സഊദിയില്‍ നിന്നും ശുഭ വാര്‍ത്ത: രണ്ടു പേര്‍ക്ക് കൊറോണ ഭേദമായി
റിയാദ്: സഊദിയിൽ കോവിഡ് 19 ബാധിച്ചവരിൽ ഒരാൾക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം രണ്ടായി. ഖതീഫിലുള്ള ഒരാള്‍ മാത്രമാണ് ഇതുവരെ ആശുപത്രി വിട്ടത്. നിലവിൽ രാജ്യത്താകമാനം 103 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മക്കയിലാണ് ഏറ്റവും കൂടുതൽ. ഇവിടെ രോഗ ബാധിതരിൽ 46 പേർ ഈജിപ്ത് പൗരന്മാരും ഒരാൾ ബംഗ്ലാദേശ് സ്വദേശിയുമാണ്. കിഴക്കൻ പ്രവിശ്യയിൽ 37 പേരും റിയാദിൽ 16 പേരും ചികിത്സയിൽ തുടരുന്നുണ്ട്. രാജ്യത്ത് ഒരാളുടെ നില മാത്രമാണ് ഗുരുതരമായി തുടരുന്നത്.
ഇതിനിടെ, കോവിഡ് 19 പശ്ചാത്തലത്തില്‍ സഊദി കേന്ദ്ര ബാങ്ക് സ്വകാര്യ മേഖലക്ക് ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. വിവിധ വകുപ്പുകളിലായി അമ്പത് ബില്യണ്‍ റിയാല്‍ സഹായമാണ് സഊദി അറേബ്യാൻ മോണിറ്ററി അതോറിറ്റി (സാമ) നല്‍കുന്നത്. വൈറസ് പശ്ചാത്തലത്തിൽ തൊഴിലാളികൾ വിട്ടു നിൽക്കുമ്പോഴും മറ്റുമുണ്ടാകുന്ന പ്രതിസന്ധി മറികടക്കാനാണ് സഹായ ധനം. സ്വകാര്യ മേഖലയിലെ ചെറുകിട മധ്യ നിലവാരത്തിലുള്ള സ്ഥാപനങ്ങള്‍ സര്‍ക്കാറിലേക്ക് അടക്കുവാനുള്ള വിവിധ ഫീസുകള്‍ അടക്കാന്‍ സാവകാശം നൽകാനും പ്രതിസന്ധി നേരിടുന്ന സാഹചര്യം വന്നാല്‍ ബാങ്കുകളില്‍ നിന്ന് ലോണും അനുവദിക്കാനും തീരുമാനമുണ്ട്. വിവിധ സേവനദാതാക്കള്‍ക്കുള്ള ഫീസ് മൂന്ന് മാസത്തേക്ക് അടക്കുമെന്നും സഊദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി അറിയിച്ചു.
അതിനിടെ, രോഗവ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്നും ഹസ്തദാനം ഒഴിവാക്കണമെന്നും തിരക്കേറിയ സ്ഥലങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അല്‍റബീഅ പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു. ജലദോഷം അടക്കം എന്തെങ്കിലും ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടാലുടന്‍ സ്വയം ഐസൊലേഷന്‍ പാലിക്കുകയും 937 എന്ന നമ്പറില്‍ ബന്ധപ്പെടുകയും വേണമെന്നും മന്ത്രി ഉണർത്തി. എയര്‍പോര്‍ട്ടുകള്‍ അടക്കമുള്ള അതിര്‍ത്തി പ്രവേശന കവാടങ്ങളില്‍ വെച്ച് 6,04,000 ലേറെ യാത്രക്കാരെ പരിശോധിച്ചിട്ടുണ്ട്. രോഗബാധ സംശയിച്ച് 4,800 ലേറെ പേര്‍ക്ക് നാഷണല്‍ ലബോറട്ടറിയില്‍ വെച്ച് ലാബ് പരിശോധനകള്‍ നടത്തി. ഇക്കൂട്ടത്തില്‍ 103 പേര്‍ക്ക് രോഗം ബാധിച്ചതായും അവശേഷിക്കുന്നവര്‍ക്ക് രോഗം ബാധിച്ചിട്ടില്ലെന്നും പരിശോധനകളില്‍ വ്യക്തമായെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."