മധ്യപ്രദേശ്: വാദം ഇന്നും തുടരും
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ ഉടന്‍ വിശ്വാസവോട്ടെടുപ്പ് നേരിടണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ സുപ്രിം കോടതിയില്‍ വാദം ഇന്നും തുടരും. ഇന്നലെ ഒരു ദിവസം മുഴുവന്‍ നീണ്ട വാദത്തിനു ശേഷമാണ് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് കേസില്‍ വാദം തുടരാന്‍ തീരുമാനിച്ചത്.
മധ്യപ്രദേശില്‍ മനഃപൂര്‍വം സൃഷ്ടിച്ച പ്രതിസന്ധിയാണിതെന്നും എല്ലാ ഭരണഘടനാ തത്വങ്ങളെയും ലംഘിക്കുന്ന നടപടികളാണ് ബി.ജെ.പിയുടേതെന്നും മധ്യപ്രദേശ് കോണ്‍ഗ്രസിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി. സഭയ്ക്കു ഭൂരിപക്ഷമില്ലെന്നു ഗവര്‍ണര്‍ക്കു പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട സാഹചര്യത്തില്‍ എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തുകയാണ് വേണ്ടെതെന്നായിരുന്നു ഹരജിക്കാരനായ ശിവരാജ് സിങ് ചൗഹാന്റെ അഭിഭാഷകന്‍ മുകുള്‍ രോഹ്തഗിയുടെ വാദം.
16 വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് ഇക്കാര്യത്തില്‍ വിധി പുറപ്പെടുവിക്കുകയെന്നു വാദത്തിനിടെ ജസ്റ്റിസ് ചന്ദ്രചൂഡ് തിരിച്ചു ചോദിച്ചു. 16 പേരും ബംഗളൂരുവിലാണുള്ളത്. സഭാ നടപടികളില്‍ പങ്കെടുക്കാന്‍ അവരെ നിര്‍ബന്ധിക്കാന്‍ കോടതിക്കു കഴിയില്ല. അവര്‍ സ്വമേധയായാണ് അവരുടെ കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് ഉറപ്പാക്കാനെ കഴിയൂവെന്നും കോടതി പറഞ്ഞു.
സ്വമേധയാ തീരുമാനമെടുത്തതാണെന്ന കാര്യം എം.എല്‍.എമാര്‍ പറയുന്ന വിഡിയോ ഉണ്ടെന്നായിരുന്നു ഇതിന് രോഹ്തഗിയുടെ നിലപാട്. എന്നാല്‍, അവര്‍ ടെലിവിഷനില്‍ പറയുന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം കോടതിക്ക് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നായിരുന്നു ചന്ദ്രചൂഡിന്റെ മറുപടി.
മാധ്യമങ്ങളില്‍ വന്ന വിഡിയോ മാത്രമാണ് ഗവര്‍ണര്‍ കണ്ടതെന്നും അതില്‍ അവരെ ആരും തട്ടിക്കൊണ്ടുപോയതോ നിര്‍ബന്ധിപ്പിച്ച് പറയുന്നതോ അല്ലെന്ന് വ്യക്തമാണെന്നും മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടന്‍ഡനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. എം.എല്‍.എമാര്‍ തിരിച്ച് സഭയിലെത്തിയാല്‍ അവര്‍ക്ക് സ്വതന്ത്രമായി നിലപാടി സ്വീകരിക്കാനുള്ള സാഹചര്യമുണ്ടോയെന്ന് ഇതിനിടെ ജസ്റ്റിസ് ഗുപ്ത ആരാഞ്ഞു.
മധ്യപ്രദേശിലെ എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ എന്ന് തീരുമാനമെടുക്കുമെന്ന് മധ്യപ്രദേശ് നിയമസഭാ സ് പീക്കറുടെ അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയോടും കോടതി ചോദിച്ചു.
ഇക്കാര്യം ഇന്ന് അറിയിക്കാമെന്ന് സിങ്‌വി മറുപടി നല്‍കി.
ബംഗളൂരുവിലുള്ള എം.എല്‍.എമാരെ കാണാന്‍ കമല്‍നാഥിന് അനുമതി വേണമെന്ന് കമല്‍നാഥിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. എന്നാല്‍ എം.എല്‍.എമാരുടെ അഭിഭാഷകന്‍ മനീന്ദര്‍ സിങ് ഇതിനെ എതിര്‍ത്തു. അവര്‍ കോടതിയില്‍ വരാന്‍ തയാറാണോയെന്ന് ഈ ഘട്ടത്തില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. വേണമെങ്കില്‍ രജിസ്ട്രാര്‍ ജനറലുമായി കൂടിക്കാഴ്ച നടത്തട്ടെയെന്ന നിലപാടാണ് രോഹ്തഗി സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."