മഞ്ചക്കണ്ടി ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് ശ്രീമതിക്കും വെടിയേറ്റിരുന്നു
കാളികാവ്: മഞ്ചക്കണ്ടി ഏറ്റുമുട്ടലില്‍ കാലില്‍ വെടിയേറ്റിരുന്നുവെന്ന് മാവോയിസ്റ്റ് നേതാവ് ശ്രീമതിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം ആനക്കട്ടിയില്‍ തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെ പിടിയിലായ ശ്രീമതിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ നിര്‍ണായക വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.
മഞ്ചക്കണ്ടി ഏറ്റുമുട്ടലില്‍ പങ്കെടുത്തിരുന്നതായി ശ്രീമതി ക്യൂ ബ്രാഞ്ചിന് മൊഴി നല്‍കി. യാഥാര്‍ഥ പേര് ശോഭയെന്നാണെന്നും സംഗീത, സവിത, ശ്രീമതി, പാര്‍വതി എന്നീ പേരുകളിലും അറിയപ്പെടുന്ന ആളാണ് പിടിയിലായതെന്നും ക്യൂ ബ്രാഞ്ച് പറഞ്ഞു. മഞ്ചക്കണ്ടിയില്‍ വെച്ച് തുടക്കാണ് വെടിയേറ്റതെന്നും പരുക്ക് പറ്റിയതിന് ശേഷം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നുവെന്നും ശോഭ അധികൃതര്‍ക്ക് മൊഴി നല്‍കി.
കാലില്‍ തറച്ച വെടിയുണ്ട ഇതുവരെ നീക്കം ചെയ്തിട്ടില്ലെന്നും നടക്കുമ്പോള്‍ ഇപ്പോഴും വേദനയുണ്ടെന്നും അവര്‍ മൊഴി നല്‍കി.
ഇക്കഴിഞ്ഞ ഒക്‌ടോബറിലാണ് മഞ്ചക്കണ്ടിയില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. നാലു മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് പാലക്കാട്, കോയമ്പത്തൂര്‍ അതിര്‍ത്തി കേന്ദ്രീകരിച്ചാണ് ശോഭ ഉള്‍പ്പടെ മൂന്ന് പേര്‍ താമസിച്ചിരുന്നത്. ആരുമില്ലാത്ത ആളാണെന്ന് ബോധ്യപ്പെടുത്തിയാണ് വീടുകളില്‍ അഭയം തേടിയത്.
ആദ്യം തേക്ക് പാളയത്തെ ഒരു വീട്ടിലും പിന്നീട് മൂര്‍ത്ത പാളയത്തുമാണ് താമസിച്ചിരുന്നതെന്നും ശോഭ മൊഴി നല്‍കിയിട്ടുണ്ട്. സംഘടനാ പ്രവര്‍ത്തനത്തിനിടയില്‍ കര്‍ണാടകത്തിലേക്ക് പുറപ്പെടാനിരിക്കെയാണ് ശോഭയെ പിടികൂടിയതെന്നാണ് ക്യൂ ബ്രാഞ്ച് പറയുന്നത്. മഞ്ചക്കണ്ടി ഏറ്റുമുട്ടലില്‍ മരണപ്പെട്ട ടി.എന്‍ അരവിന്ദ് എന്ന ശ്രീനിവാസന്റെ ഭാര്യയാണ് ശോഭയെന്ന് ക്യൂ ബ്രാഞ്ച് പറഞ്ഞു.
സംഘടനാ തലത്തില്‍ ശ്രീമതിയെന്ന പേരാണ് ശോഭക്ക് നല്‍കിയിട്ടുള്ളത്. ശ്രീമതിയെന്ന പേരില്‍ മറ്റൊരാള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും അങ്ങനെ ഒരാളെ കുറിച്ച് ഒരു വിവരവുമില്ലെന്നാണ് ക്യൂ ബ്രാഞ്ച് പറയുന്നത്. കോയമ്പത്തൂര്‍ ജില്ല ക്യൂ ബ്രാഞ്ച് സി.ഐ.ഡി 12020 പ്രകാരം ശോഭയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കോയമ്പത്തൂര്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ടി.ആര്‍ ശക്തിവേല്‍ മുന്‍പാകെ ഹാജരാക്കിയ ശോഭയെ റിമാന്‍ഡ് ചെയ്തു.
26 വരെയാണ് റിമാന്‍ഡ് കാലാവധി. കോയമ്പത്തൂര്‍ സെന്‍ട്രല്‍ വനിതാ ജയിലിലേക്കാണ് ശോഭയെ മാറ്റിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."