നിര്‍ഭയ: കുരുക്കിടുമ്പോഴല്ല സന്തോഷിക്കേണ്ടത്
രാത്രികളിലെപ്പോഴെങ്കിലും പഴയ ഡല്‍ഹിയിലെ ഗലികളിലൂടെ സൈക്കിള്‍ റിക്ഷയില്‍ സഞ്ചരിച്ചുനോക്കൂ. അതുവഴി വരുന്ന ഓട്ടോക്കാരന്‍ മുതല്‍ കാറുകാരന്‍ വരെ ഓരോ തെരുവിലും റിക്ഷക്കാരനെ അസഭ്യം പറയുന്നത് കാണാം. ഇടുങ്ങിയ ഗലികളില്‍ പിഴവാരുടെയായാലും അയാള്‍ തന്നെ അസഭ്യം കേട്ട് പിഴയൊടുക്കണം. ഇത്തരത്തില്‍ നൂറുകണക്കിന് വെര്‍ബല്‍ അഭ്യൂസുകള്‍ക്കിടയിലൂടെയാണ് പ്രതികരണമില്ലാതെ അയാള്‍ റിക്ഷ ചവിട്ടുന്നത്. ഡല്‍ഹിയിലെ ഓരോ കുറ്റകൃത്യങ്ങള്‍ക്കും റിക്ഷക്കാരനെപ്പോലെ പാവപ്പെട്ടവന്റെ നിസ്സഹായതയില്‍ നിന്നുണ്ടാകുന്ന പകയുടെ ട്രേഡ്മാര്‍ക്കുണ്ട്. വീട്ടുജോലിക്കാരുമായി ബന്ധപ്പെട്ടാണ് ഡല്‍ഹി കുറ്റകൃത്യങ്ങളിലെ വലിയൊരു വിഭാഗമെന്നാണ് പഠനം. സമ്പന്നമായ ഡല്‍ഹിയിലെ വീടുകള്‍ അടിമജോലികളുടെ കേന്ദ്രങ്ങളാണ്. ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്ന വിഭാഗമാണവര്‍. വല്ലാത്തൊരു അക്രമ സ്വഭാവമുണ്ട് ഡല്‍ഹി മധ്യവര്‍ഗത്തിന്. ഇത് ഡല്‍ഹിയിലെ റോഡുകളില്‍ പോലും കാണാം. എല്ലാ കാറുകളിലും ചുരുങ്ങിയത് ഇരുമ്പ് കമ്പിയെങ്കിലും ആയുധങ്ങളായുണ്ടാകും.
ബേസ്‌ബോള്‍ ബാറ്റാണ് ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന സ്‌പോര്‍ട്‌സ് ഉപകരണം. ഇതെല്ലാം അഴിമതി നിറഞ്ഞ പൊലിസ് സംവിധാനമുള്ള ഡല്‍ഹി നഗരത്തിന്റെ അരക്ഷിതത്വത്തിന്റെ ഉല്‍പന്നങ്ങളാണ്. അരക്ഷിത ബോധത്തിന്റെ കേന്ദ്രങ്ങളാണ് ഡല്‍ഹിയിലെ ഓരോ വീടുകളും. വാതിലുകളില്‍ കൂടുതല്‍ ഇരുമ്പ് ഗ്രില്ലുകള്‍ പിടിപ്പിച്ചിട്ടുണ്ടാകും. ഗലികള്‍ക്ക് പടുകൂറ്റന്‍ ഇരുമ്പ് ഗേറ്റുകളുണ്ടാകും. ക്രിമിനലുകള്‍ ചുറ്റുമുണ്ടെന്ന ബോധം അവരെ പേടിപ്പിക്കുന്നുണ്ട്. പൊലിസ് ഫലപ്രദമല്ലെന്ന് അവര്‍ക്കറിയാം. ഇതിലേക്കാണ് 2012 ഡിസംബറില്‍ ഡല്‍ഹിയെ ഞെട്ടിച്ച നിര്‍ഭയ കേസ് കൂടി വരുന്നത്. നിര്‍ഭയ കേസില്‍ രാജ്യത്തെ ഇളക്കി മറിച്ച പ്രതിഷേധം രൂപപ്പെടുന്നത് ഡല്‍ഹിയെ ഗ്രസിച്ച ഈ പേടിയില്‍ നിന്നാണ്. കുറ്റകൃത്യത്തിന്റെ ഭീകരതയെക്കുറിച്ചുള്ള വിവരണങ്ങളിലൂടെ ഈ പേടി രാജ്യം മൊത്തം വ്യാപിക്കുകയും ചെയ്തു. വധശിക്ഷയ്‌ക്കെതിരായ കാംപയിനുകള്‍ ലോകമെമ്പാടും രൂപം കൊള്ളുകയും ഇന്ത്യയിലും അത് പരക്കുകയും ചെയ്ത കാലത്താണ് നിര്‍ഭയ കേസ് വരുന്നതെന്നതാണ് ശ്രദ്ധേയം. വധശിക്ഷാ വിരുദ്ധ കാംപയിനുകാര്‍ നിശബ്ദരായിരുന്നുവെന്ന് മാത്രമല്ല കുറ്റവാളികളെ എത്രയും വേഗം തൂക്കിക്കൊല്ലണമെന്ന കാംപയിന് അവര്‍ പിന്തുണ നല്‍കുകയും ചെയ്തു.
