കേരളത്തിന് പാതിജീവന് നല്കി തെലങ്കാന
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്ക് കേരളത്തിന് പാതി പ്രതീക്ഷ നല്കി തെലങ്കാന. 73-ാമത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ ദക്ഷിണമേഖല പോരാട്ടത്തില്‍ പുതുച്ചേരി ഗോള്‍രഹിത സമനിലയില്‍ കേരളത്തെ തളച്ചപ്പോള്‍, തെലങ്കാന 2-1 ന് സര്‍വീസസിനെ കീഴടക്കി ഗ്രൂപ്പ് ബിയില്‍ ഫൈനല്‍ റൗണ്ട് പ്രതീക്ഷ വര്‍ധിപ്പിച്ചു. ഗ്രൂപ്പ് ബിയിലെ നാലു ടീമുകള്‍ക്കും ഓരോ മത്സരം ബാക്കി നില്‍ക്കെ കേരളത്തിനും തെലങ്കാനക്കും സര്‍വീസസിനും ഫൈനല്‍ റൗണ്ട് പ്രതീക്ഷ നിലനിര്‍ത്തി. രാവിലെ പുതുച്ചേരിയോട് കേരളം സമനില പിടിച്ചതോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷ അസ്തമിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷം നടന്ന പോരാട്ടത്തില്‍ തെലങ്കാന സര്‍വീസസിനെ കീഴടക്കി മൂന്ന് പോയിന്റ് നേടിയതോടെ കേരളത്തിന് പാതി ജീവന് തിരിച്ചു കിട്ടി. സര്‍വീസസ് തെലങ്കാനയെ പരാജയപ്പെടുത്തിയിരുന്നുവെങ്കില്‍ കേരളം ഇന്നലെ തന്നെ പുറത്താകുമായിരുന്നു. സര്‍വീസസിനെ കീഴടക്കിയ തെലങ്കാനക്കായി ഷോണ്‍ കാംപെല്‍ (7), ഷഫീഖ് ഇ. മുഹമ്മദ് (45) എന്നിവര്‍ ഗോള്‍ നേടി. ഹരികൃഷ്ണയാണ് (89) സര്‍വീസസിന്റെ ആശ്വാസ ഗോള്‍ നേടിയത്.
കേരളത്തിന്റെ
സാധ്യതകള്‍
തെലങ്കാന പുതുച്ചേരി പോരാട്ടമാണ് ഇനി ബി ഗ്രൂപ്പില്‍ ഫൈനല്‍ റൗണ്ടിലേക്കുള്ള വിജയികളെ നിശ്ചയിക്കുക. തെലങ്കാനയോടും പുതുച്ചേരിയോടും തുടര്‍ച്ചയായി സമനില വഴങ്ങിയതോടെ കേരളം രണ്ട് പോയിന്റില്‍ ഒതുങ്ങി. കേരളത്തെ സമനിലയില്‍ തളക്കുകയും സര്‍വീസസിനെ തോല്‍പ്പിക്കുകയും ചെയ്ത തെലങ്കാനക്ക് നാല് പോയിന്റായി. നാളെ രാവിലെ നടക്കുന്ന മത്സരത്തില്‍ പുതുച്ചേരിയെ തോല്‍പ്പിച്ചാല്‍ ഏഴു പോയിന്റുമായി തെലങ്കാന ഫൈനല്‍ റൗണ്ടിലേക്ക് കയറും. പുതുച്ചേരിക്ക് തെലങ്കാനയെ തോല്‍പ്പിക്കാനായാല്‍ സര്‍വീസസിനെ കീഴടക്കി കേരളത്തിന് അഞ്ച് പോയിന്റുമായി ഫൈനല്‍ റൗണ്ടിലേക്ക് കടക്കാം. തെലങ്കാന പുതുച്ചേരി മത്സരം സമനിലയില്‍ ആയാല്‍ കേരളത്തെ കീഴടക്കിയാല്‍ സര്‍വീസസിനും യോഗ്യത നേടാം. സമനില പിടിച്ചാല്‍ മികച്ച ഗോള്‍ വ്യത്യാസത്തില്‍ സര്‍വീസസിനെ മറികടന്ന് കേരളത്തിന് ഗ്രൂപ്പ് ചാംപ്യന്മാരാകാം. തെലങ്കാന പുതുച്ചേരിയോട് തോല്‍ക്കുകയോ സമനില പിടിക്കുകയോ ചെയ്താല്‍ കേരളത്തെ തോല്‍പ്പിച്ചു സര്‍വീസസിനും ഫൈനല്‍ റൗണ്ടില്‍ എത്താം. തെലങ്കാനയുടെ ജയപരാജയങ്ങളെ ആശ്രയിച്ചാണ് കേരളത്തിന്റെയും സര്‍വീസസിന്റെയും സാധ്യത.
ലക്ഷ്യബോധമില്ലാതെ കേരളം
അവസരങ്ങളെ ലക്ഷ്യത്തില്‍ എത്തിക്കാന്‍ ഇത്തവണയും കഴിയാതെ പോയതാണ് പുതുച്ചേരിയോടും സമനില വഴങ്ങേണ്ടി വന്ന കേരളത്തിന്റെ ഗതികേടിന് കാരണം. തെലങ്കാനയോട് കളിച്ചപ്പോള്‍ സംഭവിച്ചത് തന്നെ പുതുച്ചേരിയെ നേരിട്ടപ്പോഴും ദൃശ്യമായി. മുന്നേറ്റത്തിലും പ്രതിരോധത്തിലും അഴിച്ചു പണി നടത്തിയാണ് കളിക്കാന്‍ ഇറങ്ങിയതെങ്കിലും അതൊന്നും കേരളത്തെ തുണച്ചില്ല. രണ്ടു പകുതികളിലുമായി ഗോള്‍ വീഴ്ത്താനുള്ള ഉറച്ച അഞ്ച് അവസരങ്ങളാണ് കേരളം പാഴാക്കിയത്. അര്‍ധാവസരങ്ങള്‍ അതിലേറെയും. ഗോളി മാത്രം മുന്നില്‍ നില്‍ക്കേ സജിത് പൗലോസും എസ്. ഫ്രാന്‍സിസും രണ്ട് വീതവും പി.സി അനുരാഗ് ഒന്നും അവസരങ്ങള്‍ പാഴാക്കി.ഇതോടെയാണ് മത്സരം സമനിലയിലേക്ക് നീങ്ങിയത്. സന്തോഷ് ട്രോഫി ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തെ പുതുച്ചേരി സമനിലയില്‍ തളച്ചത്. അതവര് ആഘോഷമാക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."