തോല്‍ക്കാന്‍ മത്സരിക്കുന്ന ജനത
#പിണങ്ങോട് അബൂബക്കര്‍
9847700450
ചോര കുറച്ചുകൂടി, ചോര കുറേക്കൂടി, ചോര... അതാണ് ആവര്‍ത്തിച്ചുവരുന്ന വിപ്ലവ ശീലങ്ങള്‍. ക്രൂരതകള്‍ ക്രമപരമായ നാട്ടുനടപ്പായി സ്വീകരിക്കപ്പെടുകയാണ് എങ്ങും. ലോകത്ത് അധികം നടന്നത് മനുഷ്യനെ തോല്‍പിക്കാനുള്ള യജ്ഞങ്ങളാണോ അട്ടപ്പാടിയില്‍ പട്ടിണി കാരണം അവശനായ ആദിവാസി യുവാവ് മധുവിനെ നമ്മളെന്തിനാണ് കൂട്ടം ചേര്‍ന്ന് തല്ലിക്കൊന്നത് മധുവിന്റെ കൈയില്‍ ഒരു പ്ലാസ്റ്റിക് കവറില്‍ വിലകൂടിയ പ്ലാറ്റിനമല്ല ഉണ്ടായിരുന്നത്. കഞ്ഞിവയ്ക്കാനുള്ള അല്‍പം അരിമണികള്‍ മാത്രം. മോഷണക്കുറ്റം ആരോപിച്ച് ആ സാധു യുവാവിനെ നിഷ്‌കരുണം തല്ലിക്കൊന്നു. അംബാനിയെയും മധുവിനെയും ഇന്ത്യന്‍ ഭരണഘടന തുല്യ പൗരരായി പരിഗണിക്കുന്നു. എന്തുകൊണ്ട് 70 കൊല്ലം കൊണ്ട് ഇത്ര വലിയ വിടവുണ്ടായി എന്നത് അത്ഭുതമല്ല. ഇന്ത്യ ഭരിച്ചവര്‍ക്ക് നമ്മെ പരിഗണിക്കാന്‍ സാധിച്ചില്ല എന്നതാണ് ലളിതമായ ഉത്തരം. മുതലാളിമാര്‍ക്കുവേണ്ടി മുതലാളിമാര്‍ ഭരിക്കുകയോ ഭരിക്കാന്‍ ഏല്‍പിക്കുകയോ ചെയ്യുന്നതാണ് ഇന്ത്യന്‍ പതിവ്.
കാവല്‍ക്കാര്‍ കള്ളന്മാരാകുന്നതാണ് നാം നേരിടുന്ന വലിയ വെല്ലുവിളി. സ്വാതന്ത്ര്യാനന്തരം കാല്‍ ലക്ഷത്തിലധികം വര്‍ഗീയ കലാപങ്ങള്‍ സംഘടിപ്പിച്ചവരാണ് ഇപ്പോള്‍ ഇന്ത്യ ഭരിക്കുന്നത്. വരും തലമുറകളെക്കുറിച്ച് തലകൊടുത്തു വിചാരിക്കാന്‍ മനസ്സില്ലാത്തവര്‍ നിരന്തരം തോറ്റു കൊടുക്കുകയല്ല തോല്‍വി ഇരന്നു വാങ്ങുകയാണ്.
