മാരകകീടനാശിനി തളിയ്ക്കല്‍ വ്യാപകമാകുമ്പോഴും കൃഷിവകുപ്പ് മൗനത്തില്‍
കൊല്ലങ്കോട്: മാരകമായ കീടനാശിനി തളിയ്ക്കല്‍ വ്യാപകമാകുമ്പോഴും കൃഷിവകുപ്പ് മൗനത്തില്‍. ചിറ്റൂര്‍ താലൂക്കിലെ രണ്ടായിരത്തിലധികം ഏക്കര്‍ ഇഞ്ചി പാടശേഖരങ്ങളില്‍ നടത്തിവരുന്ന മാരകമായ കീടനാശിനികളും കളനാശിനികളും കിണറുകളിലും കുളങ്ങളിലും നിറവ്യത്യാസവും ചൊറിച്ചലും ഉണ്ടാക്കുന്നതായി വിവിധ പ്രദേശങ്ങളില്‍ നിന്നും പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടും നടപടിയില്ലാത്തതാണ് പ്രതിഷേധത്തിനു കാരണമായത്.
നെന്മാറ, കൊല്ലങ്കോട്, മുതലമട, പെരുവെമ്പ്, കൊടുവായൂര്‍, പട്ടഞ്ചേരി, പെരുമാട്ടിഎന്നീ പഞ്ചായത്തുകളില്‍ വ്യാപകമായി തുടരുന്ന ഇഞ്ചികൃഷിക്കുള്ള കീടനാശിനി സര്‍ക്കാര്‍ അംഗീകാരം നല്‍കിയ കീടനാശിനികളാണോ ഉപയോഗിക്കുന്നതെന്ന് പരിശോധിക്കുവാന്‍പോലും കൃഷിവകുപ്പ് തയാറാകുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കലക്ടറുടെ പ്രത്യേക സ്‌ക്വാഡിലെ സംഘം ഇഞ്ചിപ്പാടങ്ങളില്‍ കീടനാശിനി തളിക്കുന്നത് പരിശോധിക്കുകയും റൗണ്ട് അപ്പ് പോലുള്ള കളനാശിനികള്‍ വ്യാപകമായി ഇഞ്ചിപ്പാടങ്ങളില്‍ ഉപയോഗിക്കുന്നതായും കണ്ടെത്തി
ഇത്തരം റിപ്പോര്‍ട്ടുകള്‍ ബന്ധപ്പെട്ട കൃഷിവകുപ്പിന് അയച്ചിട്ടും നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകാത്തതാണ് പ്രതിഷേധത്തിനു കാരമായിരിക്കുന്നത്. ലാഭം മാത്രം കണ്ടുകൊണ്ടുള്ള വാണിജ്യാടിസ്ഥാനത്തില്‍ നെല്‍പ്പാടങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവരാണ് മണ്ണിനെയും പ്രകൃതിയെയും നശിപ്പിക്കുന്നതെന്ന് പരിസ്ഥിതി സംഘടനകള്‍ ആരോപിക്കുന്നു. വലിയ കന്നാസുകളില്‍ ലേബലുകള്‍ ഇല്ലാത്ത കീടനാശിനികളെ കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. കേരളസര്‍ക്കാര്‍ നിരോധിച്ച ലിസ്റ്റിലുള്ള കീടനാശിനികളാണ് തമിഴ്‌നാട്ടിലെ മീനാക്ഷിപുരം, പൊള്ളാച്ചി, കിണത്തുകടവ്, ആനമല എന്നീ പ്രദേശങ്ങളിലെ കീടനാശിനി ഡിപ്പോകളില്‍ നിന്നു വാങ്ങി കേരളത്തിലെത്തിച്ച് ഉപയോഗിക്കുന്നത്.
ഇവ പരിശോധിക്കാന്‍ കൃഷിവകുപ്പ് തയാറാവാത്തതാണ് പ്രശ്‌നങ്ങള്‍ക്കു വഴിവച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.
കുടിവെള്ള സ്രോതസുകളെവരെ മലിനമാക്കി വിഷമയമാക്കുന്ന മാരകമായ കീടമാശിനി ഉപയോഗത്തിനെതിരേ മൊബൈല്‍ ലാബുകള്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നിയമനടപടിയെടുക്കണമെന്നാണ് പരിസ്ഥിതി സംഘടനകളുടെയും നാട്ടുകാരുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."