തമ്മില്‍ത്തല്ലി പിരിയരുതെന്ന് മന്ത്രി; വീഴ്ചകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ആക്ഷേപിക്കരുതെന്ന് പ്രതിപക്ഷം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ പ്രതിപക്ഷത്തിന്റെ സഹായം ആവശ്യമാണെന്നും ഈ ഘട്ടത്തില്‍ തമ്മില്‍ തല്ലി പിരിയരുതെന്നും ആരോഗ്യ മന്ത്രി കെ.കെ.ശൈലജ . കൊവിഡ് വ്യാപനവും പ്രതിരോധവും സംബന്ധിച്ച് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീര്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയ ചര്‍ച്ചയ്ക്ക് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
കൊവിഡ് ദുരന്തം നേരിടാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമ്പാഴും പോരായ്മകളും വീഴ്ചകളും ചൂണ്ടി കാണിക്കേണ്ടത് പ്രതിപക്ഷത്തിന്റെ കടമയാണെന്നും അതു നിര്‍വഹിക്കുമ്പോള്‍ ആക്ഷേപിക്കരുതെന്നും പ്രതിപക്ഷം വ്യക്തമാക്കി.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സഭാ സമ്മേളനം വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.
സൈബര്‍ പോരാളികളെ ഇറക്കി ആക്ഷേപിച്ചാലും ആര് എങ്ങനെ വ്യാഖ്യാനിച്ചാലും കൊവിഡിന്റെ കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള ആശങ്കയും ഭീതിയും ഞങ്ങള്‍ ചോദിക്കുമെന്നും ഇവിടെ ടീച്ചറും കുട്ടികളുമല്ല മന്ത്രിയും സമാജികരുമാണെന്ന് ആരോഗ്യ മന്ത്രി ഓര്‍മിക്കണമെന്ന ആ മുഖത്തോടെയാണ് ഡോ.എം.കെ മുനീര്‍ പ്രമേയം അവതരിപ്പിച്ചത്. കൊവിഡിനെ ഒന്നാം ഘട്ടത്തില്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിഞ്ഞെങ്കിലും രണ്ടാം ഘട്ടത്തില്‍ ഇറ്റലിയില്‍നിന്ന് എത്തിയപ്പോള്‍ എയര്‍പോര്‍ട്ടില്‍നിന്നു തന്നെ നിയന്ത്രിക്കാന്‍ കഴിയുമായിരുന്ന സാഹചര്യം ഇല്ലാതാക്കിയത് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും മുനീര്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ സര്‍ക്കുലര്‍ പ്രകാരം പ്രവര്‍ത്തിക്കാന്‍ ആരോഗ്യവകുപ്പ് രാജയപ്പെട്ടു. യാത്രാ രേഖകളില്‍ വിശദാംശങ്ങളില്‍ ഉണ്ടായിരിക്കെ ഇറ്റലയില്‍നിന്ന് വന്നവര്‍ നുണ പറഞ്ഞുവെന്നതു ശരിയല്ല. ഇറ്റലി, ചൈനാ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വരുന്നവരെ 14 ദിവസം നിരീക്ഷിക്കണമെന്ന കേന്ദ്ര നിര്‍ദേശം അട്ടിമറിച്ചതാണ് സംസ്ഥാനത്തെ കൂടുതല്‍ ഭീതിയിലും ആശങ്കയില്‍ ആക്കിയതെന്നും മുനീര്‍ പറഞ്ഞു.
പ്രതിപക്ഷ ആരോപണങ്ങള്‍ തള്ളിയ മന്ത്രി വലിയൊരു ദൗത്യമാണ് നിര്‍വഹിക്കുന്നതെന്നും അതു താനും ആരോഗ്യ വകുപ്പും ഒറ്റയ്ക്കല്ല നിര്‍വഹിക്കുന്നതെന്നും വിവരിച്ചു.
വീഴ്ചകള്‍ സ്വാഭാവികമായും ഉണ്ടാകാം. ചെറിയ വീഴ്ചകളെക്കുറിച്ച് തര്‍ക്കിക്കാതെ ഒറ്റക്കെട്ടായി ഈ ദുരിത അവസ്ഥയെ നേരിടാം. പ്രതിപക്ഷ നേതാവിനെയോ പ്രതിപക്ഷത്തെയോ താന്‍ ആക്ഷേപിച്ചിട്ടില്ല. ഇറ്റലിക്കാരായ കുടുംബത്തെ താന്‍ കുറ്റപ്പെടുത്തിയിട്ടില്ല. അവര്‍ ചെയ്തത് ശരിയല്ലെന്നു പറഞ്ഞത് ബാക്കിയുള്ളവര്‍ക്ക് മുന്‍കരുതല്‍ എടുക്കാനാണ്. വാര്‍ത്താ സമ്മേളനത്തിലൂടെയല്ലാതെ എങ്ങനെ താന്‍ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കും. ഇതിനെ മീഡിയാ മാനിയയെന്നു വിളിച്ച് കുറ്റപ്പെടുത്തുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു.
ഇനിയും കൂടുതല്‍ ജാഗ്രത വേണമെന്ന വാദം ശരിയാണെന്നും എന്നാല്‍ ജനങ്ങളെ ഭയപ്പെടുത്തരുതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രോഗികളെ ഒറ്റപ്പെടുത്തി ആക്രമിക്കരുത്. ജനങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കാന്‍ കഴിയണം. എല്ലാ കാര്യങ്ങളും പത്രസമ്മേളനം നടത്തി ആശങ്ക വര്‍ധിപ്പിക്കരുതെന്നാണ് താന്‍ വ്യക്തമാക്കിയത്.വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നയതന്ത്രതലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കണം. വിസാ കാലവധി കഴിഞ്ഞിട്ടും ജോലിക്ക് കയറാന്‍ പറ്റാത്തവരെ സഹായിക്കണമെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് പ്രതിപക്ഷം അടിയന്തിര പ്രമേയം പിന്‍വലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."