തളിപ്പറമ്പില്‍ പട്ടാപ്പകല്‍ കാര്‍ തകര്‍ത്ത് വന്‍കവര്‍ച്ച
തളിപ്പറമ്പ് : തളിപ്പറമ്പ് നഗരമധ്യത്തില്‍ പട്ടാപ്പകല്‍ കാറിന്റെ ഗ്ലാസ് അടിച്ചുതകര്‍ത്ത് വന്‍ കവര്‍ച്ച. വ്യപാരിയായ പി.കെ ഉമ്മര്‍കുട്ടിയുടെ ഇന്നോവ കാറ് അടിച്ചു തകര്‍ത്ത് മൂന്നുലക്ഷം രൂപയും വിലപിടിച്ച രേഖകളുമാണ് മോഷ്ടിച്ചത്. ഇന്നലെ ഉച്ചക്ക് തളിപ്പറമ്പ് നഗരസഭാ ഓഫിസിനു മുന്നില്‍വച്ചായിരുന്നു സംഭവം. തളിപ്പറമ്പിലെ പി.കെ സ്റ്റീല്‍ ഉടമ മന്ന സ്വദേശിയായ പി.കെ ഉമ്മര്‍കുട്ടി തളിപ്പറമ്പ് നഗരസഭാ ഓഫിസിനു മുന്നിലെ സലഫി മസ്ജിദില്‍ ജുമാ നിസ്‌കാരത്തിനെത്തിയതായിരുന്നു. നിസ്‌കാരത്തിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് കാറിന്റെ ഡോര്‍ ഗ്ലാസ് തകര്‍ത്തനിലയില്‍ കണ്ടത്. പരിശോധിച്ചപ്പോള്‍ പിറകിലെ സീറ്റില്‍ വച്ചിരുന്ന ബാഗ് നഷ്ടപ്പെട്ടതായി മനസിലാക്കി. ഉടന്‍ തന്നെ വിവരം പൊലിസില്‍ അറിയിച്ചു. വീട്ടില്‍നിന്ന് കടയിലെ ആവശ്യത്തിനായി കൊണ്ടുപോവുകയായിരുന്ന മൂന്ന് ലക്ഷം രൂപയും വിലപിടിച്ച രേഖകളുമാണ് ബാഗില്‍ ഉണ്ടായിരുന്നത്. മന്ന ഭാഗത്തുനിന്ന് ബൈക്കിലെത്തിയ സംഘമാണ് മോഷണം നടത്തിയതെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തളിപ്പറമ്പ് എസ്.ഐ കെ. ദിനേശന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ജനുവരി 17നും സമാനമായസംഭവത്തില്‍ രണ്ടേകാല്‍ ലക്ഷം രൂപ നഷ്ടമായിരുന്നു. രണ്ടു കാറുകളായിരുന്നു അന്ന് തകര്‍ത്തത്. സംഭവത്തില്‍ പൊലിസ് അന്വേഷണം നടന്നു വരുന്നതിനിടയിലാണ് വീണ്ടും നഗരമധ്യത്തില്‍ പട്ടാപ്പകല്‍ മോഷണം നടന്നത്. പൊലിസ് സ്റ്റേഷന് നൂറുമീറ്റര്‍ അകലെ നടന്ന മോഷണം ജനങ്ങളെയും പൊലിസിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."