മലയോരത്തെ പുഴകള്‍ വറ്റുന്നു
ആലക്കോട്: വേനല്‍ കനത്തതോടെ മലയോര മേഖലയിലെ പുഴകളിലെ നീരൊഴുക്ക് നിലയ്ക്കാന്‍ തുടങ്ങി.
മേഖലയിലെ പ്രധാന പുഴയായ കാര്‍ത്തികപുരം പുഴയില്‍ മഴമാറി ആഴ്ചകള്‍ക്കുള്ളില്‍ നീരൊഴുക്കു നിലയ്ക്കാറായതു ജനങ്ങളെ ആശങ്കയിലാക്കി. മുന്‍വര്‍ഷങ്ങളില്‍ മഴമാറി ഏതാനും മാസങ്ങള്‍ കഴിഞ്ഞാണു പുഴയിലെ നീരൊഴുക്കു കുറയുന്നതും നിലയ്ക്കുന്നതും. ഇതു വരാനിരിക്കുന്ന കൊടും വരള്‍ച്ചയുടെയും ജലക്ഷാമത്തിന്റെയും ദുസൂചനയായി. ഇത്തവണ മഴമാറിയതു മുതല്‍ കടുത്ത ചൂടാണു മലയോരത്ത് അനുഭവപ്പെടുന്നത്.
ദിനംപ്രതി ചൂടുകൂടി വരികയുമാണ്. മലയോരത്തെ പ്രധാന ജലസ്രോതസുകളാണ് മണക്കടവ്, ആലക്കോട്, കരുവഞ്ചാല്‍, പുഴകള്‍. ഇവ ചേര്‍ന്നൊഴുകുന്നതാണ് ചപ്പാരപ്പടവ് പുഴ. ഇവയിലെ നീരൊഴുക്കിനെ ആശ്രയിച്ചാണു മേഖലയിലെ ജലലഭ്യത. ഈ പുഴകള്‍ ഒഴുകുന്ന ഉദയഗിരി, ആലക്കോട്, നടുവില്‍, ചപ്പാരപ്പടവ് പഞ്ചായത്തുകളിലെ കിണറുകളിലെയും കുളങ്ങളിലെയും ജലലഭ്യത നീരൊഴുക്കിനെ ആശ്രയിച്ചാണ്. നീരൊഴുക്ക് നിലയ്ക്കുന്നതോടെ ഇവ വറ്റിതുടങ്ങും. ഇതോടെയാണ് ജലക്ഷാമം ആരംഭിക്കുന്നത്.
മലയോരത്ത് വര്‍ഷംതോറും വരള്‍ച്ചയുടെ കാഠിന്യം കൂടിവരികയാണ്. പുഴകള്‍ സംരക്ഷിക്കുന്നതില്‍ അധികൃതര്‍ കാട്ടുന്ന അലംഭാവമാണു പുഴകളുടെ ശോഷണത്തിനും നാശത്തിനും കാരണമാകുന്നത്. പുഴകള്‍ക്കും പുഴയോരങ്ങള്‍ക്കും നേരെയുള്ള കൈയേറ്റങ്ങള്‍ വര്‍ധിച്ചുവരികയാണ്.
നീരൊഴുക്ക് തടസപ്പെടുത്തിക്കൊണ്ടാണ് പലരും കയ്യാല കെട്ടി പുഴ കൈയേറുന്നത്. മലയോരത്തെ പ്രധാന മൂന്നു പുഴകളിലും ഇത്തരത്തില്‍ നിരവധി കൈയേറ്റങ്ങള്‍ കാണാം.
റീ സര്‍വെ നടക്കാത്തതിനാല്‍ കൈയേറ്റങ്ങള്‍ കണ്ടെത്താനോ നിയമനടപടിക്കു വിധേയമാക്കാനോ അധികൃതര്‍ക്കു കഴിയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."