ജയില്‍ വകുപ്പും ലൈഫ് മിഷനും കൈകോര്‍ത്തു; രാധയ്ക്ക് തലചായ്ക്കാന്‍ വീടൊരുങ്ങി
നീലേശ്വരം: എട്ടുവര്‍ഷത്തോളം കൊടുംവെയിലത്തും പേമാരിയിലും പണിതീരാത്ത വീട്ടില്‍ ദുരിതജീവിതം നയിക്കേണ്ടി വന്ന രാധയ്ക്കും മകള്‍ക്കും സാന്ത്വനമേകാന്‍ ജയില്‍വകുപ്പും ലൈഫ് മിഷനും കൈകോര്‍ത്തപ്പോള്‍ ലഭിച്ചത് തലചായ്ക്കാന്‍ സുരക്ഷിതമായ ഒരിടം. കിനാനൂര്‍-കരിന്തളം പഞ്ചായത്ത് സ്വദേശി കുഞ്ഞമ്പുവിന്റെ ഭാര്യയാണ് രാധ. സ്വന്തമായി ഭൂമിയുണ്ടെങ്കിലും വീട് വെയ്ക്കാന്‍ ആവശ്യമായ പണം കൂലിപ്പണിക്കാരനായ കുഞ്ഞമ്പുവിന്റെ കൈയിലുണ്ടായിരുന്നില്ല.
2009-2010 സാമ്പത്തിക വര്‍ഷം കുഞ്ഞമ്പു ഇ.എം.എസ് ഭവന നിര്‍മാണ പദ്ധതിയില്‍ ഭവന നിര്‍മാണത്തിനായി അപേക്ഷിച്ചു. പദ്ധതി പ്രകാരം 75000 രൂപ ധന സഹായവും ലഭിച്ചു. 67500 രൂപ ഭവന നിര്‍മാണത്തിനായി കുഞ്ഞമ്പു വാങ്ങി വീടുപണി ആരംഭിച്ചു. എന്നാല്‍, പിന്നീട് കുഞ്ഞമ്പു കാന്‍സര്‍ ബാധിതനായി. അപ്പോഴേക്കും വീടിന്റെ കാല്‍ഭാഗം പണിയെ പൂര്‍ത്തിയായിരുന്നുള്ളു.കൈയിലുണ്ടായിരുന്ന തുകയ്ക്ക് പുറമെ ഭവന നിര്‍മാണത്തിനായി അനുവദിച്ച തുകയില്‍ നിന്നും ചികിത്സക്കായി പണം ഉപയോഗിക്കേണ്ടി വന്നു. അധികം താമസിയാതെ കുഞ്ഞമ്പു മരിച്ചു. കാല്‍ഭാഗം പണിതീര്‍ത്ത വീട്ടില്‍ മേല്‍ഭാഗം പായ വിരിച്ച് ഒന്‍പതു വര്‍ഷത്തോളം പിന്നീട് രാധയും കുടുംബവും താമസിച്ചു. ഏക മകളും അവരുടെ മകനും രാധക്കൊപ്പമാണ് താമസിക്കുന്നത്. മകള്‍ കൂലിപ്പണി എടുത്താണ് കുടുംബം പുലര്‍ത്തുന്നത്. രാധയുടെ പേരമകന്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
2018ല്‍ ലൈഫ്മിഷന്‍ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാവാത്ത ഭവനങ്ങളുടെ പൂര്‍ത്തീകരണത്തിനുള്ള ധനസഹായത്തിന് രാധ തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ ഭവന നിര്‍മ്മാണത്തിന് 95000 രൂപ അനുവദിച്ചു. ആദ്യ ഘട്ടത്തില്‍ തന്നെ ഈ 95000 രൂപ കൊണ്ട് വീടു പണി പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് മനസിലായപ്പോള്‍ അന്നത്തെ വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫിസര്‍ സജിത്ത് പുളുക്കൂല്‍ രാധയുടെ വീട് പണി പൂര്‍ത്തീകരിക്കാന്‍ ജയില്‍ തടവുപുള്ളികളുടെ സേവനം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചീമേനി തുറന്ന ജയില്‍ സൂപ്രണ്ടിന് കത്തെഴുതി.ഇതിന്റെ ഫലമായി പെട്ടെന്നുതന്നെ വീട് പണി പൂര്‍ത്തീകരിക്കാനായി ചീമേനി തുറന്ന ജയിലിലെ തടവ് പുള്ളികളെ വിട്ട് കൊടുക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് ഇറക്കി.
ചീമേനി തുറന്ന ജയിലിലെ സൂപ്രണ്ട് വി. ജയകുമാര്‍, ചീമേനി തുറന്ന ജയില്‍ വെല്‍ഫെയര്‍ ഓഫിസര്‍ കെ. ശിവപ്രസാദ് എന്നിവരാണ് ഇതിന് മുന്‍കൈ എടുത്തത്.
പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാലയുടെ നേതൃത്വത്തില്‍ രൂപീകരിച്ച വാര്‍ഡ് തല കര്‍മസമിതി വീട് പണിക്കാവശ്യമായ സാധന സാമഗ്രികള്‍ പൊതുജനങ്ങളില്‍നിന്ന് ശേഖരിച്ചു. അങ്ങനെ രണ്ടര ലക്ഷത്തിന്റെ സാധന സാമഗ്രികളും ലഭിച്ചു. തുടര്‍ന്ന് 2018 ഓഗസ്റ്റ് മാസത്തോടെ 15 ജയില്‍ തടവുകാരുടെ സഹായത്തോടെ ഭവനിര്‍മാണം പുനരാരംഭിച്ചു.
ഒരു ദിവസം 230 രൂപ എന്ന നിരക്കില്‍ ജയില്‍ വകുപ്പ് ഇവര്‍ക്ക് കൂലിയും നല്‍കി. തടവുകാര്‍ക്ക് ആവശ്യമായ ഭക്ഷണം വാര്‍ഡ് തല കര്‍മസമിതി നല്‍കി.തുടര്‍ന്ന് ഡിസംബറോടെ വീടുപണി പൂര്‍ത്തീകരിച്ചു താക്കോല്‍ കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."