ജന്മം ഭൂമി ആക്ടിനെതിരേ പ്രതിഷേധം ശക്തമാകുന്നു
ഗൂഡല്ലൂര്‍: ജന്മം ഭൂമി പ്രശ്‌നത്തില്‍ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കാനൊരുങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍. തമിഴ്‌നാട് സര്‍ക്കാര്‍ ഈയിടെ പുറപ്പെടുവിച്ച പുതിയ വിജ്ഞാപനത്തില്‍ ഗവര്‍ണര്‍ ഒപ്പ് വെക്കരുതെന്നും വിജ്ഞാപനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം സംഘടിപ്പിക്കുന്നത്. വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഈമാസം 24ന് ഗൂഡല്ലൂര്‍ ഗാന്ധിമൈതാനിയില്‍ ധര്‍ണയും പൊതുയോഗവും നടത്തുന്നുണ്ട്. വിഷയത്തില്‍ അടിയന്തര ഇടപെടലുകളുണ്ടാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം ഊട്ടിയിലെത്തിയ തമിഴ്‌നാട് ഗവര്‍ണര്‍ക്ക് നീലഗിരി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി നിവേദനവും നല്‍കിയിരുന്നു.
പതിറ്റാണ്ടുകളായി പട്ടയത്തിന് വേണ്ടി കാത്തിരിക്കുന്ന മേഖലയിലെ ജനങ്ങളെ വഴിയാധാരമാക്കുന്ന തരത്തിലാണ് ജന്മം ഭൂമികള്‍ വനം വകുപ്പിന് കൈമാറാവുന്ന തരത്തില്‍ തമിഴ്‌നാട് വനസംരക്ഷണ നിയമം 1982ലെ 16-ാം വകുപ്പ് ഭേദഗതി ചെയ്ത് 16-എ എന്ന ഉപവകുപ്പ് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ഇതിനെതിരേയാണ് പ്രതിഷേധം കനക്കുന്നത്. നിയമം പ്രാബല്യത്തിലായാല്‍ ജനങ്ങള്‍ കൈവശം വെച്ചിരിക്കുന്ന സ്ഥലം നഷ്ടപ്പെടും. ജനങ്ങള്‍ താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന 17,100 ഏക്കര്‍ ഭൂമി കൂടി റിസര്‍വ് ഫോറസ്റ്റായി മാറും. ഓവാലി പഞ്ചായത്തില്‍ മാത്രം ആയിരക്കണക്കിന് കുടുംബങ്ങള്‍ വഴിയാധാരമാകും. വര്‍ഷങ്ങളായി കൈവശം വെച്ചും കൃഷി ചെയ്തും കഴിയുന്ന ഭൂമിക്ക് പട്ടയം നല്‍കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഗൂഡല്ലൂര്‍ മേഖലയിലെ ജനങ്ങള്‍ നിലവിലെ വനനിയമം കൊണ്ട് പൊറുതി മുട്ടുമ്പോഴാണ് പുതിയ നിയമവുമായി വീണ്ടും സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഗൂഡല്ലൂര്‍ മേഖലയില്‍ 37 ശതമാനം ഭൂമി വനഭൂമിയാക്കി മാറ്റിയിട്ടുണ്ട്.
ഗൂഡല്ലൂരില്‍ സ്വകാര്യ വ്യക്തിക്ക് കഴിഞ്ഞ ദിവസം അനധികൃത കൈയറ്റ ഭൂമിയില്‍ നിന്ന് ഒഴിയണമെന്ന് പറഞ്ഞ് റവന്യൂ ഇന്‍സ്‌പെക്ടര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഗൂഡല്ലൂര്‍ മേഖലയില്‍ ധാരാളം പേര്‍ സെക്ഷന്‍ 17-53 ഭൂമികളില്‍ കഴിയുന്നുണ്ട്. എന്നാല്‍ അവര്‍ക്കൊന്നും ഇതുപോലെ നോട്ടീസ് നല്‍കിയിട്ടില്ല. വനം വകുപ്പിന്റെ അന്യായ ഇടപെടല്‍ കാരണം ജീവിതം ദുസഹമായ ജനങ്ങളെ വീണ്ടും പ്രതിസന്ധിയിലാക്കുന്നതാണ് സര്‍ക്കാര്‍ നടപടിയെന്നും ഇതില്‍ നിന്ന് പിന്‍മാറണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
ഗവര്‍ണര്‍ക്ക് യൂത്ത് ലീഗ് നിവേദനം നല്‍കി
ഗൂഡലൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് നീലഗിരി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി തമിഴ്‌നാട് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.
നിരവധി ജനങ്ങളെ വഴിയാധാരമാക്കുന്ന ജന്മം ഭൂമി 16 എ ആക്ട് പിന്‍വലിക്കുക, പട്ടയ ഭൂമിയില്‍ വീട് വെക്കാന്‍ അനുമതി നല്‍കുന്നതിന് പഞ്ചായത്തിനെ അധികാരപ്പെടുത്തുക, ബന്ധപ്പെട്ട രേഖകളുണ്ടായിട്ടും വൈദ്യുതി കണക്ഷന്‍ ലഭിക്കാത്ത അവസ്ഥക്ക് പരിഹാരം കാണുക, ഊട്ടിയില്‍ മെഡിക്കല്‍ കോളജ് അനുവദിക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ക്കും പരുക്കേല്‍ക്കുന്നവര്‍ക്കും മതിയായ നഷ്ട പരിഹാരം കാലതാമസം കൂടാതെ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിവേദനം നല്‍കിയത്. കഴിഞ്ഞദിവസം ഊട്ടിയിലെത്തിയപ്പോഴാണ് ഭാരവാഹികള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്. വിഷയം പഠിച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലുള്ള തീരുമാനമെടുക്കുമെന്ന് നിവേദന സംഘത്തിന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു. നീലഗിരി ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഷാജി മാസ്റ്റര്‍, യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് മെംബര്‍ കെ.പി ഫൈസല്‍, ട്രഷറര്‍ ഫുഹാത് ചെപ്പുള്ളി, അലി ഗൂഡല്ലൂര്‍, സൈദ് മുഹമ്മദ് എന്നിവരാണ് നിവേദന സംഘത്തിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."