ചെയര്‍മാന്‍ കമലുമായി തര്‍ക്കം; ചലച്ചിത്ര അക്കാദമി സെക്രട്ടറി തെറിച്ചു
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി സെക്രട്ടറി സ്ഥാനത്തുനിന്നും മഹേഷ് പഞ്ചുവിനെ മാറ്റി. ചെയര്‍മാന്‍ കമലുമായുള്ള അഭിപ്രായ ഭിന്നതകളെയും സി.പി.എമ്മിനുള്ളിലെ തര്‍ക്കങ്ങളെയും തുടര്‍ന്നാണ് പഞ്ചുവിന് സ്ഥാനം നഷ്ടമായതെന്നാണ് അറിയുന്നത്.
അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു കഴിഞ്ഞ കുറച്ചു നാളുകളായി ചെയര്‍മാനും സെക്രട്ടറിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതായി പറയുന്നു. ചലച്ചിത്ര അക്കാദമിയില്‍ ചെയര്‍മാന്‍ കമല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോള്‍ എന്നിവരടങ്ങുന്ന വിഭാഗവുമായി സെക്രട്ടറി മഹേഷ് പഞ്ചു ഭിന്നതയിലായിരുന്നു. ചലച്ചിത്ര അക്കാദമിയെ നിരന്തരം കുറ്റപ്പെടുത്തുന്ന മൂവ്‌മെന്റ് ഫോര്‍ ഇന്റിപെന്റന്റ് സിനിമ എന്ന സംഘടന പ്രവര്‍ത്തിക്കുന്നത് മഹേഷ് പഞ്ചുവിന്റെ അറിവോടെയാണെന്ന ആരോപണമാണ് തര്‍ക്കങ്ങളില്‍ അവസാനത്തേത്.
കഴിഞ്ഞ ദിവസം സംഘടന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിന്റെ പേരില്‍ കോടതിയെ സമീപിച്ചിരുന്നു. കമലും ബീനാ പോളും വേണ്ടപ്പെട്ടവര്‍ക്ക് അവാര്‍ഡ് നല്‍കുന്നുവെന്നായിരുന്നു ആക്ഷേപം. കൂടാതെ രാജ്യാന്തര ചലച്ചിത്ര മേളയുടെ നടത്തിപ്പു സംബന്ധിച്ച് മഹേഷ് പഞ്ചുവിന് വിയോജിപ്പുണ്ടെന്നും പറഞ്ഞിരുന്നു.
മാത്രമല്ല കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നടക്കാനിരിക്കേ അക്കാര്യത്തിലും ഇരുവരും തമ്മിലുള്ള ഭിന്നത രൂക്ഷമായെന്നും സൂചനയുണ്ട്.
ഇക്കാര്യങ്ങള്‍ കമല്‍ സി.പി.എം. നേതൃത്വത്തെയും സാംസ്‌കാരിക വകുപ്പ് മന്ത്രിയെയും അറിയിച്ചതായും ഇതിന്റെ അടിസ്ഥാനത്തിലാണ് മഹേഷ് പഞ്ചുവിന് സ്ഥാനം നഷ്ടമായതെന്നും പറയുന്നു. മഹേഷ് പഞ്ചുവിന് മറ്റെന്തു സ്ഥാനം കൊടുക്കുമെന്ന കാര്യത്തില്‍ സി.പി.എം. ആലോചന നടത്തുന്നുണ്ട്.
ഇന്നലെ ചേര്‍ന്ന സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായിട്ടാണ് സൂചന. കൊല്ലം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അജോയ് ചന്ദ്രനാണ് പുതിയ സെക്രട്ടറി. അജോയ് ചന്ദ്രന്‍ നേരത്തെ ചലച്ചിത്ര അക്കാദമിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."