സഹായഹസ്തവുമായി ഫുട്‌ബോള്‍ ലോകം
സൂറിച്ച്: കൊവിഡ് 19 കാരണം ഞെങ്ങിഞെരുങ്ങുന്ന വിവിധ രാജ്യങ്ങളെ സഹായിക്കാനായി ഫുട്‌ബോള്‍ ലോകവും. കൊറോണ വൈറസിനെതിരേ പോരാടുന്നതിന് വേണ്ടി ലോകാരോഗ്യ സംഘടനക്ക് ഫിഫ 10 മില്യന്‍ യൂറോ നല്‍കുമെന്നാണ് അറിയിച്ചത്. വൈറസ് ബാധ തുടച്ചുനീക്കുന്നതിന് എല്ലാ സഹായവും ഫിഫയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റീഞ്ഞോ പറഞ്ഞു. നിലവില്‍ ഒരുപാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളേയും ഫുട്‌ബോള്‍ താരങ്ങളേയും ഇത് ബാധിച്ചിട്ടുണ്ട്.
വൈറസ് ബാധിച്ച ഫുട്‌ബോള്‍ താരങ്ങളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക സഹായം ചെയ്യുമെന്നും ഇന്‍ഫാന്റീഞ്ഞോ കൂട്ടിച്ചേര്‍ത്തു. കൊവിഡ് കാരണം ലോകത്തിന്റെ ഏത് ഭാഗത്തുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റിനെയും സഹായിക്കാന്‍ ഫിഫക്ക് ബാധ്യത ഉണ്ടെന്നും പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചുവരാന്‍ എല്ലാ സഹായവും ഫിഫ ഒരുക്കുമെന്നും ഇന്‍ഫാന്റീഞ്ഞോ കൂട്ടിച്ചേര്‍ത്തു.
കൈത്താങ്ങായി
ജര്‍മന്‍ ഫുട്‌ബോളും
കൊറോണ ബാധിതരെ സഹായിക്കുന്നതിന് വേണ്ടി ജര്‍മന്‍ ഫുട്‌ബോള്‍ താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. രണ്ടര മില്യന്‍ യൂറോയാണ് ജര്‍മന്‍ ഫുട്‌ബോള്‍ താരങ്ങള്‍ ജര്‍മനിയിലെ കൊവിഡ് ബാധിതര്‍ക്ക് വേണ്ടി അടിയന്തര സഹായമായി നല്‍കുന്നത്. ജര്‍മന്‍ ദേശീയ ടീം അംഗമായ ബോറീസ്യാ മൊന്‍ഷന്‍, മത്തിയാസ് ഗിന്റര്‍ എന്നിവരുടെ നേതൃത്വത്തിലാണു ഇതിനുള്ള സമിതി രൂപീകരിച്ചിട്ടുള്ളത്. ബയേണ്‍ ടീം അംഗം ലിയോണ്‍ ഗോരസ്റ്റസ്‌ക്കയും സഹായം അഭ്യര്‍ഥിച്ച് രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങള്‍ കൂടുതല്‍ താരങ്ങള്‍ സഹായവുമായി രംഗത്തെത്തുമാന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് കാരണം ജര്‍മനിയിലും ദുരിതം ആരംഭിച്ചിട്ടുണ്ട്. ഫ്രാന്‍സിനോട് അതിര്‍ത്തി പങ്കിടുന്ന സ്ഥലത്താണ് ജര്‍മനിയില്‍ കൂടുതല്‍ പേരും കൊവിഡ് ബാധിച്ചിട്ടുള്ളത്. വൈറസ് പടരാതിരിക്കുന്നതിന് വേണ്ടി ജര്‍മനി നേരത്തെതന്നെ അതിര്‍ത്തികള്‍ അടച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രധാനപ്പെട്ട നഗരങ്ങളെല്ലാം അടഞ്ഞ് കിടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."