അഴിമതിക്കേസുകളില്‍ അന്വേഷണ പരിചയം ജാേവദ് അഹമ്മദിനുമാത്രം
ന്യഡല്‍ഹി: സി.ബി.ഐ മേധാവി സ്ഥാനത്തേക്ക് നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാക്കിയ അഞ്ചംഗ പട്ടികയില്‍ അഴിമതിക്കേസുകളില്‍ അന്വേഷണ പരിചയമുള്ളത് എസ്. ജാവേദ് അഹമ്മദിന് മാത്രം.
1984 ഉത്തര്‍പ്രദേശ് കേഡര്‍ ഐ.പി.എസ് ഓഫിസറായ ജാവേദിന് കേസന്വേഷണ പരിചയവും അഴിമതിക്കേസുകള്‍ അന്വേഷിച്ച പരിചയവുമുണ്ട്.
ജാവേദിനെ കൂടാതെ ഋഷികുമാര്‍ ശുക്ല, 1983 യു.പി കേഡറിലെ രാജീവ് റായ് ഭട്‌നഗര്‍, 1984 തെലങ്കാന കേഡറിലെ സുധീപ് ലാഗ്ട്ടാകിയ, 1984 യു.പി കേഡറിലെ എ.പി മഹേശ്വരി എന്നിവരുടെ പട്ടികയാണ് സര്‍ക്കാര്‍ തയാറാക്കിയത്.
ഇതില്‍ അഴിമതിക്കേസുകളില്‍ ഒട്ടും പരിചയമില്ലാത്തത് സി.ബി.ഐ മേധാവിയായ നിയമിക്കപ്പെട്ട ഋഷികുമാര്‍ ശുക്ലയ്ക്കാണ്. ശുക്ലയെ നിയമിച്ചതിനെ എതിര്‍ത്ത് സെലക്ഷന്‍ കമ്മറ്റി അംഗം കൂടിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിക്ക് നല്‍കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഖാര്‍ഗെ നല്‍കിയ വിയോജനക്കുറിപ്പില്‍ സി.ബി.ഐ മേധാവിയുടെ അയോഗ്യതകള്‍ ഓരോന്നായി ചൂണ്ടിക്കാട്ടുന്നുണ്ട്.
സീനിയോറിറ്റി, വിശ്വാസ്യത, അഴിമതിക്കേസുകളിലെ അന്വേഷണ പരിചയം തുടങ്ങിയവ പരിഗണിച്ചാണ് സി.ബി.ഐ മേധാവിയെ നിയമിക്കേണ്ടതെന്ന് സുപ്രിംകോടതി നിര്‍ദേശിച്ച കാര്യം കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനു പുറമെ അഴിമതിക്കേസുകളുടെ അന്വേഷണത്തില്‍ 100 മാസത്തെയെങ്കിലും പരിചയം കണക്കാക്കാറുണ്ട്. രാജീവ് റായിക്ക് 25 മാസത്തെയും ലാഗ്ട്ടാക്കിയയ്ക്ക് 14 മാസത്തെയും മഹേശ്വരിയ്ക്ക് 14 മാസത്തെയും അന്വേഷണ പരിചയമുണ്ട്. അഴിമതിക്കേസുകളിലെ അന്വേഷണ പരിചയം സുപ്രധാനമാണെന്ന് സുപ്രിംകോടതിയും ഡല്‍ഹി സ്‌പെഷല്‍ പൊലിസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടും വ്യക്തമായി പറയുന്നുണ്ടെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ പോലും യോഗ്യനല്ല ശുക്ലയെന്നും ഖാര്‍ഗെ പറയുന്നു.
സി.ബി.ഐയുടെ വിശ്വാസ്യത വീണ്ടെടുക്കല്‍ ഈ സാഹചര്യത്തില്‍ സുപ്രധാനമാണ്. അതിനാല്‍ മാര്‍ഗരേഖ അടിസ്ഥാനത്തിലുള്ള നിയമനങ്ങള്‍ നടക്കണം. അതിനാല്‍ ജാവേദ് അഹമ്മദ്, രാജീവ് റായ്, സുധീപ് ലാഗ്ട്ടാക്കിയ എന്നിവരെ മാത്രമാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടതെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."