കറുപ്പിന്റെ കുറിപ്പ്
എന്റെ പ്രിയപ്പെട്ടവര്‍ വായിച്ചറിയാന്‍..
ഞാന്‍ കറുപ്പ്. നിങ്ങള്‍ക്കേവര്‍ക്കും സുപരിചിതമായ നിറം. ഇങ്ങനെയൊരു കുറിപ്പ് കാണാനിട വന്നതില്‍ നിങ്ങള്‍ക്ക് കൗതുകമുണ്ടാകുമെന്നുറപ്പുണ്ട്. പക്ഷേ, ഇനിയും മറച്ചുവയ്ക്കാന്‍ വയ്യാത്തതുകൊണ്ട് പുറത്തുപറയുകയാണ്. പൊതുവെ കറുപ്പിന്റെ വിഷയത്തില്‍ നിങ്ങള്‍ വച്ചുപുലര്‍ത്തുന്ന അറപ്പും വെറുപ്പും ഇനിയെങ്കിലും വച്ചുപൊറുപ്പിക്കരുതേ എന്നു പറയാനാണീ കുറിപ്പ് എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ.
എന്നെ അവജ്ഞയോടെ കാണുന്ന നിങ്ങള്‍ ശരിക്കും എന്നെ കാണേണ്ടവിധം കണ്ടിട്ടില്ലെന്ന് എനിക്ക് ഉറപ്പാണ്. ഒരു ദിവസത്തിന്റെ അവിഭാജ്യഘടകമായ രാത്രിയുടെ നിറം ഞാനാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? രാത്രിക്ക് നിറം വെളുപ്പായിരുന്നുവെങ്കിലുള്ള അവസ്ഥയൊന്നാലോചിച്ചുനോക്കൂ. സുഖനിദ്ര നിങ്ങള്‍ക്ക് സാധ്യമാകുമായിരുന്നോ?
നിങ്ങള്‍ പ്രണയിക്കുന്ന വെളുപ്പിനെ ഞാന്‍ തീര്‍ച്ചയായും മാനിക്കുന്നു. പക്ഷേ, എന്റെ സാന്നിധ്യത്തിലാണ് വെളുപ്പ് കൂടുതല്‍ തെളിയുന്നത് എന്ന വസ്തുത കൂടി നിങ്ങള്‍ മനസിലാക്കണം. പ്രഭ ചൊരിഞ്ഞുനില്‍ക്കുന്ന താരകങ്ങളെയും മറ്റും തെളിഞ്ഞുകാണാന്‍ എന്റെ സാന്നിധ്യമാവശ്യമാണ്. കറുപ്പിലാണ് വെളുപ്പ് കൂടുതല്‍ പ്രത്യക്ഷമാവുക.
എത്ര വലിയ സുന്ദരനാണെങ്കിലും അയാളുടെ സൗന്ദര്യം എന്നെക്കൂടി ആശ്രയിക്കുന്നുണ്ട്. ഉദാഹരണത്തിന്, അയാളുടെ കണ്ണിന്റെ കൃഷ്ണമണിയുടെ കാര്യമെടുക്കാം. അതിന്റെ നിറം വെളുപ്പോ മറ്റോ ആയിരുന്നാലുള്ള സ്ഥിതി ഓര്‍ത്തുനോക്കൂ. സൗന്ദര്യത്തിന്റെ മുഖ്യഭാഗം അതോടുകൂടി നഷ്ടപ്പെട്ടുപോകില്ലേ. കൃഷ്ണമണിക്കുള്ള നിറത്തിന് ഞാന്‍ തന്നെയാണ് ഏറ്റവും അനിയോജ്യം.
ശരീരത്തിലെ രോമകൂപങ്ങള്‍ക്കുള്ള നിറത്തിന് എന്നെയാണ് നിങ്ങള്‍ തേടുന്നത്. വെളുപ്പുനിറം വരുന്നത് നിങ്ങള്‍ക്കു ഭയമാണ്. അഥവാ, വെളുപ്പെത്തിയാല്‍ നിങ്ങളില്‍ പലരും എന്നെയും തേടി നടക്കാറുണ്ടെന്ന സത്യം ഞാന്‍ മറച്ചുവയ്ക്കുന്നില്ല. ശരീരം മുഴുവന്‍ കറുപ്പായാല്‍ സൗന്ദര്യമുണ്ടാവാത്തതുപോലെ വെളുപ്പായാലും സൗന്ദര്യം കുറയും. രണ്ടും വേണ്ടിടത്ത് പാകം പോലെ വേണമെന്നാണ്. എന്നിട്ടും എന്നോടു മാത്രം ഒരു വിവേചനം വച്ചുപുലര്‍ത്തുന്ന നിങ്ങളുടെ നിലപാടാണ് എനിക്കു പിടിക്കാത്തതും പിടികിട്ടാത്തതും.
