പൊതു സുരക്ഷാ വിഭാഗവും മുന്നറിയിപ്പ് നൽകി; സഊദിയിൽ മടങ്ങിയെത്തിയ എല്ലാ വിദേശികളും 14 ദിവസം റൂമുകളിൽ കഴിയുന്നുണ്ടെന്ന് സ്ഥാപനങ്ങൾ ഉറപ്പ് വരുത്തണം
ജിദ്ദ: സഊദിയിൽ മടങ്ങിയെത്തിയ എല്ലാ വിദേശികളും ജോലിക്ക് ഹാജരാകുന്നതിനു മുമ്പ്14 ദിവസം റൂമുകളിൽ കഴിയുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ സഊദി പൊതു സുരക്ഷാ വിഭാഗം രാജ്യത്തെ സ്ഥാപനങ്ങളോട് ശക്തമായി ആവശ്യപ്പെട്ടു. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനായി അവധി കഴിഞ്ഞെത്തിയ എല്ലാ വിദേശികളും 14 ദിവസം റൂമുകളിൽ കഴിയുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ നേരത്തെ ആഭ്യന്തര മന്ത്രാലയവും ആവശ്യപ്പെട്ടിരുന്നു.
ഒരാൾക്ക് കൊറോണ വൈറസ് ബാധിച്ചാൽ രോഗ ലക്ഷണം പ്രകടമാകാൻ 14 ദിവസം വരെ ആവശ്യമായി വരും. വൈറസ് ബാധയേറ്റ 97 ശതമാനം പേരിലും 11.5 ദിവസം കൊണ്ട് തന്നെ രോഗ ലക്ഷണം ആരംഭിച്ചു കണ്ടിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൊറോണ വ്യപനം തടയുന്നതിനായി ശക്തമായ നടപടികളാണു സൗദി അധികൃതർ കൈക്കൊണ്ടിട്ടുള്ളത്. മുഴുവൻ അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കിയ തീരുമാനം അവയിൽ ഏറെ പ്രധാനപ്പെട്ടതായിരുന്നു.തുടർന്ന് പൊതു ജനങ്ങൾ കൂടിക്കലരാൻ സാധ്യതയുള്ള എല്ലാ അവസരങ്ങളും ഘട്ടം ഘട്ടമായി ഇല്ലാതാക്കുകയുമാണു സഊദി അധികൃതർ ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."