കൊവിഡ് 19: സഊദിയില്‍ നിയമം ലംഘിച്ച സ്വദേശി യുവാക്കളെയും വിദേശിയെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു
ജിദ്ദ: കൊവിഡ് 19 നെ ചെറുക്കുന്നതിന്റെ ഭാഗമായി സഊദിയിൽ നിശാനിയമം ലംഘിച്ച് ചുറ്റിക്കറങ്ങിയ സ്വദേശി യുവാക്കളെയും വിദേശിയെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. വിവിധ സ്ഥലങ്ങളില്‍ സഊദി യുവാക്കളും സിറിയക്കാരനും വിലക്ക് ലംഘിച്ച് പുറത്തിറങ്ങുകയും ഇതില്‍ മേനിനടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ഊര്‍ജിത അന്വേഷണം നടത്തിയാണ് നിയമ ലംഘകരെ സുരക്ഷാ വകുപ്പുകള്‍ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണ്.
വിലക്ക് ലംഘിച്ച് ചുറ്റിക്കറങ്ങുകയും ഇതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടിരുന്നു. ഫാമിലി വിസിറ്റ് വിസയില്‍ സഊദിയിലെത്തിയ സിറിയന്‍ യുവാവാണ് റിയാദിലെ റോഡുകളിലൂടെ കര്‍ഫ്യൂ ലംഘിച്ച് ചുറ്റിക്കറങ്ങുകയും നിരോധനാജ്ഞ നടപ്പാക്കുന്നതിന് നിലയുറപ്പിച്ച സുരക്ഷാ സൈനികരെ പരിഹസിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്ത് അറസ്റ്റിലായത്.
നിരോധനാജ്ഞ പാലിക്കാതിരിക്കുകയും കര്‍ഫ്യൂ നിലവിലുള്ള സമയത്ത് പുറത്തിറങ്ങി വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ സൈബര്‍ ക്രൈം നിയമം അനുസരിച്ച ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ലെഫ്. കേണല്‍ ത്വലാല്‍ അല്‍ശല്‍ഹോബ് പറഞ്ഞു.
സാമൂഹികമാധ്യമങ്ങളിലൂടെ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവരെ സുരക്ഷാ വകുപ്പുകള്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നേരിടും. സഊദി പൗരന്മാരും വിദേശികളും കിംവദന്തികള്‍ ചെറുക്കണം. കിംവദന്തികള്‍ ആരും പ്രചരിപ്പിക്കുകയോ പങ്കുവെക്കുകയോ ചെയ്യരുതെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
അതിനിടെ, കൊവിഡ് 19 വൈറസ് ബാധ വ്യാപനം തടയുന്നതിനു സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച കര്‍ഫ്യൂവിനു മികച്ച പ്രതികരണമാണു ജനങ്ങളില്‍ നിന്നു അനുഭവപ്പെട്ടതെന്ന് പൊതു സുരക്ഷാ മേധാവിയും പോലിസ് ഡയറക്ടര്‍ ജനറലുമയ ജനറല്‍ ഖാലിദ് ബിന്‍ ഖറാര്‍ അല്‍ഹര്ബി അറിയിച്ചു. വൈറസ് വ്യാപനം തടയാനായി പുറപ്പെടുവിച്ച ഉത്തരവ് പാലിക്കുന്നതില്‍ സ്വദേശികളും വിദേശികളും വലിയ തോതില്‍ പരിഗണിക്കുകയും അനുസരിക്കുകയും ചെയ്യുന്നതായാണ് കര്‍ഫ്യൂ ദിവസം അനുഭവപ്പെട്ടത്. വളരെ കുറഞ്ഞ നിയമ ലംഘനങ്ങള്‍ മാത്രമാണ് റിപോര്‍ട്ട് ചെയ്തത്. നിയമലംഘികര്‍ക്ക് 10000 റിയാല്‍ ചുമത്തുമെന്ന് അറിയിച്ചിരുന്നു. ആവര്‍ത്തിച്ചാല്‍ 20000 റയാല്‍ വരെ പിഴയും ജയില്‍ ശിക്ഷയുമുണ്ടായിരിക്കും. വൈകീട്ട് ഏഴുമുതല്‍ രാവിലെ 6 വരെ യാണ് സഊദിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. അവശ്യ സര്‍വീസുകളെ നിശാ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേ സമയം ജി.സി.സിയിലെ ആറ് രാജ്യങ്ങളില്‍ 2100 പേര്‍ക്കാണ് കൊറോണ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. കടുതലും സഊദിയിലും ഖത്തറിലുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."