അരണമലയിലെ മരയണ്ണാനുകള്‍
നഗരങ്ങളുടെ കാതടിപ്പിക്കുന്ന ശബ്ദങ്ങളില്‍ നിന്ന്, അലോസരപ്പെടുത്തുന്ന ഒച്ചപ്പാടുകളില്‍ നിന്ന് ഒരു രണ്ട് ദിവസത്തെ അവധി നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ ഉടന്‍ തന്നെ അരണമലയിലേക്ക് വണ്ടി എടുത്തോളൂ..
വയനാട് ജില്ലയിലെ മേപ്പാടിയില്‍ നിന്ന് ഏകദേശം പന്ത്രണ്ട് കിലോമീറ്ററുകള്‍ക്കപ്പുറത്താണ് അരണമല സ്ഥിതി ചെയ്യുന്നത്. ഏലത്തോട്ടങ്ങള്‍ക്കും വന്മരങ്ങള്‍ക്കും ഇടയിലൂടെ ജീപ്പില്‍ ആറുകിലോമീറ്റര്‍ താണ്ടിയാണ് അരണമലയില്‍ എത്തിച്ചേരുന്നത്. പച്ച വിരിച്ച താഴ്വാരങ്ങളിലൂടെയുള്ള യാത്ര ആനന്ദദായകമാണ്.
വളഞ്ഞു പുളഞ്ഞ് വണ്ടി നീങ്ങുമ്പോള്‍, ഉള്ളില്‍ കുളിരു കോരിയിടുന്ന നേരിയ തണുപ്പുള്ള കാറ്റും രോമങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കാരണമാകുന്നു. വര്‍ഷങ്ങളുടെ പഴക്കം കാണിക്കുന്ന ഒരുപാട് വടവൃക്ഷങ്ങള്‍, ആ മരങ്ങളുടെ കൊമ്പില്‍ സദാസമയം തൂങ്ങിയാടുന്ന മരയണ്ണാനുകള്‍, സമയത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള പക്ഷികളുടെ സംഗീതവും സഞ്ചാരവും, ജീവിതത്തില്‍ ഒരിക്കലും മറക്കാനിടയില്ലാത്തവിധം മാന്ത്രിക അനുഭൂതി സമ്മാനിക്കുന്ന സൂര്യോദയങ്ങളും അസ്തമയങ്ങളും, കാടിന്റെ നടുവിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന കാട്ടാറില്‍ നിന്നൊരു കുളിയും, ഒറ്റപ്പെട്ട കൊമ്പന്റെ ചിന്നം വിളിയും, ഏലത്തോട്ടങ്ങള്‍ നിറഞ്ഞ ഏക്കറുകണക്കിന് പറമ്പുകളും, ഇങ്ങനെ ഒരുപാട് കാഴ്ചകളുടെയും അനുഭവങ്ങളുടെയും സങ്കരമാണ് അരണമല.
എങ്ങനെ എത്തിച്ചേരാം
കോഴിക്കോട് നിന്ന് മേപ്പാടിയിലേക്ക് പൊതുഗതാഗത സൗകര്യം ലഭ്യമാണ്. മേപ്പാടിയില്‍ നിന്നു ചൂരന്മല റോഡ് വഴി അരണമലയിലേക്ക് എത്തിച്ചേരാം. ചൂരന്മല റോഡില്‍ നിന്ന് ജീപ്പ് സൗകര്യം ലഭ്യമാണ്. ചെങ്കുത്തായ വഴി ആയതിനാല്‍ ജീപ്പ് യാത്ര കൂടുതല്‍ സുരക്ഷിതം. സ്വകാര്യ വാഹനങ്ങള്‍ വഴി വരികയാണെങ്കില്‍ കൂടുതല്‍ സമയം വഴി അരികിലെ കാഴ്ചകളില്‍ ചിലവിടാം.
ശ്രദ്ധിക്കാന്‍
വനത്തിനുള്ളിലൂടെ കിലോമീറ്റുകളോളം നടക്കാനുള്ളതിനാല്‍ വെള്ളം, ഭക്ഷണം തുടങ്ങിയവ കരുതുന്നത് നല്ലതായിരിക്കും. പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വനത്തിനകത്ത് കടത്താന്‍ പാടില്ല. കൂടാതെ അട്ട ശല്യമുള്ളതിനാല്‍ ഉപ്പ് കരുതുന്നത് നന്നായിരിക്കും.
മറ്റ് വിനോദസഞ്ചാര
കേന്ദ്രങ്ങള്‍
ചെമ്പ്ര പീക്, 900 കണ്ടി, സൂചിപ്പാറ വെള്ളച്ചാട്ടം, എടക്കല്‍ ഗുഹ, മീന്‍മുട്ടി വെള്ളച്ചാട്ടം, തിരുനെല്ലി അമ്പലം, കുറുവ ദ്വീപ്, ലക്കിടി വ്യൂ പോയിന്റ് തുടങ്ങിയവയാണ് സമീപത്തെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."