയരക്ടര്‍ ഡോ വി.എ. വില്‍സണ്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."