സെന്‍ട്രല്‍ മാര്‍ക്കറ്റ് നവീകരണത്തിന് തുടക്കം
കോഴിക്കോട്: നഗരത്തിലെ പ്രധാന വ്യാപാര മേഖലയായ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായി. പ്രവൃത്തികളുടെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. നൂറുകണക്കിന് ആളുകള്‍ മത്സ്യവും മാംസവും വാങ്ങാനെത്തുന്ന കോഴിക്കോട്ടെ പ്രധാന വിപണിയാണിത്. നിലവിലുള്ള സൗകര്യങ്ങള്‍ ആധുനികവല്‍ക്കരിക്കുകയും വൃത്തിയുള്ളതാക്കുകയുമാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്.
മീന്‍ മാര്‍ക്കറ്റിലെ പൊട്ടിപ്പൊളിഞ്ഞ ടൈലുകള്‍ മാറ്റി പുതിയവ സ്ഥാപിക്കും. വായുസഞ്ചാരവും വെളിച്ചവും ലഭ്യമാക്കുന്നതിനായി കടകളില്‍ ജനലുകള്‍ സ്ഥാപിക്കും. കൂടാതെ മത്സ്യങ്ങള്‍ വൃത്തിയോടെ സൂക്ഷിക്കുന്നതിനായി ഗ്ലാസ് സ്റ്റാളുകളും മാര്‍ക്കറ്റില്‍ സ്ഥാപിക്കും.
മീന്‍ മാര്‍ക്കറ്റിനോടു ചേര്‍ന്നുള്ള അറവുശാലകളിലെ ദ്രവിച്ച ഷട്ടറുകള്‍ മാറ്റി പുതിയവ സ്ഥാപിക്കും. ഒപ്പം തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ശുചിമുറികള്‍ സ്ഥാപിക്കും. ഒന്നാം നിലയിലെ ഇലക്ട്രിക് റൂം കൂടുതല്‍ വിപുലീകരിക്കും.
ആറുമാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണു കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്. അസി. എന്‍ജിനീയര്‍ സി.എച്ച് മുഹമ്മദിനാണ് നിര്‍മാണ ചുമതല. നവീകരണത്തോടെ മാര്‍ക്കറ്റിന്റെ പോരായ്മകള്‍ പരിഹരിക്കപ്പെടുമെന്നാണു കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."