രാക്കുരുക്ക്: കര്‍ണാടക മുഖ്യമന്ത്രിക്ക് നാലാംതവണയും കത്തയച്ച് കേരളം
സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ല്‍ നിലനില്‍ക്കുന്ന രാക്കുരുക്ക് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കര്‍ണാടക മുഖ്യമന്ത്രിയുടെ സമയം ചോദിച്ച് സംസഥാന ഗതാഗത വകുപ്പ് മന്ത്രി വീണ്ടും കത്തയച്ചു. ഇതു നാലാംതവണയാണ് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച് കത്തയക്കുന്നത്. ഈ മാസം 20ന് രാക്കുരുക്ക് കേസ് സുപ്രിം കോടതി പരിഗണിക്കാനാരിക്കെ 18ന് മുന്‍പായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള കത്താണ് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് വ്യാഴാഴ്ച സംസ്ഥാന ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അയച്ചത്.
സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിക്കുപുറമെ വനംവകുപ്പ് മന്ത്രിയും, എംഎല്‍എമാരും, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്നും, കര്‍ണ്ണാടകയില്‍ നിന്നും മുഖ്യമന്ത്രിക്ക് പുറമെ സംസ്ഥാന ഗതാഗത, വനംവകുപ്പ് മന്ത്രിമാരും കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് താല്‍പര്യം പ്രകടിപ്പിച്ചാണ് കത്തയച്ചിരിക്കുന്നത്.
വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ട് 2019 സെപ്തംബര്‍ 18നും, 25നും,ഡിസംബര്‍ 13ഉം കത്തയച്ചിരുന്നു. എന്നാല്‍ അനുമതി കിട്ടാത്ത സാഹചര്യത്തിലും കേസ് സുപ്രിംകോടതി 20ന് വീണ്ടും പരഗിണിക്കുന്ന സാഹചര്യത്തിലുമാണ് സംസ്ഥാനം വീണ്ടും കത്തയച്ചിട്ടുളളത്. എന്നാല്‍ കര്‍ണാടകയുടെ ഭാഗത്തുനിന്നും വിഷയത്തില്‍ തുടരുന്ന നിസ്സംഗത സംസ്ഥാനത്തെയും ജില്ലയെയും ആശങ്കയിലാക്കിയിട്ടുമുണ്ട്.
കര്‍ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താത്തതിലും കേന്ദ്രം ഉറപ്പുനല്‍കിയ വിഷയം പഠിക്കുന്നതിനായി നിയമിക്കാമെന്നു പറഞ്ഞ മൂന്നംഗ സമിതിയെയും നിയോഗിക്കാത്തതിലും പ്രതിഷേധിച്ച് എന്‍എച്ച് 766 ട്രാന്‍സ്‌പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മറ്റിയില്‍ നിന്നും ചെയര്‍മാനായിരുന്ന ഐ. സി ബാലകൃഷ്ണന്‍ എം.എല്‍.എ രാജിവെച്ചിരുന്നു. ഇതിനെചൊല്ലിയും, ഐ. സി ബാലകൃഷ്ണന്‍ എംഎല്‍എ ബദല്‍പാത ആവശ്യപ്പെ്ട്ട് ഗതാഗത വകുപ്പ് മന്ത്രിക്ക് കത്തയച്ച പ്രശ്‌നവും ഉയര്‍ത്തി വാദപ്രതിവാദങ്ങള്‍ നിലനില്‍ക്കെയാണ് സം്സ്ഥാന സര്‍ക്കാര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ച് വീണ്ടും കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."