ഇത് പൊലിസ് സ്റ്റേഷനിലേക്കുള്ള റോഡാണ്!
വിദ്യാനഗര്‍: വിദ്യാനഗര്‍ പൊലിസ് സ്റ്റേഷനടക്കം നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള റോഡ് തകര്‍ന്ന് തരിപ്പണമായി കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ദിനേന നിരവധി പേര് യാത്രക്ക് ഉപയോഗിക്കുന്ന റോഡ് തകര്‍ന്ന് ഗതാഗതം ദുസഹമായിട്ടും അധികൃതര്‍ കണ്ട മട്ടില്ല.
വിദ്യാനഗര്‍ പൊലിസ് സ്റ്റേഷന്, ജില്ലാ കോടതി, ജില്ലാ എക്സൈസ് ഓഫിസ്, വിജിലന്‍സ് ഓഫിസ് എന്നീ ഓഫിസുകളും മറ്റും പ്രവര്‍ത്തിക്കുന്ന റോഡിനാണ് ഈ ദുരവസ്ഥ. പൊലിസ് സ്റ്റേഷനിലേക്കും ജില്ലാ കോടതിയിലേക്കുമടക്കം വാഹനങ്ങളുമായി എത്തുന്നവരും കാല്‍നട യാത്രക്കാരുമാണ് കൂടുതലും ദുരിതം പേറുന്നത്. വാഹനങ്ങള്‍ റോഡിലൂടെ കടന്നു പോകുമ്പോള്‍ കല്ല് തെറിച്ച് കാല്‍നടയാത്രക്കാര്‍ക്ക് പരുക്കേല്‍ക്കുന്നതും പതിവാണ്. മാസങ്ങളായി റോഡ് തകര്‍ന്ന് കിടക്കുന്നത് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും നാട്ടുകാരും ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് പരാതി. റോഡ് തകര്‍ന്ന് കിടക്കുന്നത് കാരണം അത്യാവശ്യ ഘട്ടങ്ങളില്‍ പെട്ടെന്ന് വാഹനമെടുത്ത് നഗരത്തിലേക്കിറങ്ങാന്‍ കഴിയുന്നില്ലെന്നതാണ് അവസ്ഥ. ജില്ലാ കോടതിയിലേക്കും പൊലിസ് സ്റ്റേഷനിലേക്കും വിജിലന്‍സ് ഓഫിസിലേക്കുമൊക്കെ എത്തിപ്പെടേണ്ട റോഡിന്റെ അവസ്ഥയിതാണെങ്കില്‍ മറ്റു റോഡുകളുടെ കാര്യം ചിന്തിക്കേണ്ടതേയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."