'തോറ്റ എം.പി'യാകാന്‍ ഇനിയില്ല; ഉറച്ച സീറ്റ് പിടിക്കാന്‍ മഹിളാ കോണ്‍ഗ്രസ്
സുനി അല്‍ഹാദി#
കൊച്ചി:കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസിലെ വനിതകള്‍ക്ക് 'ലോക്‌സഭാ തെരഞ്ഞെടുപ്പില്‍നിന്ന് തോല്‍ക്കാനാണ് വിധി.' തോല്‍ക്കുമെന്ന് ഉറപ്പുള്ള സീറ്റ് മാത്രമാണ് വനിതകള്‍ക്കായി നല്‍കാറ്. ഇക്കുറി പക്ഷേ, തോല്‍ക്കാന്‍ നീക്കിവെച്ച സീറ്റില്‍ തൃപ്തിപ്പെടാനില്ലെന്ന ഉറച്ച നിലപാടിലാണ് വനിതാ നേതാക്കള്‍. സമ്മര്‍ദം മുറുകിയതോടെ, 'ഇക്കുറി കോണ്‍ഗ്രസിന് കേരളത്തില്‍ നിന്ന് വനിതാ എം.പിയുണ്ടാകും' എന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് സമ്മതിക്കേണ്ടി വന്നു. യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ അവസരം നല്‍കണമെന്ന എ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിന്റെ 'തോറ്റ ചരിത്രത്തി'ന് മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍.
1989ലും '91ലും അന്നത്തെ മുകുന്ദപുരം സീറ്റില്‍നിന്ന് സാവിത്രി ലക്ഷ്മണന്‍ മത്സരിച്ച് ജയിച്ച് ലോക്‌സഭയില്‍ എത്തിയതാണ് കോണ്‍ഗ്രസിന് കേരളത്തില്‍ നിന്നുള്ള ഏക വനിതാ പ്രാതിനിധ്യ ചരിത്രം. മുകുന്ദപുരത്തുനിന്ന് 1989ല്‍ സി.പി.എമ്മിന്റെ സി.ഒ പൗലോസിനെ 18,754 വോട്ടുകള്‍ക്കും 1991ല്‍ സി.പി.എമ്മിന്റെ തന്നെ കരുത്തനായ നേതാവ് എ.പി കുര്യനെ 12,365 വോട്ടുകള്‍ക്ക് തോല്‍പിച്ചുമാണ് സാവിത്രി ലക്ഷ്മണന്‍ ലോക്‌സഭയിലെത്തിയത്.
തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകളിലെല്ലാം പക്ഷേ, മത്സരിച്ച് തോല്‍ക്കാനായിരുന്നു കോണ്‍ഗ്രസിലെ വനിതാ നേതാക്കളുടെ വിധി. തുടര്‍ച്ചയായി തോല്‍ക്കുന്ന സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ നിന്ന് ഇടതുപാളയത്തിലേക്ക് ചേക്കേറിയ വനിതാ നേതാക്കള്‍വരെയുണ്ട്. ഏറ്റവുമൊടുവില്‍, 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അന്നത്തെ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ബിന്ദു കൃഷ്ണയെ ആറ്റിങ്ങലിലും കെ.എ ഷീബയെ ആലത്തൂര്‍ സംവരണ മണ്ഡലത്തിലും മത്സരിപ്പിച്ചെങ്കിലും ഇരുവരും പരാജയപ്പെടുകയായിരുന്നു.
തങ്ങള്‍ക്ക് ഉറച്ച സീറ്റ് നല്‍കണമെന്ന് ഒട്ടുമിക്ക ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്കും മുന്‍പായി മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ കെ.പി.സി.സി നേതൃത്വത്തോടും എ.ഐ.സി.സി നേതൃത്വത്തോടും ആവശ്യപ്പെടാറുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുന്‍പുള്ള ചര്‍ച്ചകളില്‍ ഈ ആവശ്യം പരിഗണിക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്യും. എന്നാല്‍, സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവരുമ്പോള്‍ ഏറ്റവും വിജയ സാധ്യത കുറഞ്ഞ സീറ്റാണ് വനിതകള്‍ക്കായി അനുവദിക്കുക.'കോണ്‍ഗ്രസിലെ ഗ്രൂപ്പ് വീതംവെപ്പുകള്‍, ജാതിമത പരിഗണനകള്‍ എന്നിവ കഴിഞ്ഞുവരുമ്പോള്‍
ആര്‍ക്കുംവേണ്ടാത്ത ചില സീറ്റുകളാണ് തങ്ങള്‍ക്കായി ബാക്കി വരിക' എന്നാണ് ഒരു മഹിളാ കോണ്‍ഗ്രസ് നേതാവ് സ്വകാര്യമായി സമ്മതിച്ചത്. ഇക്കുറി ആ ചിത്രം ആവര്‍ത്തിക്കില്ലെന്ന പ്രതീക്ഷയിലാണവര്‍.
ഏഴ് പതിറ്റാണ്ട്; ഏഴ് വനിതകള്‍
കൊച്ചി:സംസ്ഥാനത്തിന്റെ ഏഴുപതിറ്റാണ്ടിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏഴ് വനിതകളാണ് ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ചിട്ടുള്ളത്.1951ലെ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് സ്വതന്ത്രയായി മത്സരിച്ച ആനി മസ്‌ക്രീന്‍ അട്ടിമറി വിജയം നേടിയതാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം.
സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ടി.കെ നാരായണ പിള്ളയെ 68,117 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ചരിത്രം സൃഷ്ടിച്ച ആനി മസ്‌ക്രീന്‍ പക്ഷേ, തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ വെറും 18,741 വോട്ടുകള്‍ മാത്രം നേടി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ മറ്റൊരു ചിത്രം. ആനി മസ്‌ക്രീന്‍, സാവിത്രി ലക്ഷ്ണന്‍ എന്നിവരെ കൂടാതെ, 1967 മുതല്‍ വിവിധ തെരഞ്ഞെടുപ്പുകളില്‍ അമ്പലപ്പുഴ, ചിറയിന്‍കീഴ്, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് വിജയിച്ച സി.പി.എമ്മിലെ സുശീല ഗോപാലന്‍, അടൂര്‍ സംവരണ സീറ്റില്‍ നിന്ന് വിജയിച്ച സി.പി.ഐയിലെ ഭാര്‍ഗവി തങ്കപ്പന്‍, '98ല്‍ വടകരയില്‍നിന്ന് ജയിച്ച സി.പി.എമ്മിലെ എ.കെ പ്രേമജം, 2004ല്‍ വിജയിച്ച പി.സതീദേവി, 2004ല്‍ മാവേലിക്കരയില്‍നിന്ന് വിജയിച്ച സി.പി.എമ്മിലെ സി.എസ് സുജാത, 2014ല്‍ കണ്ണൂരില്‍ നിന്ന് വിജയിച്ച് നിലവിലെ ലോക്‌സഭയില്‍ അംഗമായ പി.കെ ശ്രീമതി ടീച്ചര്‍ എന്നിവരാണ് രാജ്യത്തെ പരമോന്നത സഭയില്‍ കേരളത്തെ പ്രതിനിധീകരിച്ച വനിതകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."