മഹാത്മാഗാന്ധിയെ എത്ര പെട്ടെന്ന് നമുക്ക് വെടിവച്ചു കൊല്ലാന്‍ കഴിഞ്ഞു. സ്വാതന്ത്ര്യം നന്നായി ആസ്വദിക്കാന്‍ പോലും നാം അദ്ദേഹത്തെ അനുവദിച്ചില്ല. മഹാത്മജിയുടെ എഴുപത്തിയൊന്നാം രക്തസാക്ഷി ദിനത്തില്‍ അദ്ദേഹത്തിന്റെ രൂപത്തിനു നേരെ ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെ നിറയൊഴിച്ച വാര്‍ത്ത അലിഗഢില്‍നിന്ന് പുറത്തുവന്നു. ഹിന്ദുമഹാസഭ സെക്രട്ടറിക്കെതിരേ കേസുള്ളതായി കേട്ടിട്ടില്ല. ഗാന്ധിജി പക്കാ ഹിന്ദുവായിരുന്നു. എന്നിട്ടുമെന്തേ ഇവര്‍ അദ്ദേഹത്തെ കൊന്നു, ഇപ്പോഴും കൊല്ലുന്നു ഗാന്ധിജിയോളം വലിയ ഹിന്ദു ദാര്‍ശനികനും വിശ്വാസിയും അധികം ഉണ്ടാവാനിടയില്ല. എന്നിട്ടും നാഥുറാം വിനായക് ഗോഡ്‌സെ ആ മനുഷ്യന്റെ മാറിലേക്ക് വെടിവയ്പിക്കാന്‍ എന്താണ് പ്രേരകം
ഏഴു പതിറ്റാണ്ടിനിടയില്‍ സംഘ്പരിവാര്‍ ശക്തികള്‍ കൊന്നുതീര്‍ത്ത മനുഷ്യരുടെ ആത്മാക്കള്‍ ഇപ്പോഴും വിലപിക്കുകയാണ്. ചോര വീഴ്ത്തിയ വാര്‍ത്ത ഹൃദയാഹ്ലാദമുണ്ടാക്കുന്ന മനസ് മാറാത്ത കാലത്തോളം ഭാരതം മുടന്തിയേ വളരൂ. പള്ളിയില്‍ വായനയിലേര്‍പെട്ട നിയാസ് മുസ്‌ലിയാരെ കൊന്നവര്‍ പറഞ്ഞത് ഇന്ന് ഒരു മുസ്‌ലിമിനെ കൊല്ലണം എന്നേ ഉണ്ടായിരുന്നുള്ളൂ എന്നാണ്. ബായാര്‍ മൂസക്കുഞ്ഞി എന്ന അബ്ദുല്‍ കരീം മുസ്‌ലിയാര്‍ ആക്രമിക്കപ്പെടാന്‍ ഇടയായത് അദ്ദേഹത്തിന്റെ തലയിലൊരു തൊപ്പി ഉണ്ടായിരുന്നതു കൊണ്ട് മാത്രമാണ്.
ഹിന്ദുത്വ ആചാര്യന്മാരെന്ന് പറയുന്ന ചിലര്‍ നടത്തിവന്ന ബൗദ്ധിക ബലാല്‍ക്കാരം കാരണം ഒരു ചെറുന്യൂനപക്ഷം ഹിന്ദുക്കളുടെയെങ്കിലും ബാലന്‍സ് തെറ്റിയിരിക്കുന്നു. അതുകൊണ്ടാണ് അവര്‍ ഗാന്ധിജിയുടെ ചിത്രത്തിനു നേരെ വെടിയുതിര്‍ക്കാന്‍ ഒരുമ്പെട്ടത്.
ഉദ്യോഗസ്ഥ വിന്യാസം
കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരിയുടെ സ്ഥാനചലനം വാര്‍ത്തയായി. ഗതാഗതമന്ത്രി അറിയാതെ എം.ഡിയെ മാറ്റുന്ന കാര്യം മുഖ്യമന്ത്രി പറഞ്ഞു എന്നാണ് പത്രവാര്‍ത്ത. ശശീന്ദ്രന്റെ പാര്‍ട്ടിയുടെ ആള്‍ബലമറിയുന്ന മുഖ്യമന്ത്രിക്ക് അങ്ങനെ ചെയ്യാന്‍ അധികാരമുണ്ട്. ധാര്‍മികത രാഷ്ട്രീയത്തില്‍ അധികം ഇല്ലല്ലോ. വരവില്‍കവിഞ്ഞ പണസമ്പാദനവും വിദേശയാത്രയും ബന്ധങ്ങളുമൊക്കെ ഈ തങ്കപ്പെട്ട മനുഷ്യനെതിരേ ഉയര്‍ന്നുവന്നത് ഓര്‍ക്കുക. ടി.ഒ സൂരജ് വാരിക്കൂട്ടിയത് കുറച്ചൊക്കെ കോടതി ഇടപെട്ട് കണ്ടുകെട്ടിയെങ്കിലും മഹാ വില്ലന്മാര്‍ ഇപ്പോഴും സസുഖം കഴിയുകയാണ്.
എന്റെ ഒരു ചെറു അനുഭവം ഇവിടെ പറയാം. 1995ല്‍ എന്റെ പഞ്ചായത്തിലെ ഒരു കൃഷി ഓഫീസര്‍ എണ്ണായിരം രൂപ അഴിമതി നടത്തിയെന്ന പരാതി ഞങ്ങളുടെ ബോര്‍ഡിനു മുമ്പാകെ വന്നു. അന്വേഷണം നടത്താന്‍ രാഷ്ട്രീയം മറന്ന് ഏകകണ്ഠമായി ജില്ലാ കൃഷി ഓഫീസറോടാവശ്യപ്പെട്ടു. മറ്റൊരു പഞ്ചായത്തില്‍ 12,000 രൂപ അഴിമതി നടത്തിയ ഒരു ഓഫീസറെയാണ് അന്വേഷണച്ചുമതല ഏല്‍പിച്ചത്. നമ്മുടെ സിവില്‍ സര്‍വീസ് മേഖലയുടെ അവസ്ഥയാണിത്.
