സ്‌പൈക്കേഴ്‌സിന്റെ നീലവസന്തം
കിരണ്‍ പുരുഷോത്തമന്‍#
കൊച്ചി: ആര്‍ത്തിരമ്പുന്ന നീലപ്പടയുടെ ആരവങ്ങള്‍ പ്രകമ്പനംകൊള്ളിച്ച രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ കൊച്ചിയുടെ തേരോട്ടം. പ്രോ വോളിബോള്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്റേഴ്‌സിനെ രണ്ടിനെതിരേ മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്‌പൈക്കേഴ്‌സ് ജയം കണ്ടെത്തിയത്. സ്‌കോര്‍ 10-15, 15-11, 11-15, 15-12, 15-12. ഇതോടെ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ടൂര്‍ണമെന്റിലെ തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം വിജയവും കരസ്ഥമാക്കി. അവസാന സെറ്റുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ആര് വിജയികളാകുമെന്ന് പ്രവചിക്കല്‍ അസാധ്യമായിരുന്നു. മത്സരത്തിന്റെ ആദ്യ സെറ്റ് അഹമ്മദാബാദ് അനായാസം നേടിയതോടെ കൊച്ചിയുടെ ആരാധകര്‍ നിരാശരായി. എന്നാല്‍ രണ്ടാം സെറ്റുമുതല്‍ കളം നിറഞ്ഞ് കളിച്ച കൊച്ചി ആരാധകര്‍ക്ക് പ്രതീക്ഷ സമ്മാനിച്ചു. നിര്‍ണായകമായി അഞ്ചാം സെറ്റിന്റെ തുടക്കം മുതലേ പിഴവുകള്‍ ഒഴിച്ചുള്ള മുന്നേറ്റത്തിനാണ് രണ്ടു ടീമുകളും തയാറെടുത്തത്. എന്നാല്‍ ഹൈദരാബാദിന്റെ പ്രധാന പോരാളി നൊവിക്കയുടെ സ്മാഷുകള്‍ ലക്ഷ്യം സ്ഥാനം തെറ്റിച്ചതോടെ തുടക്കംത്തന്നെ പാളി. അതിവേഗം കൊച്ചിയുടെ സ്മാഷുകള്‍ ഹൈദരാബാദിനെ ഞെട്ടിച്ചു കൊണ്ടേയിരുന്നു. ആദ്യ സൂപ്പര്‍ പോയിന്റ് കൊച്ചി തന്നെ സ്വന്തമാക്കി. എന്നാല്‍ രണ്ടാം സൂപ്പര്‍ പോയിന്റ് ഹൈദരാബാദ് സ്വന്തമാക്കിയതോടെ വിജയം പ്രവചനാതീതമായി. എന്നാല്‍ അവസാന ലാപ്പില്‍ കൊച്ചിയുടെ മിന്നുന്ന പ്രകടനവും അഹമ്മാദാബ് സര്‍വില്‍ വരുത്തിയ പിഴവും കൊച്ചിയെ വിജയത്തിലേക്ക് എത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."