HOME
DETAILS
MAL
മാസ്‌കും സാനിറ്റൈസറും തോന്നിയ വിലയില്‍; ഏപ്രില്‍ ഒന്നുമുതല്‍ വിലനിയന്ത്രണം വന്നേക്കും
backup
March 20 2020 | 04:03 AM
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം തടയുന്നതിനായി സാനിറ്റൈസറും മാസ്‌കും വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ വില തോന്നിയപോലെ. വ്യാജ സാനിറ്റൈസറുകള്‍ പുറത്തിറക്കുകയും മാസ്‌കിന് ഉള്‍പ്പെടെ തോന്നിയപോലെ വില ഈടാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ ഇവയുടെ വില നിശ്ചയിച്ചേക്കും.
മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയ്ക്ക് വില നിശ്ചയിച്ച് ഇതുവരെ നാഷണല്‍ ഫാര്‍മസിക്യൂട്ടിക്കല്‍ പ്രൈസിങ് അഥോറിറ്റി ഉത്തരവിറക്കിയിട്ടില്ല. കൊറോണ വന്നപ്പോള്‍ വന്‍തോതില്‍ വില്‍പ്പന നടക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. ഇതോടെ വ്യാജന്‍ മാത്രമല്ല പൂഴ്ത്തിവയ്പ്പും വന്‍ വില ഈടാക്കുന്നതും ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വില നിശ്ചയിക്കുന്നതിലേക്ക് പോകുന്നത്. ഇതോടെ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തീവിലയും അവസാനിക്കും.
അതോറിറ്റി വില നിശ്ചയിക്കുന്നതോടെ ആ വിലയ്ക്ക് ഇവ വിറ്റഴിക്കേണ്ടി വരും. അതിനാല്‍ പൂഴ്ത്തിവയ്പ്പ് അവസാനിപ്പിച്ച് ഉള്ള ഉല്‍പ്പന്നങ്ങള്‍ ന്യായവിലയ്ക്ക് നല്‍കാനാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്നത്. നിലവിലെ സാഹചര്യം വിലയിരുത്തി കേരള ഡ്രഗ്‌സ് കണ്‍ട്രോള്‍ ബോര്‍ഡ്, നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിക്ക് കത്തെഴുതിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ മാസ്‌ക്, സാനിറ്റൈസര്‍ വില നിലവാരം നിശ്ചയിച്ച് ഉത്തരവ് വരും എന്നാണ് കേരള സര്‍ക്കാരിനു നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റി നല്‍കിയിരിക്കുന്ന സൂചന. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയ്ക്ക് നിശ്ചിത വില ഇല്ലാത്തതിനാല്‍ ഇപ്പോള്‍ റെയ്ഡ് നടത്തുന്ന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിനു തടസമുണ്ട്. വില നിശ്ചയിച്ചു കഴിഞ്ഞാല്‍ സാങ്കേതിക പ്രശ്‌നം ഒഴിവാക്കാനാകും.
സാങ്കേതികമായി തടസമുണ്ടെങ്കിലും ഇപ്പോഴും റെയ്ഡുകള്‍ ആരോഗ്യ വകുപ്പ് നടത്തുന്നുണ്ട്. കൂടിയവിലയും പൂഴ്ത്തിവയ്പ്പിനും പുറമേ ഗുണനിലവാരമില്ലാത്ത രീതിയില്‍ മാസ്‌കും സാനിറ്റൈസറും നിര്‍മിച്ച് വിപണിയില്‍ എത്തിക്കുന്നതായും വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്.
സാനിറ്റൈസര്‍ നിര്‍മാണത്തിനുപയോഗിക്കുന്ന ഐസോപ്രൊപൈല്‍ ആല്‍ക്കഹോളിന്റെ വില കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കുത്തനെയാണ് വര്‍ധിച്ചത്. ലിറ്ററിന് 140 രൂപ ആയിരുന്ന ഐസോപ്രൊപൈല്‍ ആല്‍ക്കഹോളിന്റെ മൊച്ചക്കച്ചവട വിലതന്നെ 300 ആയി ഉയര്‍ന്നു.
സാനിറ്റൈസറിന്റെ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയതോടെ ഈ രംഗത്ത് മുന്‍പരിചയമില്ലാത്ത കമ്പനികള്‍വരെ നിര്‍മാണം ആരംഭിക്കുകയും ചേരുവകള്‍ വ്യത്യസ്തമാക്കി വന്‍വില ഈടാക്കുകയുമാണ്. പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഉള്‍പ്പെടെ സാനിറ്റൈസറിന്റെ ഉല്‍പ്പാദനം ആരംഭിച്ചിട്ടുണ്ട്. എങ്കിലും പൊതുജനങ്ങള്‍ക്ക് ആവശ്യമായ അളവില്‍ സാനിറ്റൈസറും മാസ്‌കും ലഭിക്കുന്നില്ലെന്ന പരാതി ഉണ്ട്.
ക്ഷാമം പരിഹരിക്കാനായി പലപ്പോഴായി പിടിച്ചെടുത്ത ഒന്നര ലക്ഷം ലിറ്റര്‍ ചാരായം സാനിറ്റൈസര്‍ നിര്‍മാണത്തിന് ഉപയോഗിക്കാന്‍ ഡ്രഗ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് തീരുമാനിച്ചിട്ടുണ്ട്. അവര്‍ ഇക്കാര്യം സര്‍ക്കാരിനെയും അറിയിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ അനുമതി ലഭിച്ചുകഴിഞ്ഞാല്‍ പിടിച്ചെടുത്ത ചാരായം ഉപയോഗിച്ചുള്ള സാനിറ്റൈസര്‍ നിര്‍മാണം ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."