ഭൂമി കൈയേറുന്നതായി പരാതി
കോഴിക്കോട്:ജില്ലയുടെയും മലപ്പുറത്തിന്റെയും അതിര്‍ത്തി പങ്കിടുന്ന താലൂക്കുകളില്‍ അനധികൃത ഖനനവും വയലുകള്‍ മണ്ണിട്ടു നികത്തുന്നതായും പുറമ്പോക്കുകള്‍ കൈയേറുന്നതായും പരാതി. കൊണ്ടോട്ടി, ഏറനാട് താലൂക്കുകളിലാണ് 2008ലെ തണ്ണീര്‍ത്തട സംരക്ഷണ നിയമവും പശ്ചിമഘട്ട സംരക്ഷണ നിയമവും കാറ്റില്‍പറത്തി അതിക്രമം നടക്കുന്നതെന്ന് മലപ്പുറത്തെ പരിസ്ഥിതി മനുഷ്യാവകാശ സമിതി പ്രവര്‍ത്തകര്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2008 ലെ തണ്ണീര്‍ത്തട നിയമങ്ങള്‍ നിലനില്‍ക്കെ 2011 മുതല്‍ നെല്‍വയലുകളും കൈത്തോടുകളും മണ്ണിട്ടു നികത്തുകയും തൈകള്‍വച്ച് തരംമാറ്റുകയും പുറമ്പോക്കുകള്‍ കൈയേറി കൃഷിയിറക്കുന്നതും ഇവിടെ നിര്‍ബാധം തുടരുകയാണ്. ചില ഉന്നതരുടെ നേതൃത്വത്തിലാണു ഖനനം നടക്കുന്നതെന്നും അതിന് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഒത്താശയും ഈ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. പരാതികള്‍ നല്‍കുമ്പോള്‍ മണ്ണിടിക്കാനും മറ്റും ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടിച്ച് ഫൈന്‍ അടപ്പിച്ച് വിടുന്നു. എന്നാല്‍ വീണ്ടും അതേ വാഹനങ്ങള്‍തന്നെ മണ്ണിടിക്കാനും വയല്‍ നികത്താനും ഉപയോഗിക്കുന്നു. മലകള്‍ ഇടിച്ച് ഖനനം നടത്തുന്നതിനെതിരേ ഹൈക്കോടതിയെ സമീപിച്ച് വാഴക്കാട് വില്ലേജിലെ തുവ്വക്കാട്ട്മല, കോടിയമ്മല്‍ മല എന്നിവിടങ്ങളില്‍നിന്ന് കല്ലോ മണ്ണോ കൊണ്ടുപോകാന്‍ പാടില്ലെന്ന ഉത്തരവ് സമ്പാദിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവ് നിലനില്‍ക്കെ ഇപ്പോഴും അനധികൃത ഖനനം തുടരുകയാണെന്നും പ്രവര്‍ത്തകര്‍ പറയുന്നു.
മഞ്ചേരിയില്‍ സ്ഥിതിചെയ്യുന്ന ജിയോളജി ഓഫിസില്‍ പരാതി പറഞ്ഞാല്‍ മലപ്പുറത്തു തങ്ങള്‍ക്ക് ഒരു ഓഫിസ് മാത്രമേയുള്ളൂവെന്നു പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറുന്നതായും ഇവര്‍ ആരോപിക്കുന്നു. അതോടൊപ്പം തന്നെ വയലില്‍ മണ്ണിടുന്നതു സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞാല്‍ അതു തങ്ങളുടെ പരിതിയില്‍പെടുന്ന കാര്യമല്ലെന്ന മറുപടിയാണു ലഭിക്കുന്നത്. ചാലിയാറിനോട് ചേര്‍ന്ന് ഇപ്പോള്‍ പുറമ്പോക്കുഭൂമികള്‍ ഇല്ല. നദിയില്‍ നിന്നുമുള്ള മണലെടുപ്പ് രൂക്ഷമായെന്നും സമിതി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞിക്കോയ പറഞ്ഞു. അവശേഷിക്കുന്ന വയലുകളും മലകളും നീര്‍ച്ചാലുകളും സംരക്ഷിക്കാന്‍ അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ മാനുക്കുട്ടന്‍ വാഴയൂര്‍, അബ്ദു വാഴയൂര്‍, അബൂട്ടി വെട്ടുപാറ, അബൂബക്കര്‍ കോടിയമ്മല്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."