1995ല്‍ കിലയില്‍ ഭരണം പഠിക്കാന്‍ ഞാന്‍ രണ്ടാഴ്ച താമസിച്ചിരുന്നു. ഐ.എ.എസുകാരനായ ഒരു ഉയര്‍ന്ന വകുപ്പുതല സെക്രട്ടറി എടുത്ത ക്ലാസ് ഇങ്ങനെയാണ്: അസമിലെ ഒരു ഗ്രാമപ്രദേശത്തെ ബ്ലോക്ക് ഓഫീസറായി ഒരു ഉദ്യോഗസ്ഥന്‍ വന്നു. പഞ്ചായത്ത് രാജ് നിയമം നടപ്പാക്കുന്നതിന് മുമ്പ് ബ്ലോക്ക് തല വികസനങ്ങള്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എന്ന ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലായിരുന്നു. ഗ്രാമത്തില്‍ ഒരു സ്ഥലത്ത് ഒരു പൊതുകുളത്തിന് പ്രോജക്ട് തയാറാക്കി അഞ്ചു ലക്ഷം രൂപ പാസാക്കി. പിന്നീടുവന്ന ഉദ്യോഗസ്ഥന്‍ കുളം വികസനത്തിന് മറ്റൊരു മൂന്നു ലക്ഷവും കൂടി പാസാക്കി.
മൂന്നാമന്‍ വിപുലമായൊരു പദ്ധതിയാണ് മേലുദ്യോഗസ്ഥനു സമര്‍പ്പിച്ചത്. കുളത്തില്‍ കന്നുകാലികള്‍ ഇറങ്ങി വിസര്‍ജിക്കുന്നതുകാരണം ജലം മലിനമായി പകര്‍ച്ചവ്യാധികള്‍ പടരാന്‍ ഇടയുണ്ടെന്നും ഉടനടി നികത്തണമെന്നുമായിരുന്നു റിപ്പോര്‍ട്ട്. അതിന് അഞ്ചുലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ച് പരിശോധിച്ച് പാസാക്കി.
നാലാമത്തെ ഉദ്യോഗസ്ഥന്‍ വന്നപ്പോള്‍ ഫയലും സ്ഥലവും പരിശോധിച്ചു. കുളം കുഴിക്കുകയോ വികസിപ്പിക്കുകയോ നികത്തുകയോ ചെയ്തിട്ടില്ലെന്ന് ബോധ്യമായി. സാങ്കല്‍പിക കുളത്തിന് സര്‍ക്കാര്‍ ചെലവിട്ടത് 13 ലക്ഷം രൂപ. ഉത്തരവാദികളെ അന്വേഷിച്ചപ്പോള്‍ രണ്ടുപേര്‍ കാലം ചെയ്തതായും മറ്റൊരാള്‍ വിരമിച്ച് വിശ്രമത്തിലാണെന്നും മനസ്സിലായി. തന്റെ പേരില്‍ ഒരു സെന്റ് സ്ഥലവും ബാങ്കില്‍ ഒരു രൂപ ബാലന്‍സുമില്ലാത്ത ഈ അവശേഷിക്കുന്ന ഉദ്യോഗസ്ഥനെതിരേ നടപടികള്‍ സ്വീകരിക്കാനും വഴിയുമില്ല. നമ്മുടെ രാജ്യത്തിന്റെ ഭരണക്രമമാണിത്. രാഷ്ട്രീയ നേതൃത്വത്തെ വഴിവിട്ട് സഹായിക്കുന്ന ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥര്‍ കാണിക്കുന്ന എല്ലാ അതിക്രമങ്ങള്‍ക്കും ഒത്താശ ചെയ്യുന്ന ഭരണകൂടങ്ങളും. പാവം പൗരര്‍ നികുതി കൊടുക്കാന്‍ വിധിക്കപ്പെട്ടവര്‍. കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയം ഭാരമായി പൗരന് തലയില്‍ വീണ്ടും പതിക്കുകയാണ്. അതിനിടയിലാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു സര്‍ക്കാര്‍ കൈയും കണക്കുമില്ലാതെ വാരിക്കോരി നല്‍കിയത്. നവകേരള സൃഷ്ടി എന്ന നല്ല പ്രയോഗം മാത്രമാണ് നമുക്ക് സ്വപ്നം കാണാനുള്ളത്.
