കരുതലോടെ കച്ചവടം: സ്ഥാപനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
തിരുവനന്തപുരം: കൊവിഡ് 19നെ ശക്തമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എല്ലാ കടകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കും ഷോപ്പിങ് മാളുകള്‍ക്കുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു. സംസ്ഥാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് അതീവ ജാഗ്രതയിലാണ്. അത്യാവശ്യ സര്‍വിസുകളെ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്. അനാവശ്യമായി വീടിന് പുറത്തിറങ്ങാതിരുന്നാല്‍ മാത്രമേ രോഗത്തില്‍നിന്നു മുക്തി നേടാനാകുകയുള്ളൂ. എങ്കിലും ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് ബുദ്ധിമുട്ടില്ല. കൂട്ടംകൂടാതെ മതിയായ അകലം പാലിച്ച് മാത്രം കടകളില്‍ പ്രവേശിക്കുക. വില്‍ക്കുന്നവരും വാങ്ങുന്നവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. എങ്കില്‍ മാത്രമേ കൊവിഡ് 19 മറ്റുള്ളവരിലേക്ക് പടരാതിരിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."