HOME
DETAILS
MAL
കോവിഡ് 19: സഊദിയിൽ 38 പേർക്ക് കൂടി വൈറസ് ബാധ, വൈറസ് ബാധിതരുടെ എണ്ണം 171ആയി ഉയർന്നു
backup
March 17 2020 | 17:03 PM
റിയാദ്: സഊദിയിൽ കോവിഡ് 19 രോഗ ബാധിതരുടെ എണ്ണം 171 ആയി ഉയർന്നു. ചൊവ്വാഴ്ച രാത്രി 38 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണിത്. അഞ്ചു കേസുകൾ ജിദ്ദയിലാണ് സ്ഥിരീകരിച്ചത്. ഇവരിൽ മൂന്ന് പേർ നേരത്തെ വൈറസ് ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയവരാണെന്നും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജിദ്ദ, റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫ്, ദഹ്റാൻ എന്നിവിടങ്ങളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 16 പേര് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ സഊദികളും രണ്ട് പേര് ഫിലിപ്പീന് പൗരന്മാരും ഒരാള്‍ ജോര്‍ദാന്‍ സ്വദേശിയുമാണ്. ജർമനിയിൽ നിന്നെത്തിയ സ്വദേശി പൗരൻ, ബ്രിട്ടനിൽ നിന്നെത്തിയ ജോർദാൻ പൗരൻ എന്നിവരാണ് ജിദ്ദയിൽ സ്ഥിരീകരിക്കപ്പെട്ട വൈറസ് ബാധിതർ.
പത്ത് കേസുകൾ കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫിലാണ് സ്ഥിരീകരിക്കപ്പെട്ടത്. ഇറാഖിൽ നിന്നെത്തിയ ആറ് സ്വദേശികൾ, ഇറ്റലിയിൽ നിന്നെത്തിയ ഒരു സ്വദേശി, നേരത്തെ വൈറസ് ബാധ കണ്ടെത്തിയവരുമായി സമ്പർക്കം പുലർത്തിയ സ്വദേശി, നിരീക്ഷണത്തിലായിരുന്ന രണ്ടു സ്വദേശികൾ എന്നിവരാണ് ഖത്വീഫിൽ ആശുപത്രിയിൽ കഴിയുന്നത്.
ദഹ്റാനിൽ ഇറ്റലിയിൽ നിന്നെത്തിയ ഒരു സ്വദേശിയടക്കം മൂന്ന് സ്വദേശികൾക്കും റിയാദിൽ ഇന്ത്യയിൽ നിന്നടക്കമെത്തിയ സ്വദേശികളടക്കം 13 പേർക്കും മക്കയിൽ തുർക്കിയിൽ നിന്നെത്തിയ ആറ് വനിതകളടക്കം ഏതാനും പേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
അതേസമയം, രാജ്യത്തെ മസ്ജിദുകളിൽ അഞ്ചു നേരത്തെ നിസ്കാരങ്ങളും ജുമുഅ നിസ്കാരവും നിർത്തിവെക്കാൻ സഊദി മന്ത്രി സഭ ഉത്തരവിട്ടിരുന്നു. എന്നാൽ, മക്കയിലും മദീനയിലും ഹറം പള്ളികളിൽ പതിവ് നിസ്കാരങ്ങളും പ്രാർത്ഥനകളും പതിവ് പോലെ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."