കത്തിപ്പടരുന്ന പ്രതിഷേധങ്ങള്‍
ഫ്രാന്‍സ്, വെനിസ്വേല തുടങ്ങി പല രാഷ്ട്രങ്ങളിലും ഭരണവിരുദ്ധ പ്രതിഷേധങ്ങള്‍ തുടരുകയാണ്. നല്ല ഭരണാധികാരികള്‍ നല്ല പൗരരില്‍നിന്നാണ് നിര്‍മിക്കപ്പെടുന്നത്. അടിത്തറയിളകിയാല്‍ എല്ലാം ഉലയും. മുഹമ്മദ് മുര്‍സിയെ പുറത്താക്കി അധികാരം പിടിച്ച അല്‍സിസി ഈജിപ്തില്‍ നടത്തിവരുന്നത് കൊലഭരണമാണ്. ദിവസേന നിരവധി ആളുകളെയാണ് അവിടെ വെടിവച്ചു കൊല്ലുന്നത്. അമേരിക്കയെ ഇമാമാക്കിയ രാജ്യമാണ്ഈജിപ്ത്. സിറിയയിലും തുര്‍ക്കിയിലും സ്ഥിതി ശാന്തമാണെന്ന് പറഞ്ഞുകൂടാ. കുര്‍ദിശുകളുടെ പേരുപറഞ്ഞ് വടിയെടുക്കാന്‍ കാത്തുനില്‍ക്കുകയാണ് ഉര്‍ദുഗാനും ബഷാറുല്‍ അസദും. ഇറാനെ ശരിയാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട അറബ് രാഷ്ട്രങ്ങള്‍ സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കി പിന്തിരിഞ്ഞിട്ടുണ്ട്. അറബികള്‍ ഒന്നിക്കണമെന്ന് പ്രമേയം പാസാക്കി പുഞ്ചിരിച്ചു പത്രങ്ങളില്‍ അച്ചടിച്ചു വരുന്നതിനുമുമ്പ് പരസ്പരം കലഹിക്കുകയാണ് അറബ് മുസ്‌ലിം രാഷ്ട്ര നേതാക്കന്മാര്‍.
അഫ്ഗാനിസ്ഥാനില്‍ ഭരണം ദുര്‍ബലമാവുകയാണത്രെ. താലിബാന്‍ വന്നാല്‍ കൊലകളുടെ പൂരമായിരിക്കും. ബംഗ്ലാദേശില്‍ പിതാവിന്റെ ചോരയുടെ പിന്‍ബലത്തില്‍ ശൈഖ് ഹസീന വീണ്ടും അധികാരത്തിലെത്തിയെങ്കിലും പ്രതിപക്ഷവും പ്രകൃതിക്ഷോഭവും അവിടെയും അശാന്തി തന്നെ പടര്‍ത്തുകയാണ്. പാകിസ്താനില്‍നിന്ന് വലിയ തോതിലുള്ള കൊലവിളി കേള്‍ക്കുന്നില്ല. എന്നാല്‍, മ്യാന്‍മറില്‍നിന്ന് മനുഷ്യാവകാശലംഘനങ്ങളുടെ പരമ്പര തുടരുകയാണ്. യമനില്‍ ഇനി ആരെങ്കിലും ബാക്കിയുണ്ടോ എന്ന് സംശയിക്കുന്ന വിധത്തില്‍ സഖ്യരാഷ്ട്രങ്ങള്‍ ബോംബ് വാരിയിട്ട് നിലംപരിശാക്കിയിട്ടുണ്ട്. സഊദിയും യു.എ.ഇയും കൂടിച്ചേര്‍ന്ന് ഖത്തറിനെതിരേ കൊണ്ടുവന്ന ഉപരോധം ലക്ഷ്യം കണ്ടില്ലെങ്കിലും അകല്‍ച്ച ഉറപ്പുവരുത്തിയിട്ടുണ്ട്. ഇസ്രാഈല്‍ നരനായാട്ട് കാരണം ഫലസ്തീന്‍ തേങ്ങുകയാണ് ഇപ്പോഴും. ലോകം പൊതുവേ അശാന്തിയുടെ തീരത്താണ് ഇപ്പോഴുള്ളത്. പൗരബോധം നഷ്ടമായവരും പൗരധര്‍മം പഠിക്കാത്തവരുമായ ജനത പാര്‍ക്കുന്ന കാലത്തോളം ശാന്തി മരീചിക തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."