റോഡുകള്‍ തകര്‍ന്നു; വാഗമണ്‍ ഒഴിവാക്കി വിനോദസഞ്ചാരികള്‍
മൂലമറ്റം: വാഗമണ്ണിലേക്കുള്ള റോഡുകള്‍ രണ്ടും തകര്‍ന്നതു വിനോദസഞ്ചാര മേഖലയ്ക്കു വന്‍ തിരിച്ചടിയാകുന്നു. റോഡു തകര്‍ന്നതോടെ സഞ്ചാരികള്‍ വാഗമണ്‍ യാത്ര ഒഴിവാക്കുകയാണ്. പുള്ളിക്കാനം വഴി വാഗമണ്ണിലേക്കുള്ള സംസ്ഥാനപാതയും കാഞ്ഞാര്‍ പുള്ളിക്കാനം മേജര്‍ ഡിസ്ട്രിക്ട് റോഡും സഞ്ചാരയോഗ്യമല്ലാതായിട്ടു മാസങ്ങളായി. വാഗമണ്‍, കോലാഹലമേട്, കുരിശുമല, തങ്ങളുപാറ, പൈന്‍ മരക്കാടുകള്‍, മൊട്ടക്കുന്നുകള്‍ തുടങ്ങിയ വിനോദ കേന്ദ്രങ്ങളിലേക്കു നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്.
എന്നാല്‍ പലയിടങ്ങളിലും റോഡു തകര്‍ന്നു കിടക്കുന്നതോടെ സഞ്ചാരിക്കിതു ദുരിതയാത്രയായി മാറുകയാണ്. ഇരുചക്രവാഹനങ്ങളിലെത്തുന്നവര്‍ അപകടത്തില്‍ പെടുന്നത് പതിവായിരിക്കുകയാണ്. പൂത്തേട് മുതല്‍ പുള്ളിക്കാനം വരെയുള്ള റോഡ് ആണ് ഏറെ തകര്‍ന്നുകിടക്കുന്നത്.
കയറ്റത്തോടൊപ്പം റോഡിലെ കുഴികളുമായതോടെ സഞ്ചാരികള്‍ ഏറെ പണിപ്പെട്ടാണ് ഇതുവഴി വാഹനം ഓടിക്കുന്നത്. ഒട്ടേറെ വിദേശികളും ഇതുവഴി കടന്നുപോകുന്നുണ്ട്. സഞ്ചാരികള്‍ ഏറെയുള്ള ഈ റോഡിനു വീതി കുറവായതും യാത്രക്കാരെ വലയ്ക്കുന്നു. പലപ്പോഴും റോഡില്‍ ഗതാഗതക്കുരുക്ക് അനുഭവിക്കാറുണ്ട്. റോഡിന്റെ വികസനത്തിനൊപ്പം ആവശ്യത്തിനു വീതിയും കൂട്ടണമെന്ന ആവശ്യം ശക്തമാണ്. റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി 10 വര്‍ഷം പിന്നിട്ടിട്ടും റോഡിലെ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല.
വാഗമണ്ണിലേക്കുള്ള മൂലമറ്റം എടാട് പുള്ളിക്കാനം സംസ്ഥാന പാതയും കാഞ്ഞാര്‍ പുള്ളിക്കാനം മേജര്‍ ഡിസ്ട്രിക്ട് റോഡും ചെന്നുചേരുന്നതു പുള്ളിക്കാനം ഇടുക്കുപാറയിലാണ്. രണ്ടു റോഡുകളിലും വലിയ കയറ്റങ്ങളും ഇറക്കങ്ങളുമാണ്. പല സ്ഥലങ്ങളിലും കൊടുംവളവുകളും വലിയ കൊക്കകളുമുണ്ട്. രണ്ടു റോഡിനും വീതി കുറവുമാണ്. മാത്രമല്ല ഈ രണ്ടു റോഡുകള്‍ക്കും സംരക്ഷണഭിത്തിയുമില്ല. മണപ്പാടി പാലവും ഇലപ്പള്ളി കൈക്കുളം പാലവും അപകടാവസ്ഥയിലാണ്. പാലം അപകടത്തില്‍ എന്ന ബോര്‍ഡ് സ്ഥാപിച്ചതല്ലാതെ പാലത്തിന്റെ അപകടാവസ്ഥ മാറ്റുന്നതിനു വര്‍ഷങ്ങളായി പൊതുമരാമത്തു വകുപ്പ് നടപടിയെടുത്തിട്ടില്ല. മിക്കപ്പോഴും മൂടല്‍മഞ്ഞുപെയ്യുന്ന ഈ വഴിക്ക് ആവശ്യത്തിനു വീതിയില്ലാത്തതു യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. വിനോദസഞ്ചാരികള്‍ ഏറെയുള്ള ഈ വഴി വീതികൂട്ടി കൂടുതല്‍ ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."