തൃക്കരിപ്പൂരില്‍ അന്താരാഷ്ട്ര ഇന്‍ഡോര്‍ സ്റ്റേഡിയം വരുന്നു
തൃക്കരിപ്പൂര്‍: അന്താരാഷ്ട്ര ഇന്‍ഡോര്‍ സ്റ്റേഡിയം കരാര്‍ നടപടി തുടങ്ങി. കഴിഞ്ഞ ബജറ്റിലാണ് ജില്ലക്ക് മള്‍ട്ടി പര്‍പ്പസ് അന്താരാഷ്ട്ര ഇന്‍ഡോര്‍ സ്റ്റേഡിയം അനുവദിച്ചത്. ഫെബ്രുവരി 20ന് കരാര്‍ നടപടി പൂര്‍ത്തീകരിച്ച് ടെന്‍ഡര്‍ തുറക്കും. മള്‍ട്ടി പര്‍പ്പസ് അന്താരാഷ്ട്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം ആരംഭിക്കുതിന് മുന്നോടിയായി നേരത്തെ രൂപകല്പനാ സംഘം ഇവിടെ സര്‍വേ നടത്തിയിരുന്നു. സ്റ്റേഡിയത്തിന്റെ പ്ലാന്‍ തയാറാക്കുന്നതിന്റെ ഭാഗമായാണ് സര്‍വേ നടത്തിയത്. നടക്കാവ് സിന്തറ്റിക് ഫുട്ബോള്‍ മൈതാനത്തോട് ചേര്‍ന്നാണ് അന്താരാഷ്ട്ര നിലവാരമുള്ള മള്‍ട്ടി പര്‍പ്പസ് മൈതാനം നിര്‍മിക്കുന്നത്. വെല്ലിങ്ടണ്‍ ഫുട്ബോള്‍ പരിശീലകനായിരുന്ന എം.ആര്.സി കൃഷ്ണന്റെ നാമധേയത്തിലാണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. 40 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. 35000 പേര്‍ക്ക് ഇരുന്നു കളി കാണാനുള്ള പവലിയന്, 400 മീറ്റര്‍ ട്രാക്ക്, ഫ്ളഡ്ലിറ്റ്, വിശ്രമ മുറി, ഇന്‍ഡോര്‍ മൈതാനിയില്‍ വോളിബോള്‍, ഷട്ടില്‍, ബാസ്ക്കറ്റ് ബോള്‍, ഗെയിംസ് കോര്‍ട്ടുകള്‍, സമാന്തര റോഡ്, വാഹന പാര്‍ക്കിങ്, ഓവുചാല്‍ എന്നിവയും ഒരുക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപറേറ്റിവ് സൊസൈറ്റിയാണ് പദ്ധതി തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചത്.
തൃക്കരിപ്പൂര്‍ പഞ്ചായത്ത് വിട്ടുനല്‍കിയ 13 ഏക്കര്‍ സ്ഥലം പൂര്‍ണമായും ഉപയോഗപ്പെടുത്തിയാണ് അന്താരാഷ്ട്ര നിലവാരമുളള സ്റ്റേഡിയം നിര്‍മിക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളിലും ഒന്നുവീതം ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളാണ് അനുവദിച്ചത്. ദേശീയ ടീമിലും പ്രൊഫഷനല്‍ ക്ലബുകളിലുമായി ഡസനിലേറെ കളിക്കാരെ സംഭാവന ചെയ്ത പ്രദേശമെന്ന പരിഗണന നല്‍കിയാണ് ജില്ലയിലെ കായിക മേഖലക്ക് പുത്തന്‍ ചുവടുവയ്പ്പായി അന്താരാഷ്ട്ര സ്റ്റേഡിയം തൃക്കരിപ്പൂരില്‍ ഒരുക്കുന്നത്. ജില്ലയില്‍ ആദ്യത്തെ സിന്തറ്റിക് സ്റ്റേഡിയവും തൃക്കരിപ്പൂരിലാണെന്ന ഖ്യാതിക്കൊപ്പം മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയവും എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് കായിക സ്നേഹികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."