രൂപം മാറി ഭാവം മാറി ലക്ഷ്യം മാറാതെ സ്‌പെയിന്‍
കൃത്യമായി പറഞ്ഞാല്‍ 2012ലെ യൂറോ കപ്പ് വിജയത്തിനു ശേഷം സ്പാനിഷ് ടീമിനു എന്താണു സംഭവിച്ചതെന്നു പലരും അത്ഭുതപ്പെട്ടിരുന്നു. കാലഹരണപ്പെട്ട ടിക്കി- ടാക്ക പോലുള്ള തന്ത്രങ്ങളുമായി അവര്‍ സമയം പാഴാക്കുകയാണെന്നു പല ഭാഗത്തു നിന്നു വിമര്‍ശനമുയര്‍ന്നു. 2008 ലെ യൂറോ കപ്പ്, 2010ലെ ലോകകപ്പ്, 2012ലെ യൂറോ കപ്പ് കിരീടങ്ങള്‍ വഴിക്കുവഴി നാട്ടിലേക്കു കൊണ്ടുപോയ സ്‌പെയിനിനു 2014ലെ ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്താവാനായിരുന്നു യോഗം. അതോടെ വിന്‍സെന്റ് ഡെല്‍ ബോസ്‌കെന്ന കോച്ചിന്റെ കാലം കഴിഞ്ഞെന്നു പറഞ്ഞവര്‍ക്കുള്ള മറുപടി ഇപ്പോഴാണ് അദ്ദേഹം നല്‍കിയത്. ഇക്കഴിഞ്ഞ ദിവസം തുര്‍ക്കിക്കെതിരായ മത്സരത്തിനു ശേഷം. ആ മത്സരത്തില്‍ ഇതുവരെ കണ്ട സ്‌പെയിനിനെയല്ല കണ്ടത്. കാരണം സ്പാനിഷ് നിരയില്‍ ഒരു സ്ഥിരം സ്‌ട്രൈക്കറെ മുഴുനീളെ മൈതാനത്തു കാണുക എന്നതു അത്ര പരിചയമില്ലാത്ത കാര്യമാണ്. മാത്രമല്ല രണ്ടു ഗോളുമായി ആല്‍വരോ മൊറാറ്റയെന്ന മുന്നേറ്റക്കാരന്‍ തന്റെ സാന്നിധ്യത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുകയും ചെയ്തു. കുറിയ പാസിനു പകരം നീളം കൂടിയ പാസുകളും വിങുകളിലൂടെയുള്ള മുന്നേറ്റങ്ങളും തുടരന്‍ ആക്രമണങ്ങളും കാഴ്ചയ്ക്കു വിരുന്നൊരുക്കി. ആദ്യ കളിയില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരേ ഒറ്റ ഗോള്‍, അതും അവസാന നിമിഷം ജെറാര്‍ഡ് പിക്വെ നേടിയതിനാല്‍ രക്ഷപ്പെട്ട സ്‌പെയിന്‍ പക്ഷേ രണ്ടാം മത്സരത്തില്‍ രൂപവും ഭാവവും ഒക്കെ അപ്പാടെ പൊളിച്ചെഴുതിയാണ് ഇറങ്ങിയത്. അതെ സ്‌പെയിന്‍ മാറിയിരിക്കുന്നു. എതിരാളികള്‍ സൂക്ഷിക്കണമെന്നു ചുരുക്കം.
കുറിയ പാസുകളുമായി മധ്യനിര കേന്ദ്രീകരിച്ചു കളിച്ചിരുന്ന സ്പാനിഷ് നിര പല മത്സരങ്ങളും ഒറ്റ ഗോളിന്റെ വിജയങ്ങളുമായാണ് മുന്നേറിയിട്ടുള്ളത്. പിന്നീട് സ്‌ട്രൈക്കറെ തന്നെ ഉപേക്ഷിച്ച് ഡെല്‍ ബോസ്‌ക് നടപ്പാക്കിയ ഫാള്‍സ് നയന്‍ പദ്ധതി വന്‍ വിമര്‍ശനം വിളിച്ചു വരുത്തി. അദ്ദേഹം തന്റെ സ്‌ട്രൈക്കറില്ലാ പരീക്ഷണം പല മത്സരങ്ങളിലും തുടര്‍ന്നു. ഈയൊരു തന്ത്രത്തിന്റെ നടത്തിപ്പിനു ശേഷം സ്പാനിഷ് ടീമിന്റെ ഗ്രാഫ് താഴോട്ടായിരുന്നുവെന്നു കാണാം. ഇത്തവണ സ്‌ട്രൈക്കറെ ഉള്‍പ്പെടുത്താനുള്ള തീരുമാനം അദ്ദേഹം യോഗ്യാത റൗണ്ടില്‍ തന്നെ എടുത്തിരുന്നു. പാക്കോ അല്‍ക്കസര്‍, ഡീഗോ കോസ്റ്റ, ആല്‍വരോ മൊറാറ്റ എന്നിവരെയാണ് ഡെല്‍ ബോസ്‌ക് തിരഞ്ഞെടുത്തത്. തമ്മില്‍ ഭേദം മൊറാറ്റയായിരുന്നു എന്ന കാരണത്താലാണ് അദ്ദേഹം യുവന്റസ് താരത്തിനു അവസരം നല്‍കിയത്. എതായാലും അതു വിജയിച്ച ലക്ഷണമാണ് സ്‌കോറും സ്‌പെയിനിന്റെ കളിയും കാണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."