റയല്‍ മാഡ്രിഡിന് ജയം സെമിയില്‍ ബാഴ്സലോണയെ നേരിടും
മാഡ്രിഡ്: കോപ ഡെല്‍ റെയില്‍ ജിറോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ് സെമി ഫൈനലില്‍. രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജിറോണയെ 3-1ന് പരാജയപ്പെടുത്തിയാണ് റയല്‍ സെമി ഫൈനലിന് ടിക്കറ്റെടുത്തത്.
ഇരുപാദങ്ങളിലുമായി 7-3നാണ് സ്പാനിഷ് കരുത്തരുടെ വിജയം. റയലിന് വേണ്ടി കരിം ബെന്‍സേമ ഇരട്ടഗോള്‍ നേടി. 27,43 മിനുട്ടുകളിലാണ് താരം വലചലിപ്പിച്ചത്. ഈ കളിയിലെ ഇരട്ടഗോള്‍ നേട്ടത്തോടെ റയലിന്റെ എക്കാലത്തെയും വലിയ ആറാമത്തെ ഗോള്‍വേട്ടക്കാരനെന്ന റെക്കോര്‍ഡിന് ബെന്‍സേമ അര്‍ഹനായി. 209 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.
71ാം മിനുട്ടില്‍ പെഡ്രോ പോറോയിലൂടെ ജിറോണ ഒരു ഗോള്‍ മടക്കിയെങ്കിലും 76ാം മിനുട്ടില്‍ മാര്‍ക്കോസ് ലോറന്റെ നേടിയ ഗോള്‍ റയലിന്റെ വിജയം ഉറപ്പിച്ചു.
നേരത്തെ റയലിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിലും 4-2ന് റയലിനായിരുന്നു വിജയം. സെമി ഫൈനലില്‍ ചിരവൈരികളായ ബാഴ്സലോണയാണ് റയലിന്റെ എതിരാളികള്‍. ആറിനാണ് ആദ്യപാദ സെമിഫൈനല്‍ നടക്കുന്നത്. രണ്ടാം സെമിയില്‍ വലന്‍സിയയും റയല്‍ ബെറ്റിസും തമ്മില്‍ ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."