ഉംറക്കെത്തി നാട്ടിൽ പോകാൻ കഴിയാതെ കുടുങ്ങിയവർക്ക് പിഴ കൂടാതെ നാട്ടിൽ പോകാൻ സംവിധാനം
റിയാദ്: കൊവിഡ് 19 വ്യാപന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിമാന സർവ്വീസ് നിരോധനത്തെ തുടർന്ന് ഉംറ വിസയിലെത്തി തിരിച്ചു പോകാൻ കഴിയാത്തവർക്ക് പ്രത്യേക സംവിധാനവുമായി സഊദി. ഉംറ വിസ കാലാവധി കവിഞ്ഞ തീർഥാടകർക്ക് പിഴ ഒഴിവാക്കുന്നതിനായി പ്രത്യേക ഇളവ് നൽകാമെന്ന് സഊദി അറേബ്യയിലെ ജനറൽ പാസ്‌പോർട്ട് ഡയറക്ടറേറ്റ് അറിയിച്ചു. ഇതിന് പ്രത്യേക സംവിധാനം മഖാം സൈറ്റിൽ ഏർപ്പെടുത്തി. ഇതിനായി ഉംറ വിസ കാലാവധി കഴിഞ്ഞ തീർഥാടകർ മന്ത്രാലയത്തിന്റെ https://eservices.haj.gov.sa/eservices3/pages/VisaInquiry/SearchVisa.xhtml?dswid=-4274 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണമെന്നാണ് നിർദേശം. സഊദി പാസ്പോർട്ട് വിഭാഗം സഊദി ഹജ്ജ്, ഉംറ മന്ത്രാലയവുമായി സഹകരിച്ചാണ് ഇതിനുള്ള സംവിധാനം ഒരുക്കുന്നത്.
രാജ്യം, പാസ്‌പോർട്ട് നമ്പർ, സഊദിയിലേക്ക് പുറപ്പെട്ട നഗരം, മൊബൈൽ നമ്പർ എന്നിവയാണ് രേഖപ്പെടുത്തേണ്ടത്. മാർച്ച് 28 ശനിയാഴ്ചയ്ക്കകം അപേക്ഷ സമർപ്പിക്കണം.
ബന്ധപ്പെട്ട അധികൃതർ തീർഥാടകർക്ക് മടക്ക സർവീസുകൾ ഏർപ്പെടുത്തുമെന്നും പ്രസ്താവനയിൽ പറയുന്നു. തീർഥാടകർക്ക് ഇത് സംബന്ധമായ വിശദാംശങ്ങളും സമയവും രജിസ്റ്റർ ചെയ്ത ഫോൺ നമ്പറുകളിലേക്ക് അറിയിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."