HOME
DETAILS
MAL
കൊവിഡ് 19: ജിദ്ദയിൽ കുടുങ്ങിയ മലയാളികളടക്കമുള്ള മുഴുവൻ ഉംറ തീർത്ഥാടകരെയും നാട്ടിലേക്ക് തിരിച്ചയച്ചു
backup
March 18 2020 | 17:03 PM
റിയാദ്: കൊവിഡ് 19 വൈറസ് വ്യാപന പശ്ചാത്തലത്തിൽ വിമാന സർവ്വീസുകൾ നിർത്തി വെച്ചതോടെ ജിദ്ദയിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള ഇന്ത്യൻ ഉംറ തീർത്ഥാടകരിൽ അവസാന സംഘത്തെയും നാട്ടിലേക്ക് കയറ്റി അയച്ചു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 185 പേരടങ്ങുന്ന ഇന്ത്യൻ ഉംറ സംഘത്തെയാണ് ബുധനാഴ്ച ഉച്ചയോടെ പ്രത്യേകം ചാർട്ടർ ചെയ്ത വിമാനത്തിൽ തിരിച്ചയച്ചത്. ഇതോടെ ഉംറക്കെത്തി ജിദ്ദയിൽ കുടുങ്ങിയ അവസാന ഇന്ത്യൻ സംഘത്തെയും തിരിച്ചയച്ചതായി കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി. ജിദ്ദയിൽ നിന്നും മുംബൈയിലേക്കായിരുന്നു പ്രത്യേക വിമാനം തയ്യാറാക്കിയിരുന്നത്.
185 പേരടങ്ങുന്ന അവസാന സംഘത്തെയും വഹിച്ചുള്ള പ്രത്യേകം ചാർട്ടർ ചെയ്ത ഇൻഡിഗോ വിമാനം ബുധനാഴ്ച ഉച്ചക്ക് 2:35നാണ് ജിദ്ദയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ടത്. ഇതോടെ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിമാന സർവ്വീസുകൾ നിർത്തിവെച്ചതോടെ കുടുങ്ങിയ 3,035 ഇന്ത്യൻ തീർഥാടകരെയാണ് കോൺസുലേറ്റ്
ഇടപെട്ട് നാട്ടിലെത്തിച്ചതായി കോൺസുലേറ്റ് അറിയിച്ചു. കഴിഞ്ഞ മാസം 27 മുതൽ സഊദി സർക്കാർ ഉംറ തീർഥാടകർക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് അതിന് മുമ്പ് ഉംറക്കെത്തിയ തീർഥാടകരാണ് മടക്കയാത്രക്ക് സൗകര്യമില്ലാതെ കുടുങ്ങിപ്പോയത്. മാർച്ച് 28 വരെ വിവിധ വിമാനങ്ങളിൽ മടക്കയാത്രക്കുള്ള ടിക്കറ്റെടുത്തവരായിരുന്നു ഇവരെല്ലാം. തിരിച്ചുപോകാൻ കഴിയാത്ത തീർത്ഥാടകരെ സഹായിക്കാൻ കോൺസുലേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ സംവിധാനം ഏർപ്പെടുത്തിയിരുന്നു.
വിവിധ സമയങ്ങളിൽ ഉംറ തീർഥാടകരെ നാട്ടിലെത്തിക്കാൻ സഹായിച്ച മുഴുവൻ വിമാനകമ്പനികളോടും സഊദി ഉദ്യോഗസ്ഥരോടും ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തോടും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് നന്ദി രേഖപ്പെടുത്തി. തങ്ങളെ നാട്ടിലെത്തിക്കാൻ മുൻകൈയെടുത്ത ഇന്ത്യൻ സർക്കാരിനോടും കോൺസുലേറ്റ് ഉദ്യോഗസ്ഥരോടും തീർഥാടകരും നന്ദി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."