സഊദി യാത്രാവിലക്ക്: ഇളവ് ഇന്ന് അവസാനിക്കും; വിമാന ടിക്കറ്റിനായി നെട്ടോട്ടം
കോഴിക്കോട്: കൊവിഡ്- 19 പ്രതിരോധ മുന്‍കരുതലിന്റെ ഭാഗമായി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സഊദി അറേബ്യ പ്രഖ്യാപിച്ച ഇളവ് പ്രയോജനപ്പെടുത്താന്‍ പ്രവാസികള്‍ നെട്ടോട്ടത്തില്‍. 72 മണിക്കൂര്‍ യാത്രാ ഇളവാണ് സഊദി പ്രഖ്യാപിച്ചത്. ഇത് ഇന്നു രാത്രിയോടെ അവസാനിക്കും. ഈ സമയപരിധിക്കുള്ളില്‍ സഊദിയിലെത്താനുള്ള തിരക്കിലാണ് അവധിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി നാട്ടിലെത്തിയവര്‍.
അടുത്ത ആഴ്ചകളില്‍ നാട്ടിലെത്താന്‍ ഒരുങ്ങിയവരും യാത്രാവിലക്ക് മുന്‍കൂട്ടി കണ്ട് ഇന്നുതന്നെ മടങ്ങാനുള്ള ശ്രമത്തിലാണ്. ജിദ്ദയിലേക്ക് ഇന്ന് കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് എയര്‍ഇന്ത്യയുടെ ജംബോ ഉള്‍പ്പെടെ നാല് വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നുണ്ട്. ഇതിലെല്ലാം ബുക്കിങ് പൂര്‍ത്തിയായിരിക്കുകയാണ്. 35,000 മുതല്‍ 80,000 രൂപ വരെ നല്‍കിയാണ് പലരും ടിക്കറ്റ് സ്വന്തമാക്കിയത്. എയര്‍ ഇന്ത്യ ജംബോ വിമാനത്തില്‍ 400 പേര്‍ക്ക് യാത്ര ചെയ്യാനാവും. കഴിഞ്ഞ ദിവസങ്ങളില്‍ 200 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമായിരുന്നു സര്‍വിസ് നടത്തിയിരുന്നു.
യാത്രാ ഇളവ് ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്നത്തെ സര്‍വിസിന് ജംബോ വിമാനം ഉപയോഗിക്കുന്നത്. സഊദി എയര്‍ലൈന്‍സ്, ഇന്‍ഡിഗോ, സ്‌പേസ് ജെറ്റ് എന്നിവയാണ് മറ്റു വിമാനങ്ങള്‍. ഇതില്‍ ഇന്‍ഡിഗോയും സ്‌പേസ് ജെറ്റും സ്വകാര്യ ട്രാവല്‍ കമ്പനിയായ അല്‍ഹിന്ദ് ചാര്‍ട്ടര്‍ ചെയ്തതാണ്. നാല് വിമാനങ്ങളും രാത്രിയോടെ സഊദിയില്‍നിന്ന് മടങ്ങും.
നെടുമ്പാശ്ശേരി, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ന് നേരിട്ട് വിമാനം ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ കോഴിക്കോടുനിന്നുള്ള വിമാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഏതെങ്കിലും വിമാനത്തില്‍ ടിക്കറ്റ് തരപ്പെടുത്താനുള്ള ശ്രമത്തിലാണ് സഊദിയിലേക്കുള്ള യാത്രക്കാര്‍.
വിസ, ഇഖാമ കാലാവധി തീര്‍ന്നവരെയാണ് യാത്രാവിലക്ക് വെട്ടിലാക്കിയത്. അതിനാല്‍ 72 മണിക്കൂര്‍ ഇളവ് ഇവര്‍ക്ക് ഏറെ ആശ്വാസമായിരിക്കുകയാണ്. എന്നാല്‍ ആവശ്യത്തിന് വിമാന സര്‍വിസ് ഇല്ലാത്തത് യാത്രക്കാരെ കുഴക്കുന്നു.
വ്യാഴാഴ്ച അര്‍ധരാത്രി മുതലാണ് സഊദി ഭരണകൂടം 72 മണിക്കൂര്‍ യാത്രാ ഇളവ് പ്രഖ്യാപിച്ചത്. കൊവിഡ്- 19 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 12 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെട്ടതോടെയാണ് യാത്രാവിലക്ക് പ്രവാസി ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായത്. അനിശ്ചിതകാലത്തേക്കാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ ഇത് പ്രാബല്യത്തില്‍ വരുന്നതോടെ സഊദിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വിസ് നിലയ്ക്കുന്നത് ഉംറ തീര്‍ഥാടനത്തെയും ബാധിക്കും. ഭക്ഷ്യസാധനങ്ങളുടെ കയറ്റുമതിയും തല്‍ക്കാലത്തേക്ക് നിലയ്ക്കും.
അതേസമയം, യാത്രാ വിലക്കില്‍ ആശങ്ക വേണ്ടെന്ന് എയര്‍ലൈന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാമ കാലാവധി ദീര്‍ഘിപ്പിക്കാന്‍ സഊദി ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. സഊദി വിസ കാലാവധി കഴിഞ്ഞാലും ഒരുമാസം വരെ ദീര്‍ഘിപ്പിക്കാറുണ്ട്. ഇത്തവണത്തെ പ്രത്യേക സാഹചര്യത്തില്‍ ഈ ഇളവ് വര്‍ധിപ്പിക്കാനാണ് സാധ്യത. യാത്രാവിലക്കിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച മുതലുള്ള യാത്രക്കായി ബുക്ക് ചെയ്ത ടിക്കറ്റുകളെല്ലാം കാന്‍സല്‍ ചെയ്ത് മുഴുവന്‍ തുകയും തിരികെ നല്‍കാന്‍ എയര്‍ലൈന്‍ കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."