നാസറെത്തി.., വിജയ 'ചുവടുറപ്പിക്കാന്‍'
ബദിയടുക്ക: മുട്ടുകാലിലിഴഞ്ഞു പ്ലസ് വണ്‍ പരീക്ഷാ ഹാളില്‍ കയറുമ്പോള്‍ പരീക്ഷയില്‍ വിജയചുവടുവെക്കുകെയന്ന ലക്ഷ്യം മാത്രമാണു നാസറിനുള്ളത്. കുമ്പഡാജെ പഞ്ചായത്തിലെ 13ാം വാര്‍ഡ് ചെക്കുഠലുവിലെ പരേതനായ ഉമ്മര്‍ ബീഫാത്തിമ ദമ്പതികളുടെ മകന് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ പെരഡാല നവജീവന ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മുഹമ്മദ് നാസര്‍ (16) വേദനകള്‍ ഉള്ളിലൊതുക്കി പരീക്ഷയുടെ തിരക്കിലാണിപ്പോള്‍. ജന്മനാ ഇരുകാലുകളും തളര്‍ന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിയായ നാസര്‍ പഠനത്തില്‍ മിടുക്കനാണെന്നു കൂട്ടുകാരും പറയുന്നു.
ഉപ്പ ഉമ്മര്‍ അഞ്ചു വര്‍ഷം മുമ്പ് മരിച്ചിരുന്നു. ഉമ്മ ഫാത്തിമ ബീഡി തെറുത്തു കിട്ടുന്ന തുക കൊണ്ടാണു നിര്‍ധന കുടുംബം കഴിയുന്നത്. നാസിറിന്റെ സഹോദരന് റിയാസ് പ്ലസ് ടു പഠനം കഴിഞ്ഞെങ്കിലും സാമ്പത്തിക പ്രയാസം മൂലം പഠനം പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
ദിവസേന ഓട്ടോറിക്ഷയിലാണു നാസര്‍ സ്കൂളിലെത്തുക. ഇതിനായി മാത്രം 160 രൂപയോളം വേണ്ടി വരുന്നു. സ്കൂളിലെത്തിയാല്‍ മുട്ടുകാലിലിഴഞ്ഞാണു നാസര്‍ ക്ലാസിലെത്തുക. കുമ്പഡാജെ പഞ്ചായത്തിലെ 13 ാം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പട്ടികയില്‍പ്പെട്ട നാസറിനു മാസം 1000 രൂപ പെന്ഷന് ലഭിക്കുന്നുണ്ടെങ്കിലും അതു മരുന്നിനു പോലും തികയുന്നില്ലെന്നു നാസര്‍ പറയുന്നു. മറ്റു കുട്ടികളെ കാണുമ്പോള്‍ വേദന ഉള്ളിലോതുക്കി ചിരിക്കാന്‍ ശ്രമിക്കുന്ന നാസര്‍ എസ്.എസ്.എല്‍.സി.പഠനം പൂര്‍ത്തിയാക്കിയതും നവജീവന ഹൈസ്കൂളില്‍ നിന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."