കടലറിവുകളുടെ പ്രദര്‍ശനം: താരമായി ചക്രവര്‍ത്തി മത്സ്യം
കൊച്ചി: രാജകീയ പ്രൗഢിയും ഭീമന്‍ രൂപവും കൊണ്ട് കാണികളില്‍ കൗതുകമുണര്‍ത്തി ചക്രവര്‍ത്തി മത്സ്യം. 72 -ാമത് സ്ഥാപകദിനത്തോടനുന്ധിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) ആഴക്കടലിന്റെ വിസ്മയ കാഴ്ചകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നിട്ടപ്പോഴാണ് രൂപഘടന കൊണ്ട് ചക്രവര്‍ത്തി മത്സ്യം എന്നറിയപ്പെടുന്ന നെപ്പോളിയന്‍ റാസ് കാഴ്ചക്കാര്‍ക്കിടയില്‍ താരമായത്.
പവിഴദ്വീപുകള്‍ക്ക് സമീപം കാണപ്പെടുന്ന ഈ ഭീമന്‍ മത്സ്യം വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളുടെ പട്ടികയിലുള്ളതാണ്. 35 കിലോ ഭാരമുള്ള ഈ മത്സ്യം മാസങ്ങള്‍ക്ക് കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് സിഎംഎഫ്ആര്‍ഐ മ്യൂസിയത്തില്‍ ഇടം നേടിയത്.
കാന്‍സറിനുള്ള മരുന്ന് നിര്‍മാണത്തില്‍ ഏറ്റവും കൂടുതല്‍ ഗവേഷണം നടക്കുന്ന കടല്‍ മുയല്‍, പറക്കും കൂന്തല്‍, പലതരം കടല്‍ സസ്യങ്ങള്‍, എലിവാല്‍ മത്സ്യം, കടല്‍ പശു, കടല്‍ വെള്ളരി, കടല്‍കുതിര, ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്, വംശനാശ ഭീഷണിയിലുള്ള മറ്റ് സ്രാവുകള്‍ തുടങ്ങി അനേകം സമുദ്രജൈവ സമ്പത്തിന്റെ ശേഖരമുള്ള സി.എം.എഫ്.ആര്‍.ഐ മ്യൂസിയം കാഴ്ചക്കാരുടെ മനം കവര്‍ന്നു. സമുദ്രജൈവ വൈവിധ്യങ്ങളുടെ ഇന്ത്യയിലെ അംഗീകൃത രജിസട്രിയായി നിലകൊള്ളുന്നതാണ് ഏകദേശം മുവായിരം ഇനം ജീവികളുടെ കലവറയായ സി.എം.എഫ്.ആര്‍.ഐയിലെ മ്യൂസിയം.
സി.എം.എഫ്.ആര്‍.ഐയിലെ വിവിധ ഗവേഷണ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം നടന്നത്. കടലില്‍ നിന്ന പിടിച്ച ഭീമന്‍ മത്സ്യങ്ങളായ കുതിര മീന്‍, ഡോള്‍ഫിന്‍ മത്സ്യം, വിവിധയിനം സ്രാവുകള്‍, ആനത്തിരണ്ടി, ഗിത്താര്‍ മത്സ്യം, വിവിധയിനങ്ങളിലുള്ള ചെമ്മീന്‍, ഞണ്ട്, കക്ക, കണവ വര്‍ഗയിനങ്ങളും കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി.
ആറായിരത്തോളം പേരാണ് 10 മുതല്‍ നാലുവരെ നടന്ന പ്രദര്‍ശനം കാണാനെത്തിയത്. സമുദ്ര അലങ്കാര മത്സ്യങ്ങളുടെ അപൂര്‍വ ശേഖരമുള്ള മറൈന്‍ അക്വേറിയവും കാണികളെ ആകര്‍ഷിച്ചു.
കടലിനടിയില്‍ നിന്നുള്ള വിലപിടിപ്പുള്ള മുത്തുകള്‍, മുത്തുചിപ്പി, വിവിധയിനം ശംഖുകള്‍, കൂന്തലിനെ പിടിക്കുന്നതിനുപയോഗിക്കുന്ന ജിഗ്ഗുകള്‍, വിവിധയിനം കണ്ടല്‍ചെടികള്‍, കടലിന് നിറം നല്‍കുന്ന ആല്‍ഗകള്‍ തുടങ്ങിയവയും പ്രദര്‍ശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."