തെരഞ്ഞെടുപ്പ് സംഘ്പരിവാറില്‍നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടം: കെ.ഇ ഇസ്മയില്‍
കോഴിക്കോട്: സംഘ്പരിവാറില്‍നിന്ന് നാടിനെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടമാണ് വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പെന്നും ജീവന്മരണ പോരാട്ടമായി തെരഞ്ഞെടുപ്പിനെ എല്ലാവരും ഏറ്റെടുക്കണമെന്നും സി.പി.ഐ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കെ.ഇ ഇസ്മയില്‍ പറഞ്ഞു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന സി.പി.ഐ കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍ ബി.ജെ.പി അധികാരത്തില്‍ വരാന്‍ സാധ്യതയില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടികള്‍ തമ്മില്‍ ഒരു ധാരണയും ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. പരസ്പരമുള്ള മത്സരത്തിനിടയില്‍ ബി.ജെ.പി അധികാരത്തിലേറുകയായിരുന്നു. എന്നാല്‍ ബി.ജെ.പിയാണ് രാജ്യത്തിന്റെ പ്രധാനശത്രുവെന്ന് എല്ലാവര്ക്കും ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി ടി.വി ബാലന് അധ്യക്ഷനായി. സംസ്ഥാന അസി. സെക്രട്ടറി സത്യന് മൊകേരി, കെ.ജി പങ്കജാക്ഷന്, സംസ്ഥാന എക്സിക്യൂട്ടീവ് മെംബര്‍ സി.എന്‍ ചന്ദ്രന്, പി. സുരേഷ് ബാബു, ഇ.സി സതീശന്, പി.കെ നാസര്‍, പി.വി മാധവന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."