അസാധാരണ സാഹചര്യം; ചെറിയ പിഴവ് പോലും സ്ഥിതി വഷളാക്കും, ജാഗ്രത തുടരണം: മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധിക്കുന്നതിലെ ചെറിയ പിഴവ് പോലും സ്ഥിതി വഷളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ജനപ്രതിനിധികളുടേയും സഹകരണം തേടി. ജാഗ്രത ഉറപ്പുവരുത്താന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉത്തരവാദിത്വത്തോടെ ഇടപെടണമെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ എന്നിവരും പങ്കെടുത്തു.
വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കണം. ഇവര്‍ക്ക് ഭക്ഷണം, മരുന്ന് തുടങ്ങിയ പ്രാഥമിക കാര്യങ്ങള്‍ എത്തിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും ജനപ്രതിനിധികളുടേയും ഇടപെടല്‍ ഉണ്ടാവണം. വയോജനങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം. എ.ടി.എമ്മുകളില്‍ സാനിറ്റൈസര്‍ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
തെറ്റായ പ്രവണതകള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം. സാഹചര്യം അസാധാരണമാണ്. ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും.
അതിഥി തൊഴിലാളികള്‍ക്ക് പണിയില്ലാത്ത സാഹചര്യമാണുള്ളത്. ഇവര്‍ കവലകളില്‍ കൂട്ടം കൂടരുത്. അവരെയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണം. രോഗവ്യാപനം തടയാന്‍ അവരെ ബോധവത്കരിക്കണം. മാസ്‌കും സാനിറ്റൈസറും കൂടുതലായി ഉത്പാദിപ്പിക്കാന്‍ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."