നിര്‍ഭയ കേസില്‍ ഞെട്ടിയ രാജ്യത്തിന്റെ പൊതുമനസ്സ് സമാനമായ മറ്റൊരു കേസിലും ഞെട്ടിയില്ലെന്നാണ്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഗുജറാത്തില്‍ നിര്‍ഭയ സംഭവത്തെക്കാള്‍ ക്രൂരമായ സംഭവം നടന്നത്. 19കാരിയായ പെണ്‍കുട്ടിയെ നാലുപേര്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു. അവളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. ലൈംഗികാവയവം വലിച്ചു കീറി. ഗര്‍ഭപാത്രം കുത്തിക്കീറി. നിലത്ത് കൂടി വലിച്ചിഴച്ചു. ഒടുവില്‍ കഴുത്തില്‍ കുരുക്കിട്ട് ഒരു മരത്തില്‍ തൂക്കിയിട്ട് മരണമുറപ്പിച്ചു. പെണ്‍കുട്ടി ദലിതായിരുന്നു. സ്ത്രീസുരക്ഷയ്ക്കായുള്ള ഒരു പ്രതിഷേധവുമുണ്ടായില്ല.
നഗരകേന്ദ്രീകൃത മധ്യവര്‍ഗത്തിനെതിരായ കുറ്റങ്ങള്‍ മാത്രമാണ് രാജ്യത്തിന്റെ പൊതുമനസ്സാക്ഷിയെ കീഴടക്കുന്നുള്ളൂ എന്നൊരു പേടിപ്പിക്കുന്ന വസ്തുത കൂടി നിര്‍ഭയ കേസ് നമ്മോട് പറയുന്നുണ്ട്. തട്ടിക്കൊണ്ടുപോകലുകളും ബലാത്സംഗവും ഡല്‍ഹി കുറ്റകൃത്യങ്ങളുടെ പൊതു രീതിയാണ്. കൊലയും കൊള്ളയുമാണ് മറ്റൊന്ന്. നിര്‍ഭയ ആദ്യത്തേതല്ല, അവസാനത്തേതുമായിരുന്നില്ല. നിര്‍ഭയക്ക് മുമ്പോ ശേഷമോ സമാനമായ കേസുകളുണ്ടായിട്ടും അത് വലിയ ഒച്ചപ്പാടുണ്ടാക്കിയില്ല. നിര്‍ഭയ കേസില്‍ പ്രായപൂര്‍ത്തിയായ കുറ്റവാളിയാണ് പെണ്‍കുട്ടിയോട് ഏറ്റവും ക്രൂരത കാട്ടിയതെന്നതായിരുന്നു ഡല്‍ഹി മധ്യവര്‍ഗം പ്രചരിപ്പിച്ച ആദ്യത്തെ നുണ. യഥാര്‍ഥത്തില്‍ തിഹാറില്‍ തൂങ്ങി മരിച്ച രാംസിങ്ങായിരുന്നു പെണ്‍കുട്ടിയോട് ഏറ്റവും കൂടുതല്‍ ക്രൂരത കാട്ടിയതെന്നാണ് അന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡല്‍ഹി പൊലിസ് കമ്മിഷണര്‍ നീരജ് കുമാര്‍ സിങ് പിന്നീട് വെളിപ്പെടുത്തിയത്.
ഇന്ത്യയിലെ മറ്റേത് നഗരവുമായി തട്ടിച്ചു നോക്കുമ്പോള്‍ അസൂയപ്പെടുത്തുന്ന ചിലതെല്ലാമുണ്ട് ഡല്‍ഹിക്ക്. നൂറുകണക്കിന് സുന്ദരന്‍ ലോ ഫ്‌ളോര്‍ ബസുകള്‍. എയര്‍പോര്‍ട്ട് ലക്ഷ്യമിട്ട് അതിവേഗ മെട്രോ പാത. സുപ്രധാന സ്ഥലങ്ങളെ കൂട്ടിയിണക്കും വിധം മെട്രോ ലൈനുകള്‍. മേല്‍പ്പാലങ്ങള്‍. ചരിത്രസ്മാരകങ്ങള്‍ തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന പലതുമുണ്ട്. എന്നാല്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ളതല്ല ഡല്‍ഹിക്കാരുടെ കാഴ്ചപ്പാടും ജീവിതവും പെരുമാറ്റവും. പൊലിസിങ് സംവിധാനവും സുരക്ഷാ സൗകര്യങ്ങളും ദുര്‍ബലമാണ്. തലസ്ഥാനമെന്ന നിലയില്‍ ബെയ്ജിങ്ങിനോടോ, ടോക്കിയോയോടോ മറ്റേതെങ്കിലും നഗരങ്ങളോടോ കിടപിടിക്കാവുന്ന സൗകര്യങ്ങളും സൗന്ദര്യവും സുരക്ഷയും ഡല്‍ഹിക്കില്ല. എന്നും പരിമിതിയുടെ നടുക്കടലിലായിരുന്നു ഡല്‍ഹി. 2001ലെ സെന്‍സസ് പ്രകാരം 573 സ്‌ക്വയര്‍ മൈലിലായി 13,782,976 പേര്‍ താമസിക്കുന്ന സ്ഥലം (നോയിഡ, ഗുഡ്ഗാവ്, ഗാസിയാബാദ്, ഫരീദാബാദ് ഉള്‍ക്കൊള്ളുന്ന നാഷണല്‍ കാപ്പിറ്റല്‍ റീജ്യനും കൂടി വരുമ്പോള്‍ ഇത് 16 ദശലക്ഷത്തിലധികമാവും). ഒരു സെന്‍സസിലും പെടാത്ത ലക്ഷക്കണക്കിന് വരുന്ന ബിഹാരികളും ബംഗാളികളും തമിഴരുമുള്‍പ്പെടുന്ന തൊഴിലാളികള്‍ വേറെയും. 2001ലെ കണക്ക് പ്രകാരം ഡല്‍ഹിയില്‍ വീടില്ലാത്തവരുടെ ജനസംഖ്യ എട്ടുലക്ഷമാണ്. ഇന്ത്യയില്‍ ആകെ വീടില്ലാത്തവരില്‍ 3.1 ശതമാനം ഡല്‍ഹിയിലാണ് താമസിക്കുന്നത്. ബിഹാറിലിത് 1.6 ശതമാനം മാത്രം.
സര്‍ക്കാര്‍ നടത്തുന്ന 2937 പേര്‍ക്ക് മാത്രം താമസിക്കാനാവുന്ന 14 അഭയകേന്ദ്രങ്ങളില്‍ മഴ, ശൈത്യകാലങ്ങളില്‍ താമസത്തിനെത്തുന്നത് ഒരു ലക്ഷത്തിലധികം പേരാണ്. ബാക്കിയുള്ളവരാകട്ടെ ഒന്നുകില്‍ തണുപ്പ് സഹിക്കുകയോ സ്വകാര്യവ്യക്തികള്‍ ഷീറ്റിട്ട് മറച്ചു രാത്രിക്ക് അഞ്ചുരൂപ മുതല്‍ 15 രൂപവരെ വാടക ഈടാക്കി നല്‍കുന്ന വാസസ്ഥലങ്ങളില്‍ കഴിയുകയോ ചെയ്യുന്നു.
ഏറ്റവും കൂടുതല്‍ ഭിക്ഷക്കാരുള്ള നഗരങ്ങളിലൊന്നാണ് ഡല്‍ഹി. ഡല്‍ഹിയില്‍ ആകെ അറസ്റ്റിലാവുന്നവരില്‍ 14 ശതമാനവും തെരുവുകളില്‍ ജീവിക്കുന്നവരാണ്. 15 ശതമാനം പേര്‍ അറസ്റ്റിലാവുന്നത് യാചനയുടെ പേരിലും. ഇന്ത്യയിലെ ഏതു നഗരങ്ങളുമായി തട്ടിച്ചുനോക്കുമ്പോഴും ഉയര്‍ന്ന കണക്കാണിത്. ഡല്‍ഹിയില്‍ ഭവനരഹിതരില്‍ 55 ശതമാനം പൊതുകക്കൂസുകള്‍ ഉപയോഗിക്കുമ്പോള്‍ 20 ശതമാനത്തിലധികം ഇപ്പോഴും തുറന്ന സ്ഥലങ്ങളില്‍ മലവിസര്‍ജ്ജനം നടത്തുന്നു. പഴയ ഡല്‍ഹിയില്‍ പൊട്ടിപ്പൊളിഞ്ഞതും ഇടുങ്ങിയതുമായ നിരവധി റോഡുകളുണ്ട്. കൂടാതെ ഗതാഗതക്കുരുക്കും പതിവാണ്. മാലിന്യങ്ങള്‍ തൊട്ടുമുന്നിലേക്ക് വലിച്ചെറിയുന്ന സംസ്‌കാരമാണ് മിക്കയിടത്തും. ഡല്‍ഹിയിലെ ജനസംഖ്യയില്‍ 40 ശതമാനത്തിലധികവും പുറത്തുനിന്ന് കുടിയേറിയവരാണ്. ജാതിയെയും തൊഴിലിനെയും സാമ്പത്തിക സ്ഥിതിയെയും അടിസ്ഥാനമാക്കി രൂപം കൊണ്ട ശീലങ്ങളാണ് ഇവിടെയുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്യവല്‍ക്കരണവും വിവേചനങ്ങളും നഗരത്തിന്റെ ശീലങ്ങളില്‍ അടിയുറച്ചു പോയിട്ടുണ്ട്.
ഡല്‍ഹിയിലെ ഏറ്റവും സുശക്തരും സമ്പന്നരും വിജയകരമായ വ്യവസായങ്ങള്‍ നടത്തുന്നവരും പഞ്ചാബികളാണ്. സ്വകാര്യ ഭൂമിയുടെ വലിയൊരു വിഭാഗം അവര്‍ കൈവശംവയ്ക്കുന്നു. ഏറ്റവും ദുര്‍ബലരായ വിഭാഗം ബിഹാരികളും ബംഗാളികളും. കൈവണ്ടിയും സൈക്കിള്‍ റിക്ഷയും ചവിട്ടുന്നവരാണവര്‍. ഡല്‍ഹിയിലെ ഉന്നതകുലജാതരും സമ്പന്നരും താമസിക്കുന്ന ഫ്രണ്ട്‌സ് കോളനിയും മോഡല്‍ ടൗണും ശാസ്ത്രി പാര്‍ക്കും മുതല്‍ സാധാരണ തൊഴിലാളികള്‍ പുഴുതുല്യമായ ജീവിതം നയിക്കുന്ന വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സീമാപുരിയും പഴയഡല്‍ഹിയിലെ ഹൗസ്ഖാസിയും ജി.ബി റോഡും ഗുഡ്ഗാവിലും നോയിഡയിലും പുതുതായുയര്‍ന്ന സമ്പന്നര്‍ക്കായുള്ള ഷോപ്പിങ് മാളുകളും ദരിദ്രര്‍ വിലപേശിസാധനങ്ങള്‍ വാങ്ങുന്ന ലജ്പത് മാര്‍ക്കറ്റും ചാന്ദ്‌നി ചൗക്കും മീണ ബസാറുമെല്ലാം ഒരേ ഡല്‍ഹിയെയാണ് പ്രതിനിധീകരിക്കുന്നത്.
പൊലിസും തട്ടിപ്പുകാരും പിടിച്ചുപറിക്കാരുമടങ്ങുന്ന മാഫിയ അവികസിത പ്രദേശങ്ങളിലുണ്ട്. പിടിച്ചുപറി, മോഷണം പോലുള്ള കേസൊതുക്കാന്‍ പൊലിസ് തന്നെ പരാതിക്കാരന് കൈക്കൂലി നല്‍കുന്നത് ഡല്‍ഹിയില്‍ പതിവാണ്. വൃത്തിഹീനമായ ഭക്ഷണശാലകളുള്ള, ക്യൂപാലിക്കാത്ത, മഴപെയ്താല്‍ റോഡ് ബ്ലോക്കാവുന്ന, വഴിയരികില്‍ മദ്യപിച്ച് തല്ലുണ്ടാക്കുന്ന, ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്ത, സ്ഥലകാലബോധമില്ലാതെ ഹോണ്‍ മുഴയ്ക്കുന്ന, റോഡിലെ കുഴികളെ പേടിക്കാതെ നടപ്പാതകളിലൂടെ നടക്കാന്‍ കഴിയാത്ത നഗരമാണ് ഡല്‍ഹി. കുറ്റവാളികളുടെ കഴുത്തില്‍ കുരുക്കിടുമ്പോഴല്ല, കുറ്റങ്ങളില്ലാതാവുമ്പോഴാണ് സന്തോഷിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."