ലോക വൃക്കദിനം; കാരുണ്യം പകുത്തുനല്കി ഫാ.ഷിബു
കല്‍പ്പറ്റ:ഒരു വൃക്കദിനം കൂടി കടന്നുപോകുകയാണ്. വൃക്കരോഗികള്‍ ക്രമാതീതമായി ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ജീവിതത്തില്‍ ഇതുവരെ കാണാത്ത ഒരു യുവതിക്ക് വൃക്ക പകുത്തുനല്കി മനുഷ്യത്വവും കാരുണ്യവും സമം ചേര്‍ത്തു നല്‍കുകയാണ് ഒരു പള്ളിവികാരി.
വയനാട് മീനങ്ങാടി ചീങ്ങേരി സെന്റ് മേരീസ് പള്ളി വികാരിയും കല്ലുമുക്ക് സെന്റ് ജോര്‍ജ് പള്ളി സഹവികാരിയുമായ ഫാ.ഷിബു കുറ്റിപറിച്ചേലിന്റേതാണ് പകരംവയ്ക്കാനില്ലാത്ത ദയാവായ്പ്. ഇരുവൃക്കകളും തകരാറിലായ ചാവക്കാട് സ്വദേശിനി ഹൈറുന്നിസയ്ക്കാണ് ഫാ.ഷിബു വൃക്ക ദാനം ചെയ്തത്.
ഇടവകയിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനിടയില്‍ നിരവധി വൃക്ക രോഗികളെ കാണാന്‍ സാധിച്ചു. ഇതോടെയാണ് ഒരു വൃക്കദാനം ചെയ്യാനുള്ള താല്പര്യം മനസിലുടക്കിയത്.
ആഗ്രഹം സുഹൃത്തായ കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ ചെയര്മാന് ഫാ. ഡേവിഡ് ചിറമ്മേലിനെ അറിയിച്ചിരുന്നു.
വാഹനാപകടത്തില്‍ പരുക്കേറ്റ് ശരീരം തളര്‍ന്ന ഭര്‍ത്താവും മൂന്ന് വയസുള്ള മകളുമടങ്ങുന്നതാണ് 25 കാരിയായ ഹൈറുന്നിസയുടെ കുടുംബം. ഇവരുടെ ദൈന്യത ഫാദര്‍ ഡേവിഡ് ഇദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഹൈറുന്നിസയെ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ ചെന്നപ്പോഴാണ് ഫാദര്‍ ഷിബു ആദ്യമായി കാണുന്നത്.
അപരിചിതനായ ഒരാള്‍ രക്ഷകനായി വരുന്നതിന്റെ ആശ്വാസവും സന്തോഷവും ഹൈറുന്നിസയുടെ കണ്ണുകളില്‍ വായിക്കാന്‍ കഴിഞ്ഞ നിമിഷം തന്നെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായിരുന്നുവെന്ന് ഫാ. ഷിബു പറഞ്ഞു.
2016 ഡിസംബര്‍ 21നായിരുന്നു ശസ്ത്രക്രിയ. വൃക്കദാനം കൊണ്ട് നിര്‍ത്തുന്നില്ല ഫാദര്‍ ഷിബു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍.
കാന്‍സര്‍ രോഗികള്‍ക്കായുള്ള ധനശേഖരണം, യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസനത്തിന്റെ1000 കിഡ്നി രോഗികള്‍ക്ക് 5000 രൂപ വീതം ധനസഹായം നല്കുന്ന പദ്ധതിയുടെ കോ ഓര്‍ഡിനേറ്റര്‍ കൂടിയാണ് അദ്ദേഹം. ഇതിനിടയില്‍ അവയവ ദാനത്തിന്റെ മഹത്വം വിശദീകരിച്ച് 'കരുണയുടെ ഹൃദയതാളം'എന്ന പേരില്‍ ഒരു പുസ്തകവും പുറത്തിറക്കി. ജില്ലയില്‍ നിരവധി പ്രദേശങ്ങള്‍ ഈ സുമനസിന് ആദരം അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."