അന്നദാനം: ആരാധനാലയങ്ങള്‍ ലൈസന്‍സ് എടുക്കണം
കൊച്ചി: അന്നദാനം, പ്രസാദം, നേര്‍ച്ച മുഖേന പൊതുജനങ്ങള്‍ക്കു ഭക്ഷണം നല്‍കുന്ന എല്ലാ ആരാധനാലയങ്ങളും ലൈസന്‍സ് രജിസ്‌ട്രേഷന്‍ എടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമം 2006 നിയമം അനുശാസിക്കുന്നതുപോലെ ഭക്ഷണം നിര്‍മിക്കുകയും വിതരണം ചെയ്യുകയും വേണം.
ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഫെബ്രുവരി അഞ്ചിന് വൈകുന്നേരം 3.30ന് യോഗം ചേരും. ഈ യോഗത്തില്‍ ഫോട്ടോയും ഐ.ഡി കാര്‍ഡുമായി വരുന്നവര്‍ക്ക് അവിടെ വച്ചുതന്നെ ലൈസന്‍സ് ,രജിസ്‌ട്രേഷന്‍ അപേക്ഷിക്കുന്നതിനുളള സംവിധാനം ചെയ്തിട്ടുണ്ട്. അന്ന് അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ക്ക് അക്ഷയകേന്ദ്രത്തില്‍ അപേക്ഷിക്കാം. ഉത്തരവാദിത്തപ്പെട്ട ഭാരവാഹിയുടെ ഫോട്ടോ, ഫോട്ടോ പതിപ്പിച്ച മേല്‍വിലാസമുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഹാജരാക്കണം. ഒരു വര്‍ഷത്തേക്ക് ഫീസ് നൂറു രൂപയാണ്. അഞ്ച് വര്‍ഷത്തേക്ക് ഒന്നിച്ച് എടുക്കാം.
വന്‍തോതില്‍ പ്രസാദം നിര്‍മിച്ചു വിതരണം ചെയ്യുന്ന ആരാധനാലയങ്ങളും ലൈസന്‍സ് പരിധിയില്‍ വരുന്നതാണ് , അപേക്ഷ ഫീസ് 3000 രൂപ. ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമപ്രകാരം ഏതുതരം ഭക്ഷണ സാധനങ്ങളും പണം കൈപ്പറ്റിയോ അല്ലാതെയോ പൊതു ജനങ്ങള്‍ക്ക് വിതരണം നടത്തുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിന്ന് ലൈസന്‍സ് രജിസ്‌ട്രേഷന്‍ കരസ്ഥമാക്കണം. രാജ്യത്ത് പല ഭാഗത്തും ആരാധനാലയങ്ങളില്‍ അന്നദാനം നല്‍കുന്നതുമായി ബന്ധപെട്ടുണ്ടായ ചില അനിഷ്ട സംഭവങ്ങളുടെ ഭാഗമായി ഈ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര ഭക്ഷ്യ അതോറിറ്റി എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."