ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷ അട്ടിമറിക്കാന്‍ നീക്കം: കെ.എസ്.ടി.യു
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന പ്രായോഗിക പരീക്ഷക്ക് അധ്യാപകരെ ഡ്യൂട്ടിക്ക് നിയമിക്കാത്തത് ആശങ്ക സൃഷ്ടിക്കുന്നതായി പരാതി. സ്കൂളിലെ മോഡല്‍ പരീക്ഷയുടെയും സി.ഇ മോണിറ്ററിങ്ങിന്റെയും തിരക്കിനിടയില്‍ പ്രാക്ടിക്കല്‍ യോഗത്തിനെത്തിയപ്പോഴാണ് അധ്യാപകര്‍ അവര്‍ക്കു പോകേണ്ട സ്കൂളുകളുടെ ലിസ്റ്റ് ലഭ്യമല്ല എന്നറിയുന്നത്. ഒടുവില്‍ ജില്ലാ ചീഫുമാര്‍ തന്നെ അധ്യാപകരുടെ ഡ്യൂട്ടിക്ക് നിയമിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കെ.എച്ച്.എസ്.ടി.യു ജില്ലാ കമ്മിറ്റി ആരോപിച്ചു.
കഴിഞ്ഞ കാലങ്ങളില്‍ വളരെ സുതാര്യമായി നടന്നുകൊണ്ടിരുന്ന പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷാ ഡ്യൂട്ടിക്ക് സമയബന്ധിതമായി ആളെ നിയമിക്കാതെ പ്രഹസനമാക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കെ.എച്ച്.എസ്.ടി.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രൊഫഷനല്‍ കോഴ്സുകളിലെ പ്രവേശനത്തിനു വരെ മാനദണ്ഡമാകുന്ന പരീക്ഷയെ പ്രഹസനമാക്കുന്നതിലൂടെ പൊതുവിദ്യാഭ്യാസം ആര്‍ജിച്ചെടുത്ത അക്കാദമിക് നിലവാരത്തെ തകര്‍ക്കുകയാണു സര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനെതിരേ പൊതുസമൂഹത്തിന്റെ പിന്തുണയോടെ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു. നിസാര്‍ ചേലേരി അധ്യക്ഷനായി. കെ.ടി അബ്ദുല്‍ ലത്തീഫ് ഉദ്ഘാടനം ചെയ്തു. വി.കെ അബ്ദുറഹിമാന്, അസീസ് നരിക്കലക്കണ്ടി, ഷമീം അഹമ്മദ്, സജി ജോസഫ്, ഷമീര്‍ പുതുപ്പാടി, വി. അസീസ്, ജാബിര്‍ കൊടുവള്ളി, കെ.വി ബഷീര്‍, കെ. മുഹമ്മദ് ഫൈസല്‍, ഇസ്മയില്‍ മൊട്ടെമ്മല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."