വിവാഹത്തിലും പങ്കെടുക്കാന്‍ കഴിഞ്ഞില്ല; മരിച്ചപ്പോള്‍ മകളേയും മരുമകനേയും അവസാനമായി ഒരു നോക്ക് കാണാന്‍ കഴിയാതെ പ്രവാസി
പെരുമ്പാവൂര്‍/നിലമ്പൂര്‍: സ്വന്തം മകളുടേയും മരുമകന്റെയും മൃതദേഹം ഒരു നോക്ക് കാണാന്‍ കഴിയാതെ പ്രവാസി. കൃത്യം ഒരു വര്‍ഷം മുമ്പായിരുന്നു മണ്ണാര്‍തോട്ടം ഇസ്മായിലിന്റെ മകള്‍ സുമയ്യയുടേയും ഹനീഫയുടേയും വിവാഹം. അന്നു വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇസ്മായിലിനു കഴിഞ്ഞില്ല. ഇന്നലെ മകളും മരുമകനും അപകടത്തില്‍ മരിച്ചപ്പോഴും അവരെ അവസാനമായി ഒരു നോക്ക് കാണാനും ആ പിതാവിന് കഴിഞ്ഞില്ല.
എം.സി റോഡിലെ പുല്ലുവഴിയില്‍ കാര്‍ തടിലോറിയിലിടിച്ചാണ് ഗര്‍ഭിണിയായ സുമയ്യ (20)യും ഭര്‍ത്താവ് ഹനീഫ(28) യും സഹോദരന് ഷാജഹാനും (18) നും മരിച്ചത്.
ഇന്നലെ വെളുപ്പിന് മൂന്നിനാണ് അപകടം. നിലമ്പൂരില്‍ നിന്ന് മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന മാരുതി 800 കാറും പത്തനംതിട്ടയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് വരികയായിരുന്ന തടിലോറിയും കൂട്ടിയിടിച്ചാണ് അപകടം.
സഊദിയില്‍ ജോലി ചെയ്യുന്ന ഇസ്മായിലിനു കഴിഞ്ഞ വര്‍ഷം മകളുടെ വിവാഹത്തിന് എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെ അപകടവിവരം അറിയിച്ചെങ്കിലും കൊവിഡ് 19 രോഗഭീതി കാരണം നാട്ടിലേക്ക് വരാനുള്ള ശ്രമം നടന്നില്ല.
നാളെ ദമ്പതികളുടെ ആദ്യവിവാഹവാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു കുടുംബം. മുണ്ടക്കയത്തെ സുമയ്യയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍. ഗര്‍ഭിണിയായ മകളും മരുമകനും വരുന്നതിനിടെ സുമയ്യയുടെ മാതാവ് സക്കീനയും കുടുംബാംഗങ്ങളും വിരുന്നൊരുക്കി കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് അപകടം നടന്നത്. പുലര്‍ച്ചെ പെരുമ്പാവൂരില്‍ നിന്നും പൊലിസ് ഫോണില്‍ വിളിച്ചപ്പോഴാണ് അപകടവിവരം വീട്ടുകാര്‍ അറിയുന്നത്. മൂന്നു പേരും അപകടസ്ഥലത്തു വച്ചുതന്നെ മരിച്ചു.
അപകടം നടന്ന ഉടനെ നാട്ടുകാര്‍ പിന്‍സീറ്റിലിരുന്ന ഷാജഹാനെ പുറത്തെടുത്ത് ഹൈവേ പൊലിസിന്റെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചു. കാര്‍ ഓടിച്ചിരുന്ന ഹനീഫയേയും മുന്‍സീറ്റിലിരുന്ന സുമയ്യയേയും വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."