ഈരാറ്റുപേട്ട ടൗണിലെ വെള്ളക്കെട്ടുകള്‍ യാത്രക്കാര്‍ക്കു ദുരിതമാകുന്നു
ഈരാറ്റുപേട്ട: മഴക്കാലം ആരംഭിച്ചതോടെ ടൗണിലെ വെള്ളക്കെട്ടുകള്‍ യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. രണ്ടു പാലങ്ങളിലും അരുവിത്തുറ പള്ളിയ്ക്കു മുന്‍വശവുമുള്ള വെള്ളക്കെട്ടുകലാണ് യാത്രക്കാര്‍ക്ക് ഏറെ ദുരിതമുണ്ടാക്കുന്നത്.
വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ചെളിവെള്ളം യാത്രക്കാരുടെ ദേഹത്തേയ്ക്കു തെറിയ്ക്കുന്നതും പതിവാണ്. മഴക്കാലം തുടങ്ങിയപ്പോള്‍ മുതല്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു നടപടിയെടുക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയെടുക്കാത്തതു പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. ഇരു പാലങ്ങളിലും വെള്ളം ഒഴുക്കിവിടാനുള്ള ദ്വാരങ്ങള്‍ അടഞ്ഞത് തുറന്നു വിടാത്തതാണ് വെള്ളക്കെട്ടിന് കാരണം. എല്ലാ വര്‍ഷവും മഴ തുടങ്ങുന്നതിനു മുന്‍പുതന്നെ പൊതുമരാമത്ത് വകുപ്പ് നടപടികള്‍ സ്വീകരിച്ചിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
കോളജ് റോഡിലും മഴപെയ്തുകഴിഞ്ഞാല്‍ വെള്ളം ഒഴുകിപ്പോകാന്‍ യാതൊരും മാര്‍ഗവും ഇല്ല. വാഹനങ്ങള്‍ പോകുമ്പോള്‍ വെള്ളം തെറിച്ചു കാല്‍നടയാത്രക്കാരുടെ ദേഹത്ത് വീഴുന്ന അവസ്ഥയാണുള്ളത്. സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ വരെയധികം ദുരിതമനുഭവിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."