ലാഭത്തിനുവേണ്ടി സത്യങ്ങളെ മരുന്നു കമ്പനികള്‍ വളച്ചൊടിക്കുന്നു: ഡോ. അസീം മല്‍ഹോത്ര
കോഴിക്കോട്: മരുന്നു വ്യാപാരികള്‍ ലാഭത്തിനുവേണ്ടി സത്യങ്ങളെ വളച്ചൊടിക്കുകയാണെന്ന് ബ്രിട്ടനിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. അസീം മല്‍ഹോത്ര. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്തരായ ശാസ്ത്രജ്ഞരെ കൂട്ടുപിടിച്ച് വൈദ്യശാസ്ത്രരംഗത്തെ ഗവേഷണങ്ങളെ ഇവര്‍ ദുരുപയോഗം ചെയ്യുകയാണ്. മരുന്നു കമ്പനികളുടെ പിന്തുണയുള്ള ചില പ്രഗല്‍ഭര്‍ രോഗികളെ വളരെ ഗുരുതരമായി ബാധിക്കുന്ന മരുന്നുകളിലുള്ള നാല്‍പതുശതമാനത്തിലേറെ പാര്‍ശ്വഫലങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ്. ഇതിനെ ഒരു കുറ്റകൃത്യം എന്ന രീതിയില്‍ തന്നെ നേരിടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആരോഗ്യരംഗം ഇന്ന് വലിയൊരു പ്രതിസന്ധിയിലാണ്. തെറ്റായ അറിവുകളെക്കുറിച്ച് ഡോക്ടര്‍മാരും രോഗികളും ചേര്‍ന്നാണ് ഈ അവസ്ഥ ഉണ്ടാക്കിയത്. വൈദ്യശാസ്ത്ര രംഗത്തെ ഏഴു പാപങ്ങളായാണിതിനെ വിലയിരുത്തേണ്ടത്. മരുന്നു കമ്പനികളുടെ ലാഭത്തിനായുള്ള ഗവേഷണങ്ങളും മെഡിക്കല്‍ ജേര്‍ണലുകളുടെ സാമ്പത്തിക താല്‍പര്യങ്ങളും രോഗികള്‍ക്ക് നല്‍കുന്ന തെറ്റായ വിവരങ്ങളുമാണിതിലെ ആദ്യ മൂന്ന് പാപങ്ങള്‍. മാധ്യമങ്ങളെ ഉപയോഗിച്ച് പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ അറിവുകളാണ് മറ്റൊന്ന്. ആരോഗ്യ രംഗത്തെ സ്ഥിതി വിവരങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കാത്ത വൈദ്യശാസ്ത്ര വിദ്യാഭ്യാസമാണ് മറ്റൊരു പാപം.
കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള ഭക്ഷണരീതികളും മരുന്നുകളുമാണ് ഇന്നത്തെ അളവില്‍ മാറാവ്യാധികള്‍ വര്‍ധിക്കാനുള്ള കാരണം. പൂരിത കൊഴുപ്പുകള്‍ ഏറ്റവും ആരോഗ്യപരമായ ഭക്ഷണമാണ്. എന്നാല്‍ വാണിജ്യ താല്‍പര്യങ്ങള്‍ക്കുവേണ്ടി ബാബാ രാംദേവിനെപ്പോലുള്ള പലരും ഇതിനെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. കീറ്റോ ഡയറ്റ് എന്ന ഭക്ഷണരീതിയുടെ പ്രചാരണത്തിനായി കോഴിക്കോട്ടെത്തിയതായിരുന്നു ഡോ. അസീം മല്‍ഹോത്ര. ഡല്‍ഹിയിലെ ഹൃദ്രോഗ വിദഗ്ധ ഡോ. അഞ്ജലി ഹൂഡ, എന്‍.വി ഹബീബുറഹ്മാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."