33 വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാന്‍ അബ്ദുറഹ്മാന് തടസ്സം ആശുപത്രി ബില്ല്
#നിസാര്‍ കലയത്ത്
ജിദ്ദ: 33 വര്‍ഷത്തിന് ശേഷം ആദ്യമായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന പ്രവാസിക്ക് തടസ്സമായി ആശുപത്രി ബില്ല്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിന് സമീപം കുംഭകോണം മേലേകാവേരിയിലെ അബ്ദുറഹ്മാന്‍ (63) ആണ് രോഗിയായി ഗത്യന്തരമില്ലാതെ മടങ്ങാനൊരുങ്ങിയപ്പോള്‍ തടസ്സമായി ആശുപത്രി ബില്ല് വിനയായത്.
റിയാദില്‍ നിന്ന് 200 കിലോമീറ്ററകലെ ദവാദ്മി സെന്‍ട്രല്‍ ആശുപത്രിയില്‍ 55 ദിവസമായി ചികിത്സയിലാണ് ഇദ്ദേഹം. ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ കുഴഞ്ഞുവീണാണ് അവിടെയെത്തിയത്. ഇപ്പോള്‍ അസുഖത്തിന് ശമനമായിട്ടുണ്ട്. യാത്രാരേഖകളെല്ലാം റെഡി. എന്നാല്‍ ബില്ല് കെട്ടി ആശുപ്രതിയില്‍ നിന്ന് വിടുതലായാല്‍ യാത്രയാകാം. എന്നാല്‍ അതത്ര എളുപ്പമല്ല, ചെറുതല്ല ബില്ല്. 30,000 റിയാലിന് മുകളിലാണ്. തവണ വ്യവസ്ഥയില്‍ അടയ്ക്കാന്‍ ആശുപത്രി അധികൃതര്‍ ഇളവ് നല്‍കിയിട്ടുണ്ട്. സഹായിക്കാന്‍ നില്‍ക്കുന്ന സാമൂഹിക പ്രവര്‍ത്തകന്‍ സമ്മത പത്രം നല്‍കിയാല്‍ വിടുതല്‍ നല്‍കാമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
പിതാവ് മുഹമ്മദ് സുല്‍ത്താന്‍ നേരത്തെ മരിച്ചിരുന്നു. കുടുംബത്തിന്റെ ഭാരം ചുമലിലേറ്റിയാണ് 30 വയസ്സില്‍ സഊദിയിലേക്ക് വിമാനം കയറിയത്. ഇപ്പോള്‍ അബ്ദുറഹ്മാനെ നാട്ടില്‍ കാത്തിരിക്കുന്നൊരു ഉമ്മയുണ്ട്. പെങ്ങളുണ്ട്. ഇത്രയും കാലത്തിനിപ്പുറവും അവരെയും ജന്മനാടിനെയും കുറിച്ചുള്ള ഓര്‍മകളൊന്നും മാഞ്ഞുപോയിട്ടില്ല.
ദവാദ്മിയിലെ ഒരു നിര്‍മാണ കമ്പനിയിലേക്ക് ഹെല്‍പര്‍ വിസയിലാണ് വന്നത്. കെട്ടിട, കുഴല്‍ക്കിണര്‍ നിര്‍മാണ ജോലികള്‍ ചെയ്തു. ഇതിനിടയില്‍ വാഹനമിടിച്ച് രണ്ട് തവണ ആശുപത്രിയിലായി. പിന്നീട് ദവാദ്മിയില്‍ തന്നെ കുറച്ച് കൃഷി ഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷി നടത്തി.
മരുഭൂമിയില്‍ അധ്വാനിച്ചത് കൊണ്ട് കൂടപിറപ്പ് ഫാത്തിമയുടെ വിവാഹം നടത്തി. ഇതിനിടയിലുണ്ടായ അപകടങ്ങള്‍ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. വലിയ സാമ്പത്തിക ബാധ്യതയുണ്ടായി. പച്ചക്കറി കൃഷിയും പച്ച പിടിച്ചില്ല. നാട്ടില്‍ പോകാനുള്ള സാഹചര്യങ്ങളൊന്നുമുണ്ടായില്ല. വിവാഹവും കഴിക്കാനായില്ല. ഉമ്മ ഹലീമ ബീവിക്ക് ചെലവിനാവശ്യമായ പണം അയച്ചുകൊടുത്തിരുന്നു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഒരു കരാര്‍ കമ്പനിയുടെ കീഴില്‍ ദവാദ്മിയിലെ ജി.എം.സി സര്‍വീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുകയായിരുന്നു. ഒന്നര മാസം മുമ്പ് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടയില്‍ റോഡില്‍ തളര്‍ന്നു വീണു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അബ്ദുറഹ്മാന്റെ സഹായത്തിന് വേണ്ടി ദവാദ്മി കെ.എം.സി.സി ഭാരവാഹി ഹുസൈന്‍ അലി കമ്പനിയുമായി ബന്ധപ്പെട്ടു. ഒരു വര്‍ഷമായി ഇഖാമ പുതുക്കിയിട്ടില്ല. പാസ്‌പോര്‍ട്ട് വളരെക്കാലം മുമ്പേ കാലാവധി കഴിഞ്ഞു അസാധുവായിരുന്നു. പാസ്‌പോര്‍ട്ട് രേഖകളൊന്നും കണ്ടെത്താന്‍ കഴിയാഞ്ഞതിനാല്‍ ഇന്ത്യന്‍ എംബസി ഔട്ട് പാസ് അനുവദിച്ചു. തുടര്‍ന്ന് കമ്പനിയധികൃതര്‍ എക്‌സിറ്റ് വിസയും നല്‍കി. എന്നാല്‍ ആശുപത്രിയിലെ ബീമമായ തുക തടസ്സമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."