മനുഷ്യനെ മനുഷ്യനാക്കാന്‍ സഹായിക്കുന്ന വായനയ്ക്ക് അക്ഷരങ്ങള്‍ വലിയൊരു ഘടകമാണല്ലോ. അക്ഷരങ്ങള്‍ക്കു പറ്റിയ നിറം ഞാനാകുമ്പോഴാണ് വായന സുഖപ്രദമാകുന്നത്. എന്റെ ഈ കുറിപ്പുതന്നെ നോക്കൂ. ഇത് ചുവന്നനിറത്തിലോ മഞ്ഞനിറത്തിലോ ആയിരുന്നുവെങ്കില്‍ വായിക്കുന്ന നിങ്ങള്‍ക്ക് പ്രയാസമനുഭവപ്പെടുകയില്ലേ. വെളുത്ത നിറത്തിലാണെങ്കില്‍ അക്ഷരങ്ങള്‍ ശരിക്കു തെളിയുകയുമില്ല. തെളിയണമെങ്കില്‍ എന്റെ സാന്നിധ്യം വേണം. എന്റെ ദേഹത്തിരുന്നാലേ വെളുത്ത അക്ഷരങ്ങള്‍ നയനാനന്ദകരമായ കാഴ്ചയാവുകയുള്ളൂ.
ലോകത്ത് പല നിറക്കാരും വേഷക്കാരും ഭാഷക്കാരുമുണ്ട്. എന്നാല്‍ മനുഷ്യന്റേതെന്നല്ല, സര്‍വചരാചരങ്ങളുടെയും നിഴലിന് ഞാനാണു നിറം. വെള്ളക്കാരന്റെ നിഴലും തവിട്ടുനിറക്കാരന്റെ നിഴലും ഇരുനിറക്കാരന്റെ നിഴലും കറുപ്പാണ്. നിഴല്‍നിറത്തില്‍ എല്ലാം സമം. പിന്നെ എങ്ങനെയാണു നിങ്ങള്‍ക്കെന്നെ നിഷേധിക്കാനാവുക?
ലോകമുസ്‌ലിംകള്‍ കക്ഷിഭേദമന്യേ അവരുടെ മാനസക്കൊട്ടാരത്തില്‍ ഇടം കൊടുത്ത വിശുദ്ധ കഅ്ബാലയത്തിന്റെ മൂടുപടത്തിന് എന്റെ നിറമാണുള്ളതെന്ന സത്യവും നിങ്ങള്‍ മറക്കരുത്. ആ കഅ്ബയ്ക്കു ചുറ്റും നടന്നുകൊണ്ടല്ലേ വെളുത്തവനും കറുത്തവനും ഹജ്ജ് എന്ന പുണ്യകര്‍മം നിര്‍വഹിക്കാറുള്ളത്. എന്റെ നിറമുള്ള ഒരു പെണ്ണിന്റെ പ്രവൃത്തി അനുകരിച്ചല്ലേ ഇപ്പോഴും ഹജ്ജിന്റെ വേളയില്‍ സ്വഫാ മര്‍വയ്ക്കിടയില്‍ ഓടുന്നത്. വിശുദ്ധ കഅ്ബാലയത്തിന്റെ ചുമരില്‍ സ്ഥിതി ചെയ്യുന്ന ഹജറുല്‍ അസ്‌വദിനും ഞാന്‍ തന്നയല്ലേ നിറം. ഞാന്‍ നിറമായ ആ കല്ലിന് ചുടുചുംബനങ്ങളര്‍പ്പിക്കാന്‍ എത്രയാളുകളാണ് നിറഭേദമന്യേ തിക്കും തിരക്കും കൂട്ടാറുള്ളത്.
നിങ്ങള്‍ക്കു പാഠമാകാന്‍ ഞാനൊരു കഥ പറഞ്ഞോട്ടെ; കറുകറുത്തൊരു മനുഷ്യന്റെ കഥ.
ഒരിക്കല്‍ ആ മനുഷ്യനെ കണ്ട വെളുവെളുത്തൊരു പെണ്ണ് അയാളെ പരിഹസിച്ചുകൊണ്ടിങ്ങനെ വിളിച്ചു: ''എടാ കാപ്പിരിച്ചെറുക്കാ...''
ഇതുകേട്ടപ്പോള്‍ അദ്ദേഹത്തിന് സഹിക്കാനായില്ല. തിരിച്ചടിയെന്നോണം വാതോരാതെ കറുപ്പിന്റെ മാഹാത്മ്യമങ്ങള്‍ വിവരിക്കാന്‍ തുടങ്ങി: ''എന്നെ കാപ്പിരിയെന്നു വിളിക്കുന്നോ...മാനുഷ്യകുലത്തിന്റെ രണ്ടാം പിതാവെന്നറിയപ്പെടുന്ന ഇബ്‌റാഹീം നബിയുടെ ഭാര്യ ഹാജര്‍ ബീവിക്ക് കറുപ്പായിരുന്നു നിറം. ലോകൈകഗുരുവിന്റെ മുക്രിയായിരുന്ന ഹസ്രത്ത് ബിലാലിന് കറുപ്പായിരുന്നു നിറം. കറുപ്പന്മാരായതു കൊണ്ട് അവര്‍ക്ക് വല്ല കുറവും വന്നോ...കറുപ്പില്ലെങ്കില്‍ നക്ഷത്രങ്ങള്‍ വെളിപ്പെടില്ല. ചന്ദ്രനെ കാണാന്‍ പ്രയാസപ്പെടും. കറുപ്പില്ലെങ്കില്‍ വിശ്രമമുണ്ടാവില്ല. എപ്പോഴും ക്ഷീണമായിരിക്കും. പിന്നീട് നിങ്ങള്‍ക്ക് 'വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം' എന്നു പാടി നടക്കേണ്ടി വരും. നേരം കറുത്തിരുളുമ്പോള്‍ നിസ്‌കരിക്കുന്ന നിസ്‌കാരത്തിന് വിലയും മൂല്യവും ഏറെയാണ്. ആ സമയത്ത് നടത്തുന്ന പ്രാര്‍ഥനയ്ക്ക് മറുപടി ഉടനടിയാണ്. തഹജ്ജുദ് ആ സമയത്താണ് നിര്‍വഹിക്കേണ്ടത്. കാപട്യങ്ങള്‍ നടത്താന്‍ കഴിയാത്ത സമയം. നമ്മുടെ പുണ്യപ്രവാചകനെ അല്ലാഹു രാപ്രയാണവും ആകാശാരോഹണവും ചെയ്യിച്ചത് നേരം കറുത്തപ്പോഴാണ്. കറുത്തമേഘങ്ങള്‍ വന്നിട്ടുവേണം ഭൂമിയില്‍ മഴ പെയ്യാന്‍. വെളുത്ത മേഘങ്ങളില്‍നിന്ന് മഴ പ്രതീക്ഷിക്കേണ്ട...''
അദ്ദേഹത്തിന്റെ വായില്‍നിന്ന് മറുപടികള്‍ തുരുതുരാ വന്നുതുടങ്ങിയപ്പോള്‍ കേള്‍ക്കാന്‍ മനസില്ലാതെ ആ പെണ്ണ് വേഗം അവിടം വിട്ടുവെന്നാണ് കഥാന്ത്യം.
അതിരിക്കട്ടെ. എന്റെ നിറം ഉള്ളവര്‍ക്ക് എന്തോ ഒരു അപകര്‍ഷത ഉണ്ടാകാറുണ്ടെന്ന കാര്യം നിങ്ങള്‍ പറയാതെത്തന്നെ എനിക്കറിയാം. കറുത്തവര്‍ക്ക് നിങ്ങളില്‍ പലരും വേണ്ടത്ര വില കല്‍പിക്കാറില്ലെന്നും അറിയാം. എന്നാല്‍ ഒരു കാര്യം മനസിലാക്കിക്കോളൂ. സൗന്ദര്യത്തിന്റെ അടിസ്ഥാനം കറുപ്പും വെളുപ്പും ചുവപ്പുമല്ല, അകത്തെ വെടിപ്പാണ്. അകം വെടിപ്പുള്ളതാണെങ്കില്‍ പുറം കറുപ്പായിക്കോട്ടെ. ആ കറുപ്പിന് അഴകുണ്ടാകും. ഇനി അകം വെടിപ്പല്ലെങ്കില്‍ പുറം വെളുപ്പായിട്ടെന്ത്? ആ വെളുപ്പ് ഒരു അഴുക്കു പോലെ നിലകൊള്ളും. അകശുദ്ധിയില്ലാതായതിന്റെ പേരില്‍ ആര്‍ക്കും വേണ്ടാതായ വെളുപ്പന്മാര്‍ ലോകത്തനേകമുണ്ട്. അകശുദ്ധിയുണ്ടായതിന്റെ പേരില്‍ ഏവരും നെഞ്ചോട് ചേര്‍ത്തുപിടിച്ച കറുപ്പന്മാരും ലോകത്തനേകമുണ്ടായിട്ടുണ്ട്. അതിനാല്‍ കറുപ്പിനോട് വെറുപ്പ് വേണ്ട. അകം വെടിപ്പാക്കാനാണു നിങ്ങളുടെ ഒരുക്കപ്പാടെങ്കില്‍ അതായിരിക്കും നിങ്ങളുടെ വിജയമെന്ന് ഈ കുറിപ്പ് നിങ്ങള്‍ക്ക് ഉറപ്പ് തരുന്നു.
നിങ്ങള്‍ ചെയ്യേണ്ടതിതുമാത്രം; അകത്ത് വെടിപ്പ് നടപ്പാക്കുക. നിങ്ങള്‍ കറുപ്പനാണെങ്കിലും വെളുപ്പനാണെങ്കിലും ചൊറുക്കനും ചൊങ്കനുമായിരിക്കും നിങ്ങള്‍.
കുറിപ്പ് ഇനിയും ദീര്‍ഘിപ്പിക്കുന്നില്ല. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമാകാന്‍ ഇത്രയൊക്കെ മതി. നിര്‍ത്തുന്നു. നിങ്ങള്‍ക്കെന്നെന്നും ശുഭാശംസകള്‍.
-നിങ്ങളുടെ സ്വന്തം കറുപ